01:33am 06 June 2026
NEWS
ഡി കെ ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിലേ ഭിന്നത; മന്ത്രി രാമലിംഗ റെഡ്ഡി രാജിവച്ചു
05/06/2026  10:41 AM IST
NILA
ഡി കെ ശിവകുമാർ മന്ത്രിസഭയിൽ തുടക്കത്തിലേ ഭിന്നത; മന്ത്രി രാമലിംഗ റെഡ്ഡി രാജിവച്ചു

ബെംഗളൂരു: അധികാരമേറ്റതിന് പിന്നാലെ കർണാടകയിലെ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ ആദ്യ വലിയ പ്രതിസന്ധി. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. താൻ ആവശ്യപ്പെട്ട വകുപ്പ് ലഭിക്കാത്തതിലുള്ള പ്രതിഷേധമായാണ് രാജി.

മന്ത്രിസഭാ വകുപ്പുവിഭജനത്തിൽ രാമലിംഗ റെഡ്ഡിക്ക് ജലസേചന വകുപ്പ് നൽകിയിരുന്നു. എന്നാൽ ബെംഗളൂരു നഗര വികസന വകുപ്പാണ് തനിക്ക് വേണ്ടതെന്ന് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിരുന്നു. ഈ ആവശ്യം അംഗീകരിക്കപ്പെടാതിരുന്നതോടെയാണ് രാജിയിലേക്ക് നീങ്ങിയതെന്നാണ് വിവരം.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഡി.കെ. ശിവകുമാർ നേരിട്ട് വീട്ടിലെത്തി ബെംഗളൂരു നഗര വികസന വകുപ്പ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നുവെന്ന് റെഡ്ഡി ആരോപിച്ചു. ആ വാഗ്ദാനം പാലിക്കാത്തത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഒരു വകുപ്പും ആവശ്യപ്പെട്ടിരുന്നില്ല. ഡി.കെ. ശിവകുമാർ തന്നെയാണ് നഗര വികസന വകുപ്പ് നൽകാമെന്ന് പറഞ്ഞത്. അതിനാണ് ഞാൻ സമ്മതിച്ചത്. പിന്നീട് തീരുമാനം മാറ്റിയത് വിശ്വാസവഞ്ചനയാണ്,” റെഡ്ഡി പറഞ്ഞു.

ഇനി ബെംഗളൂരു നഗര വികസന വകുപ്പ് നൽകിയാലും സ്വീകരിക്കില്ലെന്നും നിലവിലെ മന്ത്രിസഭയിൽ അംഗമാകാൻ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോൺഗ്രസ് പ്രവർത്തകനായും എംഎൽഎയായും തുടർന്നും പ്രവർത്തിക്കുമെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരു നഗര വികസന വകുപ്പ് നിലവിൽ കൃഷ്ണ ബൈര ഗൗഡയ്ക്കാണ് നൽകിയിരിക്കുന്നത്. വകുപ്പുവിഭജനം സംബന്ധിച്ച് വ്യാഴാഴ്ച നടന്ന യോഗത്തിനിടെ രാമലിംഗ റെഡ്ഡി അസംതൃപ്തി പ്രകടിപ്പിച്ച് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു.

ബുധനാഴ്ചയാണ് ഡി.കെ. ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അതിന് പിന്നാലെ പ്രഖ്യാപിച്ച വകുപ്പുവിഭജനമാണ് ഇപ്പോൾ സർക്കാരിനുള്ളിൽ ആദ്യ ഭിന്നതയ്ക്ക് വഴിവെച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img