
കണ്ണൂർ പായത്ത് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പായം കേളൻപീടിക സ്വദേശിനി സ്നേഹ (24) തൂങ്ങിമരിച്ച സംഭവത്തിലാണ് യുവതിയുടെ ഭർത്താവ് ജിനീഷിനെ അറസ്റ്റ് ചെയ്തത്. ജിനീഷിന്റെ പീഡനം സഹിക്കാനാകാതെയാണ് സ്നേഹ ജീവനൊടുക്കിയതെന്ന കുടുംബത്തിന്റെ പരാതിയെ തുടർന്നാണ് പൊലീസിന്റെ നടപടി. ഭർത്താവിന്റെയും ഇയാളുടെ കുടുംബാംഗങ്ങളുടെയും പീഡനത്തിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് എഴുതിവെച്ച ശേഷമായിരുന്നു സ്നേഹ ജീവനൊടുക്കിയത്.
തിങ്കളാഴ്ച വൈകീട്ടാണ് സ്നേഹയെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയത്. ഭർത്താവ് ജിനീഷും കുടുംബവും സ്നേഹയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നാണ് യുവതിയുടെ ബന്ധുക്കൾ പറയുന്നത്. സ്ത്രീധനം ആവശ്യപ്പെട്ടും പലതവണ ഉപദ്രവിച്ചിരുന്നു. ഇതോടെ ഇരിട്ടി, ഉളിക്കൽ പൊലീസ് സ്റ്റേഷനുകളിൽ ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നെങ്കിലും പൊലീസ് ഈ പരാതികൾ ഒത്തുതീർപ്പാക്കി വീണ്ടും ഇരുവരേയും ഒന്നിച്ചുവിടുകയായിരുന്നു എന്നും ബന്ധുക്കൾ ആരോപിക്കുന്നു.
2020 ജനുവരിയിലായിരുന്നു ഇരുവരുടേയും വിവാഹം. പിന്നീടിങ്ങോട്ട് ജിനീഷും കുടുംബവും നിരന്തരം സ്നേഹയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് സ്നേഹയുടെ ബന്ധുക്കളുടെ ആരോപണം. കുഞ്ഞ് ജനിച്ച ശേഷം കുഞ്ഞ് വെളുത്തതാണെന്നും താൻ കറുത്തതാണെന്നും കുഞ്ഞ് തന്റേതല്ലെന്നും പറഞ്ഞും ജീനീഷ് സ്നേഹയെ ഉപദ്രവിച്ചിരുന്നതായാണ് ആരോപണം.
ഏപ്രിൽ 15-ന് രാത്രി ഇതേച്ചൊല്ലി വലിയ വഴക്കുണ്ടായി. തുടർന്ന് സ്നേഹയെ കുടുംബം ഭർതൃവീട്ടിൽനിന്ന് സ്വന്തംവീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസം സ്നേഹയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഭർത്താവ് ജിനീഷ് സ്നേഹയെ ഫോണിൽവിളിച്ചിരുന്നു. ജിനീഷിന്റെ ഫോൺകോൾ വന്നശേഷം മുറിയിൽകയറി വാതിലടച്ച സ്നേഹയെ വൈകീട്ട് ആറരയോടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയതെന്നും ബന്ധുക്കൾ പറഞ്ഞു.











