12:48pm 30 August 2026
NEWS
അന്യപുരുഷന്മാർക്കിടയിലും പൊതുവേദിയിലുമെത്തുന്ന സ്ത്രീകൾ; കാന്തപുരത്തിന് പിന്തുണയുമായി സമസ്ത ഇ.കെ വിഭാഗം നേതാക്കളും
29/08/2026  09:20 AM IST
nila
അന്യപുരുഷന്മാർക്കിടയിലും പൊതുവേദിയിലുമെത്തുന്ന സ്ത്രീകൾ; കാന്തപുരത്തിന് പിന്തുണയുമായി സമസ്ത ഇ.കെ വിഭാഗം നേതാക്കളും

മലപ്പുറം: കാന്തപുരം അബൂബക്കർ മുസലിയാരുടെ വിവാദ പരാമർശത്തെ പിന്തുണച്ച് സമസ്ത ഇ.കെ വിഭാഗം നേതാക്കൾ. നാസർ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ തുടങ്ങിയ നേതാക്കളാണ് കാന്തപുരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്. മതകാര്യങ്ങളിൽ പണ്ഡിതന്മാർ നിലപാടുകൾ പറയുന്നത് അവരുടെ ബാധ്യതയാണെന്ന് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കി.

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ദീനിന്റെ കാര്യങ്ങൾ പണ്ഡിതന്മാർ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും അതാണ് അവരുടെ ഉത്തരവാദിത്തമെന്നും മുസ്തഫ മുണ്ടുപാറ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ഇസ്‌ലാമിന്റെ വ്യവസ്ഥകൾ പഠിപ്പിച്ച പ്രവാചകന്റെ ജന്മദിനാഘോഷ വേളയിൽ ഇത്തരം നിർദേശങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മതകാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന നിർദേശത്തെ കുറ്റമായി കാണുന്നവരോട് സഹതാപിക്കാനേ കഴിയൂവെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു. വിശ്വാസിയുടെ ജീവിതത്തിന് മതം നിർദേശിക്കുന്ന ചിട്ടകളും വ്യവസ്ഥകളുമുണ്ട്. ഇക്കാര്യങ്ങൾ സമയാസമയങ്ങളിൽ പണ്ഡിത നേതൃത്വവും സംഘടനാ സംവിധാനവും ഓർമപ്പെടുത്തും. മിലാദ് റാലിയായാലും ഓണാഘോഷമായാലും ഇതേ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം കുറിച്ചു.

അതേസമയം, മതവിധി പറയാൻ കാന്തപുരം അബൂബക്കർ മുസലിയാർക്ക് അവകാശമുണ്ടെന്ന് നാസർ ഫൈസി കൂടത്തായി പ്രതികരിച്ചു. മതം പഠിച്ച പണ്ഡിതന്മാരുടെ ഉത്തരവാദിത്തം മതവിധികൾ ബോധ്യപ്പെടുത്തുകയും അവ സംബന്ധിച്ച് നിരന്തരം സംസാരിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കാന്തപുരത്തെ അംഗീകരിക്കുന്ന സ്ത്രീകൾ പൊതുഇടങ്ങളിലും വേദികളിലും എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നിലപാട് പറയാമെന്നും അംഗീകരിക്കാത്തവർക്ക് അത് തള്ളിക്കളയാമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു. എന്നാൽ പറയാൻ പാടില്ലെന്ന തിട്ടൂരം ഒരു മതപണ്ഡിതനോടും വേണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.

അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് ഒഴിവാക്കണമെന്നും കാന്തപുരം അബൂബക്കർ മുസലിയാർ നേരത്തെ പറഞ്ഞിരുന്നു. നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതിനെ തുടർന്ന് വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശവുമായി സമസ്ത കാന്തപുരം വിഭാഗം രംഗത്തെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img