
ബംഗളുരു: 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കർണാടകത്തിൽ പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ്സ് പ്രഖ്യാപിച്ച പഞ്ചസൗജന്യ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഗൃഹലക്ഷ്മിയും ഗൃഹജ്യോതിയും. തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയായിരുന്നു സംസ്ഥാനം ഭരിച്ചിരുന്നത്. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ കോൺഗ്രസിനെ സഹായിച്ചത് ജനങ്ങൾ പ്രതീക്ഷയോടെ ഏറ്റെടുത്ത സൗജന്യപദ്ധതികളാണ്. ഒരു മാസം ഇരുനൂറു യുണിറ്റുവരെ ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് വൈദ്യുതി സൗജന്യമാക്കിയതാണ് ഗൃഹജ്യോതി. ഗൃഹനായികമാർക്ക് മാസന്തോറും രണ്ടായിരം രൂപ പോക്കറ്റ് മണി നൽകുന്നതാണ് ഗൃഹലക്ഷ്മി. രാഹുൽ ഗാന്ധിയും പ്രിയങ്കയും ചേർന്നാണ് ഈ സൗജന്യങ്ങൾ പ്രഖ്യാപിച്ചത്. 2023 മേയിൽ അധികാരത്തിൽ വന്ന സിദ്ധരാമയ്യ ഗവണ്മെന്റ് ആ വർഷം ആഗസ്റ്റിലാണ് രണ്ടു സൗജന്യപദ്ധതികളും പ്രാബല്യത്തിൽ കൊണ്ടുവന്നത്.മരിച്ചവർ, ആദായനികുതി നൽകുന്നവർ, വ്യാജരേഖകൾ ഉപയോഗിച്ചവർ തുടങ്ങിയവരൊക്കെ ഗുണഭോക്താക്കളുടെ പട്ടികയിൽ കടന്നുകൂടിയതിനാൽ അത്തരക്കാരെ ഒഴിവാക്കുന്നതിനായി കുറെ മാസങ്ങൾ സൗജന്യ വിതരണം തടസ്സപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ മേയ് ഇരുപത്തെട്ടിനാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. അതുവരെ ഗൃഹലക്ഷ്‌മി വാഗ്ദാനം നിറവേറ്റുന്നതിനായി 47773 കോടിയും ഗൃഹജ്യോതിയ്ക്കായി 18910 കോടിയും ഗവണ്മെന്റ് ചെലവിട്ടിട്ടുണ്ട്. സൗജന്യപദ്ധതികൾ കോൺഗ്രസ്സിന്റെ അഭിമാനമാണെന്നും യാതൊരു മുടക്കവും കൂടാതെ അവ തുടരുമെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രഖ്യാപിച്ചു. ഗൃഹലക്ഷ്മി, ഗൃഹജ്യോതി സൗജന്യങ്ങൾ നിർത്തലാക്കുമെന്നത് പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണമാണെന്നും അതാരും വിശ്വസിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. സൗജന്യ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പട്ടിക ശുദ്ധീകരിക്കുമ്പോൾ അർഹതപ്പെട്ടവർക്കും ഈ ആനുകൂല്യങ്ങൾ കിട്ടാതാകുന്നുണ്ട്. അവർ വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Photo Courtesy - Google










