
കർണാടക : ബെളഗാവിയിൽ കോൺഗ്രസ്സിന്റെ പൊതുയോഗം നടക്കുകയായിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പുറമെ മന്ത്രിമാരും എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജെ ബാലെയും വേദിയിലുണ്ട്. ബെളഗാവി സ്വദേശിനിയായ ശിശു ക്ഷേമ- കുടുംബ സുരക്ഷ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറുടെ മേൽനോട്ടത്തിലായിരുന്നു യോഗം. സിദ്ധരാമയ്യ പ്രസംഗിച്ചു കൊണ്ടിരിക്കെ സദസ്സിൽ നിന്ന് ഏതാനും പേർ പ്രതിഷേധ മുദ്രാവാക്യവുമായി എഴുന്നേറ്റു. ബിജെപി പ്രവർത്തകരും അനുഭാവികളുമാണ് പ്രതിഷേധിച്ചത് . പോലീസിന് പ്രതിഷേധക്കാരെ നിയന്ത്രിക്കാനായില്ല. പരിപാടി അലങ്കോലപ്പെട്ടു. സിദ്ധരാമയ്യയ്ക്ക് പ്രസംഗിക്കാനായില്ല. വേദിയുടെ മുന്നിലുണ്ടായിരുന്ന എസിപിയെ അദ്ദേഹം അടുത്തേക്ക് വിളിച്ച് ആരാണ് എസ് പി, ആരാണ് ഇവരെയൊക്കെ കയറ്റിവിട്ടത് എന്നൊക്കെ രോഷത്തോടെ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി പോലീസ് ഓഫീസറെ അടിക്കാൻ കയ്യോങ്ങുന്നതാണ് കണ്ടത്. വേദിയിലുണ്ടായിരുന്നവർ സമാധാനിപ്പിച്ചപ്പോഴാണ് സിദ്ധരാമയ്യ ശാന്തനായത്. ബിജെപി രാജ്യത്തൊട്ടാകെ കുഴപ്പം സൃഷ്ടിക്കുകയാണെന്നും അവരുടെ ഭീഷണിയ്ക്ക് വഴങ്ങില്ലെന്നും സിദ്ധരാമയ്യ പിന്നീട് വ്യക്തമാക്കി.











