
കണ്ണൂർ: തളിപ്പറമ്പിൽ ഭർതൃവീട്ടിൽ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. പടപ്പേങ്ങാട്ട് സ്വദേശി പ്രവീണ മോഹൻ (31) ആണ് മരിച്ചത്. എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയാണ് പ്രവീണ.
തിങ്കളാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ഭർതൃവീട്ടിൽ പ്രവീണ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. സൈനികനായ ഭർത്താവ് ജോലിസംബന്ധമായി പുറത്തായിരുന്ന സമയത്താണ് സംഭവം. മക്കൾക്കൊപ്പം ഭർത്താവിന്റെ വീട്ടിലായിരുന്നു പ്രവീണ താമസിച്ചിരുന്നത്.
യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം സംബന്ധിച്ച് നിലവിൽ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.










