
വഖഫ് ഭേദഗതി നിയമം(ഉമീദ്) പാസായതോടെ മുനമ്പത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് പലരും കരുതിയത്, വിശിഷ്യാ ബി.ജെ.പിക്കാർ. ഇതേത്തുടർന്നാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജുവിന് മുനമ്പത്ത് സ്വീകരണം നൽകിയത്. ഏറെ പ്രതീക്ഷയോടെ യാണ് റിജുവിനെ മുനമ്പം നിവാസികൾ വരവേറ്റത്. എന്നാൽ മുനമ്പംകാർ ഇനിയും നിയമപ്പോരാട്ടം തുടരേണ്ടിവരുമെന്നാണ് മന്ത്രി അവിടെ പറഞ്ഞത്. ഇതവരെ അടിമുടി നിരാശരാക്കി. സ്വന്തം നിലനിൽപ്പുതന്നെ ചോദ്യച്ചിഹ്നമായി കാണുന്ന ആ സാധുക്കൾ ഇതായിരുന്നില്ല മന്ത്രിയിൽ നിന്നും പ്രതീക്ഷിച്ചത് എന്നുവേണം അനുമാനിക്കാൻ. വാസ്തവത്തിൽ ഇവിടെ ആർക്കാണ് പിഴച്ചത്. മന്ത്രി റിജുവിനാണോ അതോ ബി.ജെ.പി. സംസ്ഥാനഘടകത്തിനോ? വഖഫ്ഭേദഗഗതി ബിൽ സംബന്ധിച്ച ജോയിന്റ് പാർലമെന്ററി കമ്മറ്റി (ജെ.പി.സി.) റിപ്പോർട്ട് പുറത്തുവന്ന ആദ്യനാൾ മുതൽ മുനമ്പം പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന നിലപാട് ആവർത്തിക്കുന്ന റിട്ട. അണ്ടർ സെക്രട്ടറി സ്റ്റാലിൻ ദേവൻ 'കേരളശബ്ദ'ത്തോട് സംസാരിക്കുന്നു.
മുനമ്പം വിഷയം വീണ്ടും കലങ്ങിമറിയുകയാണല്ലോ ?
അതെ. ഇത് നിസ്സാരമായ ഒരു വിഷയമല്ല. പതിറ്റാണ്ടുകൾ പിന്നിലേക്ക ്സഞ്ചരിച്ച് വസ്തുതകൾ ഇഴകീറി പരിശോധിക്കേണ്ട അതിനിർണ്ണായകമായ ഒരു കേസാണ്. കുറേയധികം കോംപ്ലിക്കേഷൻസ് ഉണ്ട്. അത് കുറച്ചുനാൾ കൂടി തുടരുമെന്നാണ് കരുതുന്നത്.
മുനമ്പത്തെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമായി, ഇനിയെങ്കിലും വിശ്വസിക്കൂ എന്നാണ് താങ്കൾ ആദ്യം പറഞ്ഞത്. നിലപാടിൽ മാറ്റമുണ്ടോ ?
ഒരു മാറ്റവുമില്ല. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഞാൻ പറഞ്ഞത് എന്റെ ബോദ്ധ്യങ്ങളാണ്. അതിനാധാരം പാർലമെന്റ് പാസാക്കിയ നിയമത്തിൽ എഴുതിവെച്ചിരിക്കുന്ന വാക്കുകളാണ്. അതൊന്നും എഴുതിയതും പാസാക്കിയതും ഞാനല്ല. ഇന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ജനപ്രതിനിധിസഭയാണ്.
അതേ പ്രതിനിധിസഭയിലെ അംഗമായ കേന്ദ്രമന്ത്രി തന്നെ മുനമ്പത്തെ പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല എന്ന് പറയുന്നു ?
അങ്ങിനെ അദ്ദേഹം പറഞ്ഞിട്ടില്ല. മാധ്യമങ്ങൾ നൽകിയ നരേറ്റീവ ്ആണത്. മുനമ്പത്തെ ജനങ്ങൾ നിയമപരമായി പോരാട്ടം തുടരേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. അത് ശരിയാണ്. കാരണം ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ വിവിധ ഫോറങ്ങളിൽ തുടരുന്നുണ്ട്. അങ്ങിനൊരു സാഹചര്യത്തിൽ അദ്ദേഹത്തിന് അത്തരമൊരു സ്റ്റേറ്റ്മെന്റ്മാത്രമേ നൽകാൻ സാധിക്കുകയുള്ളൂ. പക്ഷേ, അദ്ദേഹം മറ്റൊരുകാര്യം വ്യക്തമാക്കിയിട്ടുണ്ട്. പാസായ നിയമത്തിന് അധികം വൈകാതെതന്നെ ചട്ടങ്ങൾ ഉണ്ടാക്കും എന്നതാണത്. ചട്ടങ്ങൾ പൂർത്തിയാകുമ്പോൾ ചിലപ്പോൾ കാര്യങ്ങൾ മാറിമറിയും. അത് പോസിറ്റീവായി കാണേണ്ട സംഗതിയാണ്. എന്നാൽ അതൊന്നും നമ്മുടെ മാധ്യമങ്ങൾ ഹൈലൈറ്റ ചെയ്യുന്നില്ല.
ജെ.പി.സി. റിപ്പോർട്ട് കളി മാറ്റിമറിച്ചു എന്നത് തന്നെയാണ് താങ്കളുടെ പക്ഷം?
സംശയമെന്താ. ആദ്യഘട്ടത്തിൽ തയ്യാറാക്കിയ ബിൽ മുനമ്പത്തിന് പരിഹാരമാകില്ല എന്ന തരത്തിലുള്ള സൂചന തന്നെയാണ് നൽകിയത്. എന്നാൽ വിവാദബിൽ ജെ.പി.സിക്ക് മുന്നിൽ വന്നതോടെ കളിമാറി. ഇപ്പോൾ പാസാക്കപ്പെട്ട ബില്ലിൽ ജെ.പി.സി. പുതുതായി കൊണ്ടുവന്നതും ആദ്യബില്ലിൽ (ആഗസ്റ്റ് എട്ടിൽ അവതരിപ്പിക്കപ്പെട്ടത്) ഇല്ലാതിരുന്നതുമായ സെക്ഷൻ രണ്ടിലെ പുതിയ പ്രൊവിസോആണ് മുനമ്പത്തെ പ്രശ്നപരിഹാരം സാധ്യമാക്കുന്നത്. മുനമ്പത്തെ വിവാദ‘ഭൂമി സിദ്ദിഖ ്സേഠ് അന്ന് കൈമാറ്റം ചെയ്തത്, 1860 ലെ ദി ഇന്ത്യൻ സൊസൈറ്റി രജിസ്ട്രേഷൻ ആക്ടിന് കീഴിലായി 1948 ലെ 12 -ാം നമ്പർ ആയി രജിസ്റ്റർചെയ്യപ്പെട്ട പബ്ലിക് ചാരിറ്റി ഇൻസ്റ്റിറ്റിയൂഷനായ ഫാറൂഖ് കോളേജിനാണ്. ഇതാണ് പ്രസക്തമായ പോയിന്റ്. ഇവിടെ പുതിയ നിയമം പറയുന്നത് ഒരാൾ വഖഫ് ചെയ്യാൻ തീരുമാനിച്ച പ്രോപ്പർട്ടി മുത്തവല്ലിക്ക് പകരം ഒരു ട്രസ്റ്റിനോ അല്ലെങ്കിൽ ഒരു സ്റ്റാറ്റിയൂട്ടിന് കീഴിൽ അംഗീകരിക്കപ്പെട്ട പൊതുധർമ്മസ്ഥാപനത്തിനോ ആണ് കൈമാറ്റം ചെയ്തിട്ടുള്ളതെങ്കിൽ അവയൊന്നും വഖഫ് ആക്ടിന്റെ പരിധിയിൽ വരില്ല എന്നതാണ് (ഇതിന് മുൻകാല പ്രാബല്യം ഉണ്ട്). ഇത്തരം പ്രോപ്പർട്ടികളുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസുകളിലോ മറ്റോ സുപ്രീംകോടതി അവ വഖഫ് ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽപ്പോലും പുതിയ സാഹചര്യത്തിൽ അത്തരം പ്രോപ്പർട്ടികളുടെ നിയന്ത്രണം വഖഫ്ബോർഡിൽ നിലനിൽക്കില്ല എന്നതും കൂടി ചേർത്തുവായിക്കണം. അങ്ങിനെ വരുമ്പോൾ മുനമ്പത്തെ വിവാദഭൂമിയിൽ നിന്നും വഖഫ്ബോർഡിന് മാറി നിൽക്കേണ്ടിവരും.
ഇതൊന്നും ഒരു കേന്ദ്രമന്ത്രിക്ക് മനസ്സിലായിട്ടില്ല എന്നാണോ താങ്കൾ പറയുന്നത്. വിശ്വസിക്കാൻ ലേശം പ്രയാസമുള്ള കാര്യമാണ് ?
കിരൺ റിജു കേരളത്തിന്റെ മാത്രമോ മുനമ്പംകാരുടെ മാത്രമോ മന്ത്രി അല്ല. മുനമ്പത്തെപ്പോലെ രാജ്യത്തുടനീളം വഖഫ് കുരുക്കിൽപ്പെട്ടുകിടക്കുന്ന നിരവധി പ്രോപ്പർട്ടികളും അതുമായി ബന്ധപ്പെട്ട കേസുകളും ഇതര നൂലാമാലകളും ഉണ്ട്. അത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ വേണ്ടി പാർലമെന്റ് ഒരു നിയമം പാസാക്കി. അതിൽ കുറേയധികം വ്യവസ്ഥകളും സാങ്കേതികത്വങ്ങളും ഉണ്ട്. അത് മുനമ്പത്തിന്റെ കാര്യത്തിൽ എങ്ങിനെയാണ് ആപ്ലിക്കബിൾ ആകുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ വിവാദഭൂമി ബാധിക്കപ്പെട്ടവർക്ക് വിറ്റ ഫറൂഖ്കോളേജിന്റെ രജിസ്ട്രേഷൻ മുതലുള്ള അല്ലെങ്കിൽ അതിനും മുമ്പുള്ള കാര്യങ്ങൾ ഉൾപ്പെടെ അപഗ്രഥിക്കണം. മറ്റുപണികളെല്ലാം മാറ്റിവെച്ച് ഒരു കേന്ദ്രമന്ത്രിക്ക് ഒരു ചെറുഭൂപ്രദേശത്തിന്റെ കേസ് പഠിച്ചുകൊണ്ടിരിക്കാൻ സാധിക്കില്ലല്ലോ.
മന്ത്രിക്ക് സാധിക്കില്ലായിരിക്കാം. പക്ഷേ, ഇവിടെ പൊളിറ്റിക്കൽ മൈലേജ് ലക്ഷ്യമിടുന്ന ബി.ജെ.പിയുടെ പ്രാദേശിക, സംസ്ഥാന നേതാക്കൻമാർക്ക് ആകാമല്ലോ. അവർ വിഷയം പഠിച്ച് മന്ത്രിയെ ധരിപ്പിക്കാൻ ശ്രമിച്ചുകാണില്ലേ ?
അവർ കാര്യങ്ങൾ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്നുതന്നെയാണ് ഞാൻ കരുതുന്നത്. അതവർ ബന്ധപ്പെട്ട മന്ത്രിയേയും അധികാരികളേയും അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ കയറി എടുപിടീന്ന് അഭിപ്രായങ്ങൾ പറയാൻ ആർക്കും സാധിക്കില്ലല്ലോ. ഇവിടെ ഏറെ നിർണ്ണായകമായ സംഗതി ചട്ടങ്ങളുടെ രൂപീകരണമാണ്. അതുകൂടി കഴിയട്ടെ. ചിത്രം കുറച്ചുകൂടി വ്യക്തമാകും.
വഖഫിനെക്കുറിച്ച് ആധികാരികമായി പഠിച്ചൊരു വ്യക്തിയാണ് താങ്കൾ. താങ്കൾക്ക് സ്വന്തം നിലയ്ക്ക് ചില ശ്രമങ്ങൾ ആകാമല്ലോ ?
നോക്കൂ. ഞാൻ കഴിഞ്ഞ അഭിമുഖത്തിലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. എനിക്ക് ഇതിൽ വ്യക്തിപരമായ താത്പര്യമില്ല. ഞാൻ ഒരു പൊളിറ്റിക്കൽ പാർട്ടിയിലും അംഗമല്ല. എനിക്ക് ആരോടും വിധേയത്വവുമില്ല. ഒരു നിയമകുതുകി എന്ന നിലയിൽ ഞാൻ എന്റെ മുന്നിൽ വരുന്ന കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും. പാർലമെന്ററി നടപടിക്രമങ്ങൾ നിരീക്ഷിക്കും. പുസ്തകങ്ങൾ വായിക്കും. ഇത്തരത്തിൽ വഖഫ് വിഷയത്തിൽ ഞാൻ നടത്തിയ നിരീക്ഷണങ്ങളും വിലയിരുത്തലുകളും മുനമ്പംകാർക്ക് ഉപകാരപ്പെടുമെന്ന് തോന്നിയപ്പോൾ ഞാൻ പല മാധ്യമസ്ഥാപനങ്ങളേയും സമീപിച്ചു. ആരും അത് പഠിക്കാനോ മനസ്സിലാക്കാനോ ശ്രമിച്ചില്ല. പലരും പലരേയും ഭയന്നുമാറിനിൽക്കുന്നതായി എനിക്ക് തോന്നി. അങ്ങിനെ വന്നപ്പോൾ ഞാൻ തിരിച്ചറിഞ്ഞ സത്യങ്ങൾ സ്വന്തമായി ഒരു യു ട്യൂബ് ചാനൽ തുടങ്ങി അതിലൂടെ ലോകത്തോട് വിളിച്ചുപറഞ്ഞു. മുനമ്പംകാരു പോലും അത് ആദ്യഘട്ടത്തിൽ കേട്ടില്ല. പക്ഷേ, ക്രമേണ ചിലരൊക്കെ ശ്രദ്ധിച്ചു തുടങ്ങി. അങ്ങിനെ ചില ഓൺലൈൻ മീഡിയാസ് എന്നെ വിളിച്ച് കാര്യങ്ങൾ തിരക്കി. അങ്ങിനെയാണ് മുനമ്പത്തെ സാധാരണക്കാർക്കുവേണ്ടി ഞാൻ സംസാരിച്ചുതുടങ്ങിയത്. വിഷയം ദേശീയതലത്തിൽതന്നെ ചൂടേറിയ ചർച്ച ആയതോടെ മുഖ്യധാരാ മാധ്യമങ്ങൾ എന്റെ പിന്നാലെ വന്നു. എല്ലാവരോടും ഞാൻ കണ്ടറിഞ്ഞ ബോധ്യങ്ങളും നിയമത്തിന്റെ സാദ്ധ്യതകളും പറഞ്ഞുകൊടുത്തു. ഒരു സാധാരണക്കാരന് ചെയ്യാവുന്ന കാര്യങ്ങളൊക്കെ ഞാൻ ചെയ്യുന്നുണ്ട്.
മുനമ്പത്ത് പരിഹാരം ഉണ്ടായാൽ അതിലൂടെ ഏറ്റവും കൂടുതൽ പൊളിറ്റിക്കൽ ഗുണം ലഭിക്കുന്നത് ബി.ജെ.പിക്കാർക്കാണ്. എന്നിട്ട് അവരാ സാദ്ധ്യത എന്തുകൊണ്ട് പ്രയോജനപ്പെടുത്തുന്നില്ല എന്നാണ് മനസ്സിലാകാത്തത് ?
അതിനുള്ള ഉത്തരം പറയേണ്ടത് ബി.ജെ.പിക്കാരാണ്. ഞാനല്ല. കാരണം ഞാനവരുടെ വക്താവല്ല. സത്യം പറയുമ്പോൾ പലരും എന്നെ ബി.ജെ.പിക്കാരുടെ പാളയത്തിൽ കൊണ്ടുകെട്ടാൻ ശ്രമിക്കുന്നുണ്ടെന്ന് മാത്രം. ഞാൻ മനസ്സിലാക്കിയിടത്തോളം മുനമ്പംകാർക്ക് വേണ്ടി ബി.ജെ.പിക്കാർ ശക്തമായി ഇടപെടൽ നടത്തുന്നുണ്ട്. അധികം വൈകാതെ അതിന്റെ നേട്ടം മുനമ്പംകാർക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.
താങ്കളെ ബി.ജെ.പിക്കാരും ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലേ ?
ചിലർ ബന്ധപ്പെട്ടു. അവരോടെല്ലാം ഞാൻ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. തത്പരകക്ഷികൾ എന്റെ വാക്കിന്റെ അടിസ്ഥാനത്തിൽ പലതും മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് കരുതുന്നത്. അതിന്റെചില ചലനങ്ങൾ അധികം വൈകാതെ ഉണ്ടാകും എന്നാണ് പ്രതീക്ഷ.
സുപ്രീംകോടതിയിലെ മുന്തിയ വക്കീൽ കബിൽസിബിലാണ് കേന്ദ്രസർക്കാരിനെതിരെ വന്നിരിക്കുന്നത്. ഒന്നുംകാണാതെ അദ്ദേഹത്തെപ്പോലൊരാൾ ഇറങ്ങിത്തിരിക്കുമോ ?
കപിൽസിബിൽ നല്ല പ്രഗത്ഭനായ അഭിഭാഷകനാണ്. മുൻ കേന്ദ്രമന്ത്രികൂടിയാണ് അദ്ദേഹം. വെറും കേന്ദ്രമന്ത്രിയല്ല, നിയമകാര്യമന്ത്രി. അങ്ങിനൊരാൾ ഒരു പ്രമുഖ മുസ്ലീംസംഘടനയ്ക്കു വേണ്ടി സുപ്രീംകോടതിയിൽ വന്നത് മലയാളമാധ്യമങ്ങൾ വലിയവാർത്തയാക്കി. എന്നാൽ അദ്ദേഹം കുറച്ചിടങ്ങളിൽ മിണ്ടിയതും കുറച്ചിടങ്ങളിൽ മിണ്ടാതിരുന്നതും പലരും വാർത്തയാക്കി കണ്ടില്ല. ഇവിടെ മാധ്യമങ്ങൾ സെലക്ടീവ് ആയിട്ടാണ് വാർത്തകൾ നൽകുന്നത്. എന്നാൽ കോടതിഅങ്ങിനല്ല. കോടതിക്ക് മുന്നിൽ വരുന്ന ഓരോ വിഷയങ്ങളും അവർ പരിഗണിക്കും. പരിഗണിക്കട്ടെ. നമുക്ക് നോക്കാം എന്താകും എൻഡ് ഓഫ് ദി ഡേ റിസൾട്ടെന്ന്.
കോടതിയിൽ ശരിക്കും എന്താണ് നടന്നത് ?
നോക്കൂ. ഇതൊന്നും ഞാൻ എന്റെ തോന്നലിന്റെ അടിസ്ഥാനത്തിൽ പറയുന്നതല്ല. ഏതൊരു വ്യക്തിക്കും ലോകത്തിന്റെ ഏത് കോണിലിരുന്നും സുപ്രീംകോടതി നടപടികൾ ലൈവായി വീക്ഷിക്കാവുന്നതാണ്. ഇവിടെ ആരൊക്കെ കോടതി നടപടികൾ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. ഞാൻ നിരീക്ഷിച്ചു. അതിൽ നിന്നാണ് എനിക്ക് ബോധ്യമായത് കപിൽസിബിൽ പലയിടങ്ങളിലും മിണ്ടിയില്ല എന്നത്. മാത്രമല്ല കൗതുകകരമായ ചില നിരീക്ഷണങ്ങൾ കോടതി നടത്തിയതും ആരും വാർത്തയാക്കി കണ്ടില്ല. കേസ് പരിഗണിച്ചപ്പോൾ ചീഫ്ജസ്റ്റിസ് പറഞ്ഞൊരു സ്റ്റേറ്റ്മെന്റുണ്ട്. അതിങ്ങിനെയാണ് ഈ വഖഫ് നിയമം അത്ര നല്ലൊരു സംഗതിയാണെന്ന അഭിപ്രായമില്ല. ഞാൻ ഡൽഹി ഹൈക്കോടതിയിൽ ഇരുന്നപ്പോൾ പ്രസ്തുത കോടതി വഖഫ്ബോർഡ് ഏറ്റെടുക്കാൻ വന്നതൊക്കെ ഞാൻ കണ്ടതാണ്. അതുകൊണ്ട് കാര്യങ്ങൾ എനിക്കും അറിയാം. ഇതേക്കുറിച്ച് നമ്മുടെ മാധ്യമങ്ങൾ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല. എന്നാൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡ്വ. തുഷാർമേത്തയ്ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല, സർക്കാർ അഭിഭാഷകൻ മിണ്ടാതിരുന്നപ്പോൾ കപിൽസിബിൽ കത്തിക്കയറി കേന്ദ്രത്തെ മുട്ടുകുത്തിച്ചു എന്നൊക്കെ ചിലർ തട്ടിവിടുന്നതും കണ്ടു. വാസ്തവത്തിൽ, കോടതിയിൽ ഒരു കേസ് അഡ്മിഷൻ ആകുമ്പോൾ നടക്കുന്ന നടപടിക്രമങ്ങളെക്കുറിച്ച് പോലും ധാരണയില്ലാത്തവരാണോ മാധ്യമങ്ങൾ എന്നാണ് ഞാൻ ചിന്തിച്ചുപോയത്.
മാധ്യമങ്ങൾക്ക് താത്പര്യങ്ങളുണ്ടെന്ന് പറയാൻ കാരണം ?
ഇവിടെ നമ്മുടെ മാധ്യമങ്ങളൊക്കെ ആദ്യം പറഞ്ഞത് മുസ്ലീംലീഗിന് വേണ്ടിയാണ് കപിൽസിബിൽ ഹാജരായതെന്നാണ്. എന്നാൽ അത് തെറ്റായിരുന്നു. വഖഫ്കേസിൽ 75 ഓളം കേസുകളാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ പരിഗണനയിൽ വന്നത്. എന്നാൽ അതിൽ വളരെ പ്രാമുഖ്യമുള്ള അഞ്ചുകേസുകൾ മാത്രമാണ് കോടതി പരിഗണിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിൽ മുസ്ലീംലീഗിന്റെ കേസ് ഇല്ല. ഫലത്തിൽ ലീഗ് ഒരു കൗണ്ടർ പാർട്ടിപോലുമല്ലാതായിമാറി. ഇതേക്കുറിച്ച് ഏതെങ്കിലും മാധ്യമങ്ങളിൽവാർത്ത നിങ്ങൾ കണ്ടോ ? ഇല്ല. നമ്മുടെ മാധ്യമങ്ങൾക്ക് ‘ഭയമുണ്ട്. അതാരെയാണെന്ന് ഞാൻ പറയുന്നില്ല.
കപിൽസിബിൽ മിണ്ടാതിരുന്നു എന്ന് പറയുന്നത് എന്തിനെക്കുറിച്ചാണ് ?
കപിൽസിബിൽ തന്റെ വാദം ആരംഭിച്ചതുതന്നെ വഖഫ് നിയമം ഭരണഘടനയുടെ ആർട്ടിക്കിൾ 26 ന്റെ ലംഘനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു. ആർട്ടിക്കിൾ 26 എന്ന് പറയുന്നത് ഏതെങ്കിലും റിലീജിയസ് ഡിനോമിനേഷന് വേണ്ടിമാത്രം ഉണ്ടാക്കിയിട്ടുള്ളതാണ്. അല്ലാതെ ഏതെങ്കിലും ഒരു മതത്തിന്റെ പൊതുവായ പ്രശ്നം അതിനടിയിൽ വരുന്നതേയല്ല. കപിൽസിബിലിനെപ്പോലൊരു പ്രഗത്ഭനായ സീനിയർ വക്കീലിന് അതറിയാഞ്ഞിട്ടല്ല. പക്ഷേ, അദ്ദേഹം അങ്ങിനൊരു ഗതികേടിലായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം ആർട്ടിക്കിൾ 26 ന്റെ പ്രയോജനം വഖഫ് ബോർഡുകൾക്ക് ്ലഭിക്കുന്നതല്ല എന്ന് സുപ്രീംകോടതിതന്നെ നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. വഫഖ് ബോർഡ് മതപരമായ ഒരു സ്ഥാപനമല്ല എന്നും കോടതി നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. മുമ്പ് വഖഫ് നിയമത്തിൽ ഭരണഘടനാവിരുദ്ധമായ പല സംഗതികളും (സെക്ഷൻ 40 ഉദാഹരണം) ഉണ്ടായിരുന്നു. അവയൊക്കെ എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട് നിരവധി പരാമർശങ്ങൾ കോടതിയിൽ ഉന്നയിക്കപ്പെട്ടു. അപ്പോഴൊന്നും കപിൽസിബിൽ കമാന്ന് ഒരക്ഷരം മിണ്ടിക്കണ്ടില്ല. അദ്ദേഹം മിണ്ടാതിരുന്നത് ഉത്തരം മുട്ടിയതുകൊണ്ടല്ല. കാരണം അദ്ദേഹത്തിന് നന്നായി അറിയാം നേരത്തെ യു.പി.എ. സർക്കാരിന്റെ കാലത്ത് എഴുതിവെച്ചതിൽ പലതും ഭരണഘടനാവിരുദ്ധമാണെന്ന്.
അപ്പോൾ കപിൽസിബിലിന്റെ ഇനിയുള്ള വാദങ്ങളൊന്നും ഏൽക്കില്ലെന്നാണോ ?
കേസ് അടുത്ത് പരിഗണിക്കട്ടേ. ഇനിയും ഒരുപാട് സിറ്റിംഗുകൾ ഉണ്ടാകും. അതുകഴിഞ്ഞ് നമുക്ക് നോക്കാം.
മുനമ്പംകാർ ചെയ്യേണ്ട പല കാര്യങ്ങളെക്കുറിച്ചും താങ്കൾ പലവിധ അഭിപ്രായങ്ങൾ ചാനൽ ചർച്ചകളിലും മറ്റും പറഞ്ഞുകണ്ടിട്ടുണ്ട്. പക്ഷേ, മുനമ്പത്തെ സമരസമിതിക്കാർ ആ വഴിക്ക് നീങ്ങുന്നതായി തോന്നിയിട്ടില്ല. അവർപോലും സ്റ്റാലിൻ ദേവനെ വിശ്വസിക്കുന്നില്ല എന്നാണോ മനസ്സിലാക്കേണ്ടത് ?
മുനമ്പംകാരെ രക്ഷിക്കാനായി അവതരിച്ചിരിക്കുന്ന എല്ലാവരും രക്ഷകരല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെന്നായ ആട്ടിൻതോലിട്ട് വന്ന കഥ നമ്മൾ കേട്ടിട്ടുണ്ട്. ശുഭ്രവസ്ത്രത്തിലെ കറുത്ത മനസ്സുകളെക്കുറിച്ച് ബൈബിളിൽതന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്. ബൈബിളിലെ കാര്യം ശരിയാണോ എന്നറിയില്ല. പക്ഷേ, മുനമ്പംകാരുടെ കാര്യത്തിൽ അത് ശരിയാണ്. കാരണം അവരെ ഒറ്റുകൊടുക്കാൻ ഒരുകൂട്ടം അവർക്കുചുറ്റുംതന്നെ കൂടിയിട്ടുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
കാര്യങ്ങൾ ഏറെക്കുറേ വ്യക്തമാണ്. അങ്ങ് ഉദ്ദേശിക്കുന്ന കക്ഷികളെ നയിക്കുന്നത് രാഷ്ട്രീയമാണോ ?
അതുപറയാൻ ഞാൻ രാഷ്ട്രീയക്കാരനല്ല. ജസ്റ്റ് എ കോമൺമാൻ.
സ്റ്റാലിൻ ദേവൻ എന്ന കോമൺമാൻ പറയുന്നത് മുനമ്പത്തെ കോമൺമെൻ മനസ്സിലാക്കുന്നുണ്ടോ. മനസ്സിലാക്കുന്നില്ല എങ്കിൽ പിന്നെ ഈ ശ്രമങ്ങൾ വെറുതേയാകില്ലേ?
ഞാൻ പറയുന്നത് ആര് കാണുന്നു, ആര് കേൾക്കുന്നു എന്നത് എന്നെ ബാധിക്കുന്ന കാര്യമല്ല. ഞാൻ പറയുന്നത് നിയമമാണ്. അതുണ്ടാക്കിയത് ഞാനല്ലാത്തിടത്തോളം കാലം എനിക്കിതിൽ താത്പര്യമുണ്ടെന്ന് ആർക്കും ആരോപിക്കാനാകില്ല. അതേ നിയമം തന്നെയാണ് കോടതിയും പരിശോധിക്കുന്നത്. ബഹുമാനപ്പെട്ട കോടതി പരിശോധിക്കട്ടെ. നമുക്ക് നോക്കാം. ഇനിയാണ് ശരിക്കുള്ള കളി തുടങ്ങാൻ പോകുന്നത്.











