11:58am 12 August 2026
NEWS
കാവേരി ജലം: തമിഴ്‌നാടിന് 12,000 ക്യുസെക്സ് വിട്ടുനൽകാൻ വീണ്ടും ഉത്തരവ്; കർണാടക ബന്ദ് കടുക്കും
12/08/2026  06:17 AM IST
nila
കാവേരി ജലം: തമിഴ്‌നാടിന് 12,000 ക്യുസെക്സ് വിട്ടുനൽകാൻ വീണ്ടും ഉത്തരവ്; കർണാടക ബന്ദ് കടുക്കും

ബെംഗളൂരു: കാവേരി നദിയിൽനിന്ന് തമിഴ്‌നാടിന് കൂടുതൽ ജലം വിട്ടുനൽകാൻ കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.) വീണ്ടും ഉത്തരവിട്ടതോടെ കർണാടകത്തിലെ പ്രതിഷേധം ശക്തമാകുന്നു. വ്യാഴാഴ്ച കന്നഡ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്ന കർണാടക ബന്ദ് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബുധനാഴ്ച മുതൽ തുടർച്ചയായി 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യുസെക്സ് കാവേരി ജലം തമിഴ്‌നാടിന് വിട്ടുനൽകാനാണ് ചൊവ്വാഴ്ച സി.ഡബ്ല്യു.ആർ.സി. നിർദേശിച്ചത്. നേരത്തെ ഓഗസ്റ്റ് 28ന് പ്രതിദിനം 3,500 ക്യുസെക്സ് ജലം വിട്ടുനൽകാൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കർണാടകത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

തുടർന്നാണ് കന്നഡ സംഘടനകൾ ബെംഗളൂരുവിൽ സംയുക്ത യോഗം ചേർന്ന് സംസ്ഥാനവ്യാപക ബന്ദിന് ആഹ്വാനം ചെയ്തത്. കന്നഡ സംഘടനാ നേതാവും മുൻ എം.എൽ.എയുമായ വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിലായിരുന്നു ബന്ദ് പ്രഖ്യാപനം.

അതേസമയം, കർണാടകത്തിൽ കാലവർഷം ശക്തമാവുകയും വിവിധ നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്തതോടെ തമിഴ്‌നാടിന് ജലം വിട്ടുനൽകുന്നതിൽ കാര്യമായ പ്രതിസന്ധിയുണ്ടായില്ല. ഇതോടെ ചില സംഘടനകൾ ബന്ദിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. എന്നാൽ ബന്ദുമായി മുന്നോട്ടുപോകുമെന്ന് വാട്ടാൾ നാഗരാജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് തമിഴ്‌നാടിന് കൂടുതൽ കാവേരി ജലം വിട്ടുനൽകാനുള്ള പുതിയ ഉത്തരവ് എത്തിയത്. ഇതോടെ പ്രതിഷേധം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് ഉയരുന്നത്. ബന്ദുമായി മുന്നോട്ടുപോകുന്നതു സംബന്ധിച്ച് കന്നഡ സംഘടനകളുടെ യോഗം ബുധനാഴ്ച രാവിലെ ചേരും.

സ്കൂൾ അവധി പിൻവലിച്ചു

കർണാടക ബന്ദിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച സ്കൂളുകൾക്ക് പ്രഖ്യാപിച്ചിരുന്ന അവധി കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് സ്കൂൾസ് (കെ.എ.എം.എസ്.) പിൻവലിച്ചു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് തീരുമാനമെന്ന് സംഘടന വ്യക്തമാക്കി.

അതേസമയം, കാവേരി ജല തർക്കത്തിൽ കർണാടകത്തിന്റെ താത്പര്യങ്ങൾക്ക് ധാർമികവും സമാധാനപരവുമായ പിന്തുണ തുടരുമെന്നും കെ.എ.എം.എസ്. അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img