09:16am 08 October 2026
NEWS
വിവാഹ വാ​ഗ്ദാനം നൽകി തായ്‌ യുവതിയിൽ നിന്ന് 60 ലക്ഷം വാങ്ങി മുങ്ങിയ യുവാവ് അറസ്റ്റിൽ
08/10/2026  08:24 AM IST
nila
വിവാഹ വാ​ഗ്ദാനം നൽകി തായ്‌ യുവതിയിൽ നിന്ന് 60 ലക്ഷം വാങ്ങി മുങ്ങിയ യുവാവ് അറസ്റ്റിൽ

 

കാൺപൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്‌ലൻഡ് സ്വദേശിനിയെ വിവാഹം കഴിച്ച ശേഷം ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയെന്ന പരാതിയിൽ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ. തുകൽ വ്യാപാരിയായ ഇർഫാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലൻഡ് സ്വദേശിയായ ഉപ്സോൺ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

റസ്റ്ററന്റ് നടത്തിപ്പുകാരിയായ ഉപ്സോണും ഇർഫാനും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് മാറി. താൻ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ചാണ് ഇർഫാൻ യുവതിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

രണ്ട് വർഷം മുൻപ് ഉപ്സോണിനെ കാണാനായി ഇർഫാൻ തായ്‌ലൻഡിലെത്തി. ഇവിടെവച്ച് ഇരുവരും വിവാഹിതരായി. വിവാഹശേഷം ബിസിനസ് ആവശ്യങ്ങൾക്കും മറ്റ് സാമ്പത്തിക ആവശ്യങ്ങൾക്കുമായി ഇർഫാൻ പണം ആവശ്യപ്പെട്ടതായും യുവതി പറയുന്നു. ഇതനുസരിച്ച് ഏകദേശം 60 ലക്ഷം രൂപയാണ് ഉപ്സോൺ ഇർഫാന് നൽകിയതെന്നാണ് പരാതി.

റസ്റ്ററന്റിൽ നിന്നുള്ള വരുമാനത്തിന് പുറമെ ബന്ധുക്കളിൽനിന്ന് കടം വാങ്ങിയുമാണ് യുവതി പണം കണ്ടെത്തിയത്. എന്നാൽ പണം കൈപ്പറ്റിയതിന് പിന്നാലെ ഇർഫാൻ ബന്ധം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് ആരോപണം.

മാസങ്ങളോളം ഭർത്താവിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമൊന്നും ലഭിക്കാതായതോടെ ഉപ്സോൺ ഇന്ത്യയിലെത്തുകയായിരുന്നു. ഒക്ടോബർ ആറിന് കാൺപൂരിലെ ഇർഫാന്റെ വീട്ടിലെത്തിയപ്പോഴാണ് താൻ വഞ്ചിക്കപ്പെട്ടതായി യുവതി തിരിച്ചറിഞ്ഞതെന്നാണ് പരാതി.

ഇർഫാൻ 12 വർഷം മുൻപേ വിവാഹിതനായിരുന്നെന്നും മൂന്ന് മക്കളുണ്ടെന്നും അപ്പോഴാണ് മനസ്സിലായതെന്ന് ഉപ്സോൺ പൊലീസിനോട് പറഞ്ഞു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ഇർഫാൻ ശാരീരികമായി ഉപദ്രവിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും യുവതി ആരോപിച്ചു.

തുടർന്ന് ഉപ്സോൺ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഇർഫാനെ അറസ്റ്റ് ചെയ്ത പൊലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img