
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യ ബി എം പാർവ്വതിയും പ്രതികളായ, ഏറെ പ്രമാദമായ മുഡക്കേസിൽ നാൽപ്പത്തഞ്ചുകോടി വിലമതിക്കുന്ന 34 പ്ലോട്ടുകൾ കൂടി ഇഡി കണ്ടുകെട്ടി. ഇതോടെ 252 പ്ലോട്ടുകളും പണവും കെട്ടിടവും ഉൾപ്പെടെ 440 കോടിയുടെ വസ്തുവകകളാണ് ഇതുവരെ ഇഡി കണ്ടുകെട്ടിയത്. ഹൈക്കോടതി നിർദ്ദേശപ്രകാരം സംസ്ഥാന ലോകായുക്തയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് ഈ കേസ് അന്വേഷണം ആരംഭിച്ചത്. ഇഡിയും പിറകെ വന്നു. ലോകായുക്തയും റിട്ടയേർഡ് ജസ്റ്റിസ് പി എൻ ദേശായ് തലവനായ ജൂഡിഷ്യൽ കമ്മീഷനും സിദ്ധരാമയ്യയെയും കുടുംബത്തെയും കുറ്റവിമുക്തരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചിരുന്നു. എന്നാൽ ഇഡി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം അറസ്റ്റിലായ മുൻ മുഡ കമ്മീഷണർ ജി ടി ദിനേഷ് കുമാർ ജയിലിലാണ്. നഗര വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോൾ വികസിത മേഖലയിൽ അനുപാതികമായി പ്ലോട്ടുകൾ നൽകണമെന്ന് മുഡ നിയമത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ആ വ്യവസ്ഥയുടെ മറവിൽ വൻ തട്ടിപ്പും തീവെട്ടിക്കൊള്ളയുമാണ് നടന്നതെന്നാണ് ഇഡി കണ്ടെത്തിയിട്ടുള്ളത്. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും റിയൽ എസ്റ്റേറ്റ് മാഫിയയുമായി ഒത്തുകളിച്ച് എഴുനൂറോളം കോടിയുടെ പ്ലോട്ടുകൾ അടിച്ചുമാറ്റിയതിന്റെ തെളിവുകൾ ഇഡി ശേഖരിച്ചിട്ടുണ്ട്. കണ്ടുകെട്ടലും അറസ്റ്റും ഇനിയുമുണ്ടാകും. ഈ മാഫിയ മുഖ്യമന്ത്രിയുടെ ഭാര്യയ്ക്കും പതിനാല് പ്ലോട്ടുകൾ അനധികൃതമായി അനുവദിച്ചിരുന്നു. വിവാദമായപ്പോൾ അവർ ആ പ്ലോട്ടുകൾ മുഡയ്‌ക്ക് തിരിച്ചുനൽകി കേസ്സിൽ നിന്ന് തലയൂരുകയായിരുന്നു.
Photo Courtesy - Google











