10:43am 13 November 2026
NEWS
ദീപാവലി ആഘോഷിക്കാൻ ധരിച്ചത് ഖുർആൻ വചനമുള്ള 200 വർഷം പഴക്കമുള്ള മരതക പതക്കം; കരീന കപൂറിന് കോൺ​ഗ്രസ് നേതാവ് വക വക്കീൽ നോട്ടീസ്
12/11/2026  04:29 PM IST
nila
ദീപാവലി ആഘോഷിക്കാൻ ധരിച്ചത് ഖുർആൻ വചനമുള്ള 200 വർഷം പഴക്കമുള്ള മരതക പതക്കം; കരീന കപൂറിന് കോൺ​ഗ്രസ് നേതാവ് വക വക്കീൽ നോട്ടീസ്

ദീപാവലി ആഘോഷത്തിനിടെ ധരിച്ച പൈതൃക ആഭരണത്തെച്ചൊല്ലി ബോളിവുഡ് താരം കരീന കപൂർ ഖാൻ വിവാദത്തിൽ. വിശുദ്ധ ഖുർആനിലെ ആയത്തുൽ കുർസി ആലേഖനം ചെയ്ത 200 വർഷം പഴക്കമുള്ള മരതക പതക്കം ധരിച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെയാണ് താരത്തിനും സ്റ്റൈലിസ്റ്റ് റിയ കപൂറിനുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് ലഭിച്ചത്. കോൺഗ്രസ് നേതാവും ദേശീയ മാധ്യമ കോഓർഡിനേറ്ററുമായ അബ്ബാസ് ഹഫീസാണ് വ്യക്തിപരമായ നിലയിൽ ഇരുവർക്കും നോട്ടീസ് അയച്ചത്.

ദീപാവലി ആഘോഷത്തിനായി ഡിസൈനർ പുനീത് ബാലാന ഒരുക്കിയ ബീജ് നിറത്തിലുള്ള കഫ്താനും അതിനൊത്ത തലപ്പാവുമായിരുന്നു കരീനയുടെ വേഷം. ഇതിനൊപ്പം ധരിച്ച 30 കാരറ്റ് മരതക പതക്കമാണ് വിവാദത്തിന് കാരണമായത്. വിശുദ്ധ ഖുർആനിലെ സൂറത്തുൽ ബഖറയിലെ 255-ാം വചനമായ ആയത്തുൽ കുർസി ഈ ആഭരണത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ആഭരണത്തിന്റെ ചരിത്രവും പാരമ്പര്യവും കരീനയുടെ സ്റ്റൈലിസ്റ്റ് റിയ കപൂർ ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ പങ്കുവെച്ചിരുന്നു. ഭോപ്പാലിലെ പഴയ രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ആഭരണത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നാണ് റിയ വ്യക്തമാക്കിയത്. ഭോപ്പാൽ നവാബിന്റെയും ബീഗത്തിന്റെയും കൈവശമുണ്ടായിരുന്ന ആഭരണം സെയ്ഫ് അലി ഖാന്റെ പിതാമഹിയും ഭോപ്പാൽ നവാബ് ഹമീദുള്ള ഖാന്റെ മകളുമായ സജിദ സുൽത്താനിലൂടെയാണ് പട്ടൗഡി കുടുംബത്തിലെത്തിയത്.

എന്നാൽ, വിശുദ്ധ ഖുർആൻ വചനങ്ങൾ ആലേഖനം ചെയ്ത ആഭരണം അവതരിപ്പിച്ച രീതി മതപരമായ പവിത്രതയെ മാനിക്കുന്നതല്ലെന്നാണ് അബ്ബാസ് ഹഫീസിന്റെ ആരോപണം. നവംബർ 11-ന് അയച്ച നോട്ടീസിൽ കരീനയുടെ വസ്ത്രധാരണത്തെയോ വ്യക്തിപരമായ തീരുമാനങ്ങളെയോ ചോദ്യം ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആയത്തുൽ കുർസി പോലുള്ള വിശുദ്ധ വചനം ആലേഖനം ചെയ്ത ആഭരണം ധരിക്കുമ്പോൾ അതിന് അനുയോജ്യമായ ആദരവും സാഹചര്യവും ഉറപ്പാക്കേണ്ടതുണ്ടെന്നാണ് നോട്ടീസിലെ നിലപാട്.

ഭോപ്പാലിലെ ബീഗങ്ങൾ പർദ ആചരിച്ചിരുന്നവരായിരുന്നുവെന്നും രാജകുടുംബത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ട ആഭരണം കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ മതപരമായ സംവേദനക്ഷമത പുലർത്തേണ്ടതുണ്ടെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. ചിത്രങ്ങളും വീഡിയോകളും വിശ്വാസികൾക്കും ഭോപ്പാലിലെ പഴയ നാട്ടുരാജ്യവുമായി ബന്ധമുള്ളവർക്കും വേദനയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിക്കുന്നു.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ഉടൻ പിൻവലിക്കുക, പരസ്യമായി മാപ്പുപറയുക, വിശുദ്ധ വചനത്തിന്റെ പവിത്രതയ്ക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ ആഭരണം ഇനി അവതരിപ്പിക്കില്ലെന്ന് ഉറപ്പുനൽകുക എന്നിവയാണ് നോട്ടീസിലൂടെ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങൾ.

അതേസമയം, ഈ നടപടി കോൺഗ്രസിന്റെ ഔദ്യോഗിക നിലപാടിന്റെ ഭാഗമല്ലെന്നും പാർട്ടിയെ പ്രതിനിധീകരിച്ചല്ല വ്യക്തിപരമായ നിലയിലാണ് നോട്ടീസ് അയച്ചതെന്നും അബ്ബാസ് ഹഫീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img