
മൂന്നാർ: കണ്ണൂരിൽ നിന്ന് മൂന്നാറിലേക്ക് 379 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് ലഭിച്ചത് വെറും 355 രൂപ വരുമാനം. യാത്രയ്ക്കിടെ ബസിൽ കയറിയത് മൂന്ന് യാത്രക്കാർ മാത്രമാണെന്നാണ് വിവരം. അസാധാരണമായി കുറഞ്ഞ വരുമാനത്തെ തുടർന്ന് കെഎസ്ആർടിസി സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഓണത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിൽ അധിക സർവീസിനായി മൂന്നാർ ഡിപ്പോയിൽ നിന്ന് ഒരു ബസ് അധികൃതരുടെ നിർദേശപ്രകാരം വിട്ടുനൽകിയിരുന്നു. സീസൺ സർവീസുകൾ അവസാനിച്ചതോടെ ബസ് വീണ്ടും മൂന്നാറിലേക്ക് തിരിച്ചെത്തിക്കാനാണ് കഴിഞ്ഞ ദിവസം ഡിപ്പോ അധികൃതർ നിർദേശം നൽകിയത്.
ഡ്രൈവർക്കും കണ്ടക്ടർക്കുമൊപ്പം ടിക്കറ്റ് മെഷീനും നൽകി ബസ് മൂന്നാറിലേക്ക് അയക്കുകയായിരുന്നു. മടങ്ങിവരുന്ന യാത്രയിൽ മൂന്നാർ ബോർഡ് പ്രദർശിപ്പിച്ച് യാത്രക്കാരെ കയറ്റാമെന്നായിരുന്നു നിർദേശം.
എന്നാൽ ബസ് മൂന്നാർ ഡിപ്പോയിൽ തിരിച്ചെത്തിയ ശേഷം ടിക്കറ്റ് മെഷീനും പണവും കൈമാറിയപ്പോഴാണ് സർവീസിന്റെ ആകെ വരുമാനം വെറും 355 രൂപയാണെന്ന് കണ്ടെത്തിയത്. 379 കിലോമീറ്റർ ദൂരം പിന്നിട്ട സർവീസിൽ മൂന്ന് യാത്രക്കാരിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്.
വരുമാനത്തിലെ വൻ കുറവ് ശ്രദ്ധയിൽപ്പെട്ടതോടെ സംഭവത്തിന്റെ സാഹചര്യങ്ങൾ പരിശോധിക്കാൻ കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










