
കോട്ടയം: ഭരണഘടനയുടെ മൂല്യങ്ങൾ ജീവിതത്തിൽ പാലിക്കുമ്പോൾ മാത്രമേ രാജ്യത്ത് സമാധാനവും സഹവർത്തിത്വവും നിലനിൽക്കൂവെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ പി അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കി. മനുഷ്യരെ തമ്മിൽ അകറ്റാനും വിദ്വേഷം വളർത്താനും ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയാനും അതിനെതിരെ ജാഗ്രത പുലർത്താനും സമൂഹം തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ‘മനുഷ്യർക്കൊപ്പം’ കേരള യാത്രയ്ക്ക് കോട്ടയം തിരുനക്കരയിൽ നൽകിയ സ്വീകരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മതങ്ങളോ സമൂഹങ്ങളോ പരസ്പരം ആക്രമിക്കുന്ന പ്രവണതകൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, എന്നാൽ ഇത്തരം മൂല്യങ്ങൾ പോലും ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.
മന്ത്രി വി എൻ വാസവനും പരിപാടിയിൽ സംബന്ധിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന മതനിരപേക്ഷതയും ഫെഡറലിസവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിൽ ‘മനുഷ്യർക്കൊപ്പം’ എന്ന സന്ദേശം ഏറെ പ്രസക്തമാണെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക ഐക്യവും സഹവർത്തിത്വവും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











