04:48pm 05 November 2026
NEWS
സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു; മെക്‌ സെവനെതിരെ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍
20/01/2025  04:54 PM IST
nila
സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു; മെക്‌ സെവനെതിരെ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍

കോഴിക്കോട്: മെക്‌ സെവൻ വ്യായാമക്കൂട്ടായ്മയ്കൾക്കെതിരേ രൂക്ഷ വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണപോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും വരുത്തിക്കൊണ്ടിരിക്കുകയാണെന്ന് കാന്തപുരം പറഞ്ഞു. വ്യായാമം എന്ന പേരിൽ ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് പഠിപ്പിക്കുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ വിമർശനം. സ്ത്രീകൾ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തിൽ ഏർപ്പെടുന്നെന്നും മലപ്പുറം കിഴിശ്ശേരിയിൽ ഇസ്സത്ത് സ്‌കോളറേനിയം പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി. 

ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവൻ എന്നായിരുന്നു കാന്തപുരത്തിന്റെ ആരോപണം. തെറ്റുചെയ്യുന്നതിൽ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നതെന്നും കാന്തപുരം പറഞ്ഞു. ഇസ്ലാം മതത്തിൽ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പണ്ട് പുരുഷൻമാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകൾക്ക് ബോധമുണ്ടായിരുന്നു. ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. 

 മെക് സെവൻ വ്യായാമ പരീശീലത്തിനെതിരെ കാന്തപുരം വിഭാഗം സമസ്ത മുശാവറ നേരത്തെ രം​ഗത്തെത്തിയിരുന്നു. അന്യപുരുഷന്മാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ലെന്നായിരുന്നു വിശദീകരണം. മതവിശ്വാസത്തിന് ഹാനികരമാവുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ലെന്നും മുശാവറ യോഗം പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img