02:16pm 27 September 2026
NEWS
പ്രവാചക കേശം വളരുന്നെന്ന് കാന്തപുരം
27/08/2025  06:48 AM IST
nila
പ്രവാചക കേശം വളരുന്നെന്ന് കാന്തപുരം

കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ പ്രവാചക കേശം വലുതാകുന്നെന്ന അവകാശവാദവുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം പ്രവാചക കേശം വളർന്നെന്നാണ് കാന്തപുരം കഴിഞ്ഞ ദിവസം പറഞ്ഞത്. 
കോഴിക്കോട് മർക്കസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കവെയാണ് കാന്തപുരം പ്രവാചക കേശം വളരുന്നെന്ന് പറഞ്ഞത്. ഖലീൽ ബുഖാരി തങ്ങൾ, ഹകീം അസ്ഹരി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

'ശഅ്‌റ് മുബാറക് (പ്രവാചക കേശം)നമ്മൾ കൊണ്ടുവന്ന് വെച്ചതിനേക്കാൾ അര സെന്റീമീറ്ററോളം വളർന്നിട്ടുണ്ട്. അതിനു പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽനിന്നും നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ. അവിടുത്തെ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങി വന്ന വെള്ളവും ഉൾപ്പെടെ എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുത്. ബഹുമാനത്തോടെ മാത്രമേ ആ വെള്ളത്തെ കാണാവൂ' എന്ന് കാന്തപുരം പറഞ്ഞു.

''പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങൾ ഹദീസുകളിൽ ഉണ്ട്. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായിൽ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നു''- കാന്തപുരം പറഞ്ഞു.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img