
കണ്ണൂർ: മലയാളിക്ക് പകരം വയ്ക്കാനില്ലാത്ത മഹാ പ്രതിഭ ശ്രീകുമാരൻ തമ്പിയെ കണ്ണൂർ ആദരിച്ചു. കണ്ണൂർ വേവ്സ് കൂട്ടായ്മയുടെ അനുബന്ധ സംരംഭമായ നീലാംബരി വേവ്സ് മ്യൂസിക് ക്ലബ്ബാണ് കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശ്രീകുമാരൻ തമ്പി നൈറ്റ് എന്ന പരിപാടിയിൽ ശ്രീകുമാരൻ തമ്പിയെ ആദരിച്ചത്.എന്നും മനുഷ്യനായിരിക്കാനാണ് ഞാൻ ആഗ്രഹിച്ചതെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു.ആകാശരൂപിണി അന്നപൂർണേശ്വരി എന്ന ഗാനം എഴുതുമ്പോൾ ഞാൻ ഹിന്ദുവായി, സത്യനായകാ മുക്‌തി ദായകാ എന്നെഴുതുമ്പോൾ ക്രിസ്ത്യാനിയായി , തത്കാല ദുനിയാവ് കണ്ട് നീ മയങ്ങാതെ എഴുതിയപ്പോൾ ഞാൻ മുസ്ലിമായി. എന്നും മനുഷ്യനായിരിക്കാൻ ആഗ്രഹിച്ചാണ് എന്നും ഞാൻ പാട്ടുകൾ എഴുതിയത്. നിറഞ്ഞ കരഘോഷത്തോടെയാണ് കണ്ണൂർ അവരുടെ തമ്പിസാറിന്റെ വാക്കുകൾ സ്വീകരിച്ചത്.കണ്ണൂർ വേവ്സ് നീലാംബരിയുടെ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലെസാമൂഹിക, സാംസ്കാരിക, കായിക, വ്യവസായ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച മുൻ ലയൺസ് ഗവർണറും മുൻ മുനിസിപ്പൽ ചെയർമാനുമായ പി.വി ലക്ഷ്മണൻ സ്മാരക പുരസ്കാരം പ്രമുഖ വ്യവസായിയും കെ.കെ ഗ്രൂപ്പ് ചെയർമാനുമായ കെ.കെ മോഹൻ ദാസിന് ശ്രീകുമാരൻ തമ്പി നൽകി ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം മേയർ മുസ്ലിഹ് മഠത്തിൽ നിർവ്വഹിച്ചു. കണ്ണൂർ വേവ്സ് പ്രസിഡന്റ് കെ.പി ശ്രീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീകുമാരൻ തമ്പി രചിച്ച ഗാനങ്ങുടെ ആലാപന മത്സര വിജയികൾക്കുള്ള പുരസ്കാരം നൽകി. ഒ എൻ രമേശ്, എം.സി സുരേഷ് കുമാർ ,കെ പ്രമോദ്, കെ.കെ മോഹൻദാസ് , ഡോ. മുരളി മോഹൻ ,സി. സുനിൽ കുമാർ , കെ. ജ്യോതി പ്രകാശ്, ശ്യാം നാരായണൻ , കെ.പി ബാലകൃഷ്ണൻ , ചലച്ചിത്ര താരം ഐശ്വര്യ അനീഷ് കെ എന്നിവർ പങ്കെടുത്തു.ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കി സംഗീത കലാക്ഷേത്രവിദ്യാർഥികൾ അവതരിപ്പിച്ച നൃത്ത ശിൽപവും ഗാന മത്സര വിജയികളുടെ ഗാനാലാപനവും അരങ്ങേറി.
Photo Courtesy - Google









