
മുൻ എംഎൽഎ കാരാട്ട് റസാഖ് ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ച് യുഡിഎഫിലേക്ക് മടങ്ങുന്നു. ഇന്ന് രാവിലെ പാണക്കാട്ട് എത്തി മുസ്ലിം ലീഗ് അംഗത്വം സ്വീകരിക്കാനാണ് തീരുമാനം. സിപിഎം ജില്ലാ നേതൃത്വവുമായി ചില ഭിന്നതകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവ പരിഹരിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അതിനുശേഷമാണ് ലീഗിലേക്ക് മടങ്ങാനുള്ള തീരുമാനം. കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്ന തരത്തിൽ മുൻപ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കുകയായിരുന്നു റസാഖ്.
മാതൃസംഘടനയിലേക്ക് തിരികെ പോകാൻ തീരുമാനിച്ചതായി റസാഖ് മാധ്യമങ്ങളോടും വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണെന്നും, നിരവധി മുൻ എംഎൽഎമാരും മന്ത്രിമാരും അതുകൊണ്ടാണ് പാർട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. സഹയാത്രികരെ ഉൾക്കൊള്ളാൻ താത്പര്യമില്ലാത്ത നിലപാട് തുടരുന്നതിനാൽ തന്നെ ലീഗിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്ന് വിലയിരുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തീരുമാനം പെട്ടെന്നുണ്ടായതാണെന്നും, ഇന്നലെ ലീഗ് നേതൃത്വവുമായി ചർച്ച നടത്തിയ ശേഷമാണ് അന്തിമ തീരുമാനം എടുത്തതെന്നും റസാഖ് വ്യക്തമാക്കി. ആരോഗ്യപ്രശ്നങ്ങൾ കാരണം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലാത്തതിനാൽ എൽഡിഎഫിന്റെ സീറ്റ് ചർച്ചകളിൽ നിന്ന് മുമ്പേ വിട്ടുനിന്നതായും അദ്ദേഹം പറഞ്ഞു.











