
ബംഗളുരു: ആകെയുള്ള എം എൽ എമാരുടെ എണ്ണമനുസരിച്ച് കർണാടകത്തിൽ 34 മന്ത്രിമാരാകാം. എന്നാൽ ഈ മാസം മൂന്നിന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഉൾപ്പെടെ പതിനാല് മന്ത്രിമാരെ സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളൂ. ഇനിയും ഇരുപത് മന്ത്രിമാരാകാം. 18ന് രാജ്യസഭ, നിയമനിർമ്മാണ കൗൺസിൽ തെരഞ്ഞെടുപ്പുകൾക്ക് ശേഷം ഉടനെ മന്ത്രിസഭാവികസനം ഉണ്ടാകുമെന്നാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. പക്ഷെ ഈ മാസം അവസാനിക്കാറായിട്ടും മന്ത്രിസഭാ വികസനത്തിന്റെ സൂചനകളൊന്നും കാണുന്നില്ല. ഭരണയന്ത്രം ഒരർത്ഥത്തിൽ സ്തംഭിച്ചു കിടക്കുകയാണെന്ന് പറയാം. 136 എം എൽ എമാരും 37 എം എൽ സി മാരുമാണ് കോൺഗ്രസ്സിനുള്ളത്. അതിൽ മുഖ്യമന്ത്രി ഉൾപ്പെടെ 13 എം എൽ എമാരും ഒരു എം എൽ സി യും( യതീന്ദ്ര സിദ്ധരാമയ്യ) മാത്രമേ ആദ്യഘട്ടത്തിൽ മന്ത്രിസഭയിൽ എത്തിയിട്ടുള്ളൂ. അറുപതിലേറെ എം എൽ എമാരും ഒരു ഡസനോളം എം എൽ സിമാരും മന്ത്രിമാരാകാൻ പരിശ്രമിക്കുകയാണ്. പ്രമുഖ സമുദായങ്ങൾ മാത്രമല്ല വളരെ സ്വാധീനം കുറഞ്ഞ ചെറുസമുദായങ്ങളും തങ്ങളുടെ പ്രതിനിധികളെ മന്ത്രിയാക്കണമെന്ന നിവേദനവുമായി മുഖ്യമന്ത്രിയെ സമീപിക്കുന്നുണ്ട്. പ്രബല സമുദായങ്ങൾ നേതാക്കളുടെ നീണ്ട പട്ടികയാണ് നൽകിയിട്ടുള്ളത്. ജാതിമതാടിസ്ഥാനത്തിലും പ്രാദേശിക പ്രതിനിധ്യം ചൂണ്ടിക്കാട്ടിയും നിരവധി നേതാക്കൾ മന്ത്രിസഭയിലെത്താൻ കരുനീക്കുന്നുണ്ട്. സിദ്ധരാമയ്യ ഗവണ്മെന്റ് ഭരണത്തിലിരിക്കെ സ്പീക്കറായിരുന്ന യു ടി ഖാദർ മാത്രമേ മുസ്ലിം സമുദായത്തിന്റെ പ്രതിനിധിയായി മന്ത്രിസഭയിലുള്ളൂ. അദ്ദേഹത്തിന് ആരോഗ്യവകുപ്പാണ് ലഭിച്ചത്. അർഹതയുള്ള ആറു മുസ്ലിം നേതാക്കൾ മന്ത്രിക്കുപ്പായവും തയ്ച്ചുകാത്തിരിപ്പുണ്ട്. വിവാദത്തിൽ പെട്ട പ്രമുഖ മുസ്ലിംനേതാവ് സമീർ അഹമ്മദ് ഖാൻ മന്ത്രിസ്ഥാനത്തിനായി സകല അടവും പയറ്റുന്നുണ്ട്. ബി കെ ഹരിപ്രസാദ് പിസിസി അധ്യക്ഷനായി ചുമതലയേൽക്കുന്ന ദിവസം അദ്ദേഹത്തോടൊപ്പം തന്റെയും ഫുൾസൈസ് ഫോട്ടോ വെച്ച് സമീർ അഹമ്മദ് ഖാൻ പ്രധാന പത്രങ്ങളിൽ ജാക്കറ്റ് പരസ്യം നൽകിയിരുന്നു. ഡി കെയുമായി വ്യക്തിപരമായി അടുപ്പമുള്ള പത്തോളം പുതുമുഖ എം എൽ എമാർ തങ്ങൾക്ക് മന്ത്രിസ്ഥാനം കിട്ടിയേ മതിയാവൂ എന്ന വാശിയിലാണ്. അതിൽ മൂന്നുപേരെയെങ്കിലും മന്ത്രിസഭയിൽ എടുക്കാതിരിക്കാൻ ഡി കെയ്‌ക്ക് കഴിയില്ല. എന്നാൽ
ഒരുതരത്തിലുള്ള ലോബിയിങ്ങും പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കമാണ്ട് ഡി കെയ്‌ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡി കെ കടുത്ത സമ്മർദ്ദത്തിലാണ്. രാഹുൽഗാന്ധി അദ്ദേഹത്തിന് ഇതുവരെ കൂടിക്കാഴ്ചയ്‌ക്ക് സമയം നൽകിയിട്ടില്ല. ഹൈക്കമാണ്ട് നൽകുന്ന മന്ത്രിമാരുടെ പട്ടിക അംഗീകരിക്കാനെ തനിക്ക് സാധിക്കൂ എന്ന് ഡി കെ തുറന്ന് സമ്മതിട്ടുണ്ട്. ഹരിപ്രസാദ് പിസിസി അധ്യക്ഷപദവി ഏറ്റെടുക്കുന്ന സമ്മേളനത്തിൽ ഡി കെയ്‌ക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവരെ എ ഐ സിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പരസ്യമായി ശാസിച്ചതും മുഖ്യമന്ത്രിയുടെ പ്രതിഛായയ്‌ക്ക് കളങ്കമുണ്ടാക്കിയിട്ടുണ്ട്. മന്ത്രിസഭാവികസനത്തിൽ ഹൈക്കമാണ്ട് പിടിമുറുക്കുകയാണ്.
Photo Courtesy - Google











