
കഴിഞ്ഞദിവസം 30 പവനും നാലുലക്ഷം രൂപയും നഷ്ടമായ കണ്ണൂരിലെ വീട്ടിലെ യുവതി കർണാടകയിലെ ലോഡ്ജിൽ വെച്ച് കൊല്ലപ്പെട്ടു. കല്യാട് ചുങ്കസ്ഥാനം സ്വദേശി എ.പി.സുഭാഷിന്റെ ഭാര്യ ദർഷിത (22)യെയാണ് ആൺസുഹൃത്ത് കർണാടക പെരിയപട്ടണം സ്വദേശി സിദ്ധരാജു കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപത്തിരണ്ടുകാരനായ സിദ്ധരാജു, ദർഷിതയുടെ വായിൽ ഇലക്ട്രിക് ഡിറ്റനേറ്റർ തിരുകി ഷോക്കേൽപിച്ചു കൊല്ലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വെള്ളിയാഴ്ച രാവിലെയാണു കല്യാട്ടെ വീട്ടിൽനിന്നു മകൾ അരുന്ധതിയുമൊത്ത് ദർഷിത സ്വന്തം നാടായ കർണാടകയിലെ ഹുൻസൂർ ബിലിക്കരെയിലേക്കു പോയത്. അന്ന് വൈകിട്ടോടെയാണ് മോഷണവിവരം അറിയുന്നത്. ദർഷിതയുടെ ഭർത്താവ് സുഭാഷ് വിദേശത്താണ്. കല്യാട്ടെ വീട്ടിൽ ദർഷിതയ്‌ക്കൊപ്പം ഭർതൃമാതാവ് സുമതയും ഭർതൃസഹോദരൻ സൂരജുമാണ് താമസം. ഇരുവരും രാവിലെ പണിക്കുപോയി. ദർഷിതയാണ് അവസാനം വീടുപൂട്ടി ഇറങ്ങിയത്. വൈകിട്ട് പണികഴിഞ്ഞു സുമത തിരിച്ചെത്തിയപ്പോഴാണു കവർച്ച നടന്നതായി അറിയുന്നത്.
മകളെ സ്വന്തം വീട്ടിലാക്കിയ ശേഷമാണ് യുവതി ആൺസുഹൃത്തിനൊപ്പം സാലിഗ്രാമിലെ ലോഡ്ജിലേക്ക് പോയത്. ലോഡ്ജിൽവച്ചു ദർഷിതയും സിദ്ധരാജുവും തമ്മിൽ വാക്കേറ്റമുണ്ടായതായെന്നാണ് പൊലീസ് പറയന്നത്. ഇതിനിടെയാണ് യുവാവ് ദർഷിതയെ കൊലപ്പെടുത്തിയത്.











