01:28pm 14 September 2026
NEWS
പത്താം ഷെഡ്യൂൾ ഒഴിവാക്കണം; കൂറുമാറുന്നവർക്ക് 10 വർഷം പൊതുപദവികൾ വിലക്കണമെന്ന് കപിൽ സിബൽ
14/09/2026  11:46 AM IST
നിയമകാര്യ ലേഖകൻ
പത്താം ഷെഡ്യൂൾ ഒഴിവാക്കണം; കൂറുമാറുന്നവർക്ക് 10 വർഷം പൊതുപദവികൾ വിലക്കണമെന്ന് കപിൽ സിബൽ

​കൊച്ചി: നിലവിലുള്ള കൂറുമാറ്റ നിരോധന നിയമം പരാജയപ്പെട്ടെന്നും അത് തുടർച്ചയായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഭരണഘടനയുടെ പത്താം ഷെഡ്യൂൾ എടുത്തുകളയണമെന്ന് രാജ്യസഭാ എംപിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ ആവശ്യപ്പെട്ടു. കൊച്ചിയിൽ ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ‘കുതിരക്കച്ചവടവും ജനാധിപത്യവും’ എന്ന വിഷയത്തിലുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
​പത്താം ഷെഡ്യൂളിന് പകരം ലളിതമായ ഒരു ഭരണഘടനാ വ്യവസ്ഥ കൊണ്ടുവരണമെന്നാണ് സിബലിന്റെ നിർദ്ദേശം. സഭയുടെ കാലാവധിക്കിടയിൽ രാഷ്ട്രീയ നിലപാട് മാറ്റുന്ന ഏതൊരു ജനപ്രതിനിധിയും പത്ത് വർഷത്തേക്ക് പൊതുപദവികൾ വഹിക്കുന്നതിലോ ഭരണഘടനാ പദവികൾ ഏറ്റെടുക്കുന്നതിലോ അധികാര സ്ഥാനങ്ങളിൽ തുടരുന്നതിലോ നിന്ന് അയോഗ്യനാക്കപ്പെടണം.
​കൂറുമാറുന്നവർക്ക് പുറമെ, രാജിവെച്ച് മറ്റൊരു പാർട്ടിയുടെ ടിക്കറ്റിൽ വീണ്ടും മത്സരിക്കുന്നവരെയും ഈ നിയന്ത്രണത്തിന്റെ പരിധിയിൽ കൊണ്ടവരണം. രാജിയോ ലയനമോ അയോഗ്യതയിൽ നിന്നുള്ള രക്ഷപ്പെടലായി മാറരുതെന്നും അദ്ദേഹം വ്യക്തമാക്കി.
​ലയന വ്യവസ്ഥകളെ വിമർശിച്ച സിബൽ, കൂറുമാറ്റങ്ങളെ വെള്ളപൂശാൻ മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചു. മുമ്പ് മൂന്നിലൊന്ന് അംഗങ്ങളുടെ ‘പിളർപ്പ്’ സംരക്ഷിച്ചിരുന്ന വ്യവസ്ഥ ദുരുപയോഗം ചെയ്യപ്പെട്ടതിനെത്തുടർന്ന് 2003-ൽ ഭരണഭരണഘടനാ ഭേദഗതിയിലൂടെ എടുത്തുകളഞ്ഞത് അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നത്തെ ലയന വ്യവസ്ഥയും സമാനമായ രീതിയിൽ ചൂഷണം ചെയ്യപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
​വോട്ടർമാർ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾ കണ്ടിട്ടാണെന്നും, തിരഞ്ഞെടുപ്പിനു ശേഷമുള്ള മാറ്റങ്ങൾ ജനവിധി അട്ടിമറിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ലയന വ്യവസ്ഥയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളിലെ കാലതാമസത്തിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. നിയമത്തിന്റെ പഴുതുകൾ അടയ്ക്കാൻ നീതിന്യായ വ്യവസ്ഥയുടെ ഇടപെടലുകൾക്കൊപ്പം സമഗ്രമായ ഒരു ഭരണഘടനാ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img