07:01pm 04 September 2026
NEWS
സ്ത്രീകളെക്കുറിച്ചുള്ള പരാമർശം വിവാദമാക്കുന്നു; പിന്നിൽ വിഭാഗീയത ലക്ഷ്യമിട്ട നീക്കമെന്ന് കാന്തപുരം
04/09/2026  04:11 PM IST
nila
സ്ത്രീകളെക്കുറിച്ചുള്ള പരാമർശം വിവാദമാക്കുന്നു; പിന്നിൽ വിഭാഗീയത ലക്ഷ്യമിട്ട നീക്കമെന്ന് കാന്തപുരം

മലപ്പുറം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതടക്കമുള്ള പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ ബോധപൂർവം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കാന്തപുരം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

ആത്മീയ വിഷയങ്ങളിലെ ചർച്ചകളെ മനഃപൂർവം വിവാദമാക്കുകയും അതുവഴി സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയുമാണ് ചിലരുടെ ലക്ഷ്യമെന്ന് കാന്തപുരം പറഞ്ഞു. ഇത്തരം നീക്കങ്ങൾക്ക് പിന്നിലെ നിക്ഷിപ്ത താൽപര്യങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അറിവന്വേഷണത്തെ അട്ടിമറിക്കാനുള്ള ദുഷ്ടലാക്കാണ് ഇത്തരം വിവാദങ്ങൾക്ക് പിന്നിലെന്നും കാന്തപുരം വിമർശിച്ചു. പ്രവർത്തകർ പ്രകോപനങ്ങളിൽ വീഴാതെ പക്വതയോടെയും വിവേകത്തോടെയും പ്രതികരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇന്നലെ തൃശൂരിൽ നടന്ന പരിപാടിയിൽ സ്ത്രീകളെ രണ്ടാം സ്ഥാനക്കാരായി കാണുന്നില്ലെന്ന് കാന്തപുരം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ് പുറത്തുവന്നത്. അതേസമയം, വിവാദമായ പരാമർശങ്ങളിൽ നാളെ കോഴിക്കോട്ട് നടക്കുന്ന മീലാദ് സമ്മേളനത്തിൽ അദ്ദേഹം വിശദമായി പ്രതികരിക്കുമെന്നാണ് സൂചന.

കാന്തപുരത്തിൻറെ കുറിപ്പ് ഇങ്ങനെ: 

സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാൻ. പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവർക്കും നന്മകൾക്കു തൗഫീഖ് നൽകട്ടെ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img