
യുവാവിനെ ഭാര്യയും ഭാര്യയുടെ കാമുകനും ചേർന്ന് കൊലപ്പെടുത്തി. ഭാര്യയുടെ അവിഹിത ബന്ധത്തെ എതിർത്തതോടെയാണ് യുവാവിന് ജീവൻ നഷ്ടമായത്. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ലക്ഷ്മൺ ഖേഡ ഗ്രാമവാസിയായ ധർമേന്ദ്ര പാസിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ധർമ്മേന്ദ്രയുടെ ഭാര്യ റീന, യുവതിയുടെ കാമുകനും ധർമ്മേന്ദ്രയുടെ ബന്ധുവുമായ സതീഷ് എന്നിവർ അറസ്റ്റിലായി.
മേയ് 11ന് രാത്രിയിലാണ് ധർമ്മേന്ദ്ര കൊല്ലപ്പെടുന്നത്. റീനയും ബന്ധുവായ സതീഷും തമ്മിലുള്ള അവിഹിത ബന്ധം ധർമേന്ദ്ര അറിയുകയും ഭാര്യയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മേയ് 10ന് രാത്രി ഭക്ഷണത്തിൽ ഉറക്കഗുളിക നൽകി മയക്കി ശേഷമാണ് കൊലപാതകം നടത്തിയത്. ചൂടു കാരണം പുറത്തെ കട്ടിലിലാണ് ധർമേന്ദ്ര കിടന്നത്. ഉറക്കഗുളിക കഴിച്ച് ബോധം പോയതോടെ സതീഷിനെ വിളിച്ചു വരുത്തി മരത്തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു.
കൊലപാതകം നടക്കുന്നതിനു ദിവസങ്ങൾക്ക് മുൻപ് ധർമേന്ദ്രയും ചിലരുമായി സംഘർഷമുണ്ടായിരുന്നു. സ്വാഭാവികമായും പൊലീസ് സംശയിച്ചത് അവരെയാണ്. റീനയും പൊലീസിനോട് പറഞ്ഞത് ധർമ്മേന്ദ്രയുമായി ശത്രുതയുള്ള സംഘം കൊലപ്പെടുത്തിയതാകാം എന്നായിരുന്നു. എന്നാൽ, പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിൽ കൊലപാതകി വീട്ടിനുള്ളിലുണ്ടെന്ന നിഗമനത്തിലെത്തി. റീനയുടെ ഫോൺകോളുകൾ പരിശോധിച്ചപ്പോൾ കാമുകനും ബന്ധുവുമായ സതീഷുമായി ഏറെ നേരം ഫോണിൽ സംസാരിച്ചിരുന്നതായി കണ്ടെത്തി. ദിവസവും ശരാശരി 60ന് മുകളിൽ കോളുകൾ. പൊലീസിന്റെ ചോദ്യംചെയ്യലിൽ ഇരുവർക്കും ഏറെനേരം പിടിച്ചു നിൽക്കാനായില്ല.വീട്ടിലെ ശുചിമുറിയിൽനിന്നും വരാന്തയിൽ നിന്നും ചോരക്കറ കണ്ടെത്തിയതാണ് പൊലീസിന് കേസിൽ തുമ്പുണ്ടാക്കിയത്. ഫോൺ വിവരങ്ങൾ പരിശോധിച്ചശേഷം നടത്തിയ ചോദ്യം ചെയ്യലിൽ റീന കുറ്റം സമ്മതിച്ചു. ഫൊറൻസിക് തെളിവുകളും നിർണായകമായി. ഇരുവരുടെയും ഫോണിൽനിന്ന് അശ്ലീല ദൃശ്യങ്ങളും കണ്ടെത്തി.











