സംസ്ഥാനത്തെ സ്കൂളുകളിലെ മധ്യവേനലവധിയിൽ മാറ്റം വരുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് നിർദ്ദേശിച്ച് കാന്തപുരം

കേരളത്തിലെ സ്കൂളുകളിൽ മധ്യവേനലവധി മെയ്, ജൂൺ മാസത്തിലേക്ക് മാറ്റണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രിയോട് നിർദ്ദേശിച്ച് കാന്തപുരം എ പി അബൂബക്കർ മുസലിയാർ. മന്ത്രിയെ വേദിയിലിരുത്തിയാണ് സ്‌കൂളിലെ വേനലവധിയിൽ പരിഷ്‌കരണം വരുത്തണമെന്ന് കാന്തപുരം നിർദ്ദേശിച്ചത്. നിലവിൽ കേരളത്തിലെ സ്കൂളുകളിൽ വേനലവധി ഏപ്രിൽ, മെയ് മാസങ്ങളിലാണ്. ഇതിനു പകരം ചൂട് കൂടുതലുള്ള മെയ് മാസവും മഴ കൂടുതലുള്ള ജൂൺ മാസവും സ്കൂളുകൾക്ക് വാർഷിക അവധി നൽകണമെന്ന നിർദ്ദേശമാണ് കാന്തപുരം മുന്നോട്ടുവെച്ചത്.
നിലവിൽ വർഷത്തിൽ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകൾ വർഷത്തിൽ രണ്ട് എന്ന രീതിയിൽ ക്രമീകരിക്കാമെന്നും കാന്തപുരം പറഞ്ഞു. ചർച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയാണെങ്കിൽ തർക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം വ്യക്തമാക്കി. പരാതികളും അപേക്ഷകളും നൽകുമ്പോൾ പഠിച്ചിട്ട് പറയാമെന്നാണ് മന്ത്രി പറയുന്നത്, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് നിയമസഭയിലെത്തിയ തനിക്ക് ഉസ്താദിനോട് ആരാധനയാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ഉസ്താദ് ന്യൂനപക്ഷങ്ങൾക്ക് വേണ്ടി നിൽക്കും എന്നതിൽ തർക്കമില്ലെന്നും എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചർച്ചകൾ നടത്തുമെന്ന് ഉറപ്പ് തരുന്നുവെന്നും ശിവൻകുട്ടി വ്യക്തമാക്കി.











