08:08pm 23 October 2026
NEWS
ആസാമിൽ കോൺഗ്രസ്സിനും ബിജെപിയ്ക്കും തെരഞ്ഞെടുപ്പ് നിരീക്ഷകരായി കർണാടകത്തിലെ തീപ്പൊരി നേതാക്കൾ.
18/03/2026  12:03 PM IST
വിഷ്ണുമംഗലം കുമാർ
ആസാമിൽ കോൺഗ്രസ്സിനും ബിജെപിയ്ക്കും തെരഞ്ഞെടുപ്പ് നിരീക്ഷകരായി കർണാടകത്തിലെ തീപ്പൊരി നേതാക്കൾ

കേരളത്തോടൊപ്പം ഏപ്രിൽ ഒമ്പതിനാണ് ആസാമിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. 126 അംഗ ആസാം നിയമസഭയിൽ ബിജെപി നയിക്കുന്ന എൻഡിഎയാണ് അധികാരത്തിലുള്ളത്. കോൺഗ്രസ്സിൽ നിന്നും ബിജെപിയിലെത്തിയ ഹിമന്ത് ബിശ്വ ശർമ്മയാണ് മുഖ്യമന്ത്രി. തീവ്ര ഹിന്ദുത്വ നിലപാടുള്ള ഇദ്ദേഹത്തെ 2021 ലാണ് ബിജെപി മുഖ്യമന്ത്രിയാക്കിയത്. എൻഡിഎയിൽ ബിജെപിയ്ക്ക് 67 എം എൽ എമാരുണ്ട്. ആസാം ഗണ പരിഷത്ത്(9),ബോഡോ ലാൻഡ് പീപ്പിൾസ് ഫ്രണ്ട് (3) എന്നിവയാണ് എൻഡിഎയിലെ മറ്റു പ്രധാന കക്ഷികൾ. എൻ ഡി എയുടെ ആകെ സീറ്റുകൾ 79.പ്രതിപക്ഷത്ത്‌ രണ്ടു മുന്നണികളുണ്ട്. ആൾ ആസാം സ്റ്റുഡന്റ്സ് യൂണിയൻ മൂവ്മെന്റിന് (അസോം) പ്രാമുഖ്യമുള്ള മുന്നണിയിലാണ് കോൺഗ്രസ്സ്. അസോമിന് 25ഉം കോൺഗ്രസിന് 22ഉം സീറ്റുകളാണ് ഉള്ളത്. ഒരു സീറ്റുള്ള സിപിഎം ഈ മുന്നണിയിലാണ്. ആൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് നയിക്കുന്ന രണ്ടാം പ്രതിപക്ഷ മുന്നണിയ്ക്ക് ആകെ 22 എം എൽ എമാരാണുള്ളത്. ഗൗരവ് ഗോഗോയ് ആണ് കോൺഗ്രസ്സിന് നേതൃത്വം നൽകുന്നത്. 2015 വരെ കോൺഗ്രസാണ് ആസാം ഭരിച്ചിരുന്നത്. 2016 ലാണ് ബിജെപി അധികാരം പിടിച്ചത്. ആസാം ഗണ പരിഷത്ത് നേതാവ് സർബാനന്ദ സോനോവാൾ ബിജെപിയിൽ ചേർന്നതോടെയാണ് ആസാം മാറിയത്. അദ്ദേഹമായിരുന്നു ആദ്യതവണ ബിജെപി മുഖ്യമന്ത്രി. ഇപ്പോൾ അദ്ദേഹം കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ്. ഉപമുഖ്യമന്ത്രിപദവിയും പിസിസി അധ്യക്ഷസ്ഥാനവും ഒന്നിച്ചു വഹിച്ച് കർണാടകത്തിൽ നിറഞ്ഞുനിൽക്കുന്ന നേതാവാണ് ഡി കെ ശിവകുമാർ. കർണാടകയ്ക്ക് ശേഷം തെലങ്കാനയിലും കോൺഗ്രസ്സ് ഭരണം കൊണ്ടുവരുന്നതിൽ മുഖ്യപങ്ക് വഹിച്ച, ദേശീയ പ്രതിഛായയുള്ള കോൺഗ്രസ്സ് നേതാവാണ് ശിവകുമാർ. മികച്ച സംഘാടകനായ ശിവകുമാറിനെയാണ് ആസാം പിടിക്കാൻ മുഖ്യ നിരീക്ഷകനായി കോൺഗ്രസ്സ് ഹൈക്കമാണ്ട് നിയോഗിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് വളരെ മുമ്പുതന്നെ ശിവകുമാർ അസാമിൽ പ്രവർത്തനം തുടങ്ങിയിരുന്നു. കർണാടകത്തിൽ മുഖ്യമന്ത്രിയാകാനുള്ള പടയൊരുക്കം നടത്തുന്നതിനിടയിലാണ് ശിവകുമാർ ആസാമിലേക്ക് നിയോഗിക്കപ്പെട്ടത്. ആസാമിലെ കോൺഗ്രസ്സിന് ശിവകുമാർ ശക്തിപകരുമെന്ന് തിരിച്ചറിഞ്ഞ ബിജെപി നേതൃത്വം അതിനെ പ്രതിരോധിക്കാനായി കർണാടകത്തിൽ നിന്നുള്ള യുവനേതാവായ തേജസ്വി സൂര്യയെ ആസാമിൽ നിരീക്ഷകനായി നിയോഗിച്ചിരിക്കുകയാണ്. ബംഗളുരു സൗത്തിൽ നിന്നുള്ള എംപിയായ തേജസ്വി സൂര്യ കർണാടകത്തിൽ ഡി കെ ശിവകുമാറുമായി നിരന്തരം രാഷ്ട്രീയമായി ഏറ്റുമുട്ടുന്ന തീപ്പൊരി നേതാവാണ്. ഈ നേതാക്കൾ തമ്മിലുള്ള ബല പരീക്ഷണമാണ് ആസാമിലും നടക്കുന്നത്. തീവ്ര ഹിന്ദുത്വ നിലപാടുള്ള മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയ്‌ക്ക് ആവേശം പകരാൻ അതേ നിലപാടുള്ള തേജസ്വി സൂര്യയ്ക്ക് കഴിയും. ഗൗരവ് ഗോഗോയ്‌ക്ക് കരുത്ത്‌ പകർന്ന് ആസാമിലെ കോൺഗ്രസിനെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഡി കെ ശിവകുമാറും പരിശ്രമിച്ചുവരുന്നു.എന്നാൽ മുതിർന്ന നേതാവും നൗഗാവ് എം പിയുമായ പ്രദ്യുത് ബർദലോയ് ചില തർക്കങ്ങളുടെ പേരിൽ ബിജെപിയിൽ ചേർന്നേക്കുമെന്ന വാർത്ത കോൺഗ്രസിന്റെ പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img