
തളിപ്പറമ്പ്: ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കണ്ണൂർ തയ്യിൽ സ്വദേശിനി ശരണ്യയുടെ ശിക്ഷയാണ് തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി ഇതിനെ പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ, സ്വന്തം കുഞ്ഞിനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞുകൊന്ന കേസായതുകൊണ്ടുതന്നെ ജീവപര്യന്തം തടവ് വിധിക്കുന്നു എന്നാണ് കോടതി പറഞ്ഞത്.
2020 ഫെബ്രുവരി 17നാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. ഭർത്താവുമായി പിരിഞ്ഞ് താമസിച്ചിരുന്ന ശരണ്യ, തന്റെ ആൺസുഹൃത്ത് നിധിനൊപ്പം ജീവിക്കുന്നതിന് മകൻ തടസ്സമാകുമെന്ന് കരുതിയാണ് ഒന്നര വയസ്സുള്ള കുഞ്ഞ് വിയാനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
സംഭവദിനം ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശരണ്യ, കുഞ്ഞിനെ അദ്ദേഹത്തിന്റെ അടുത്ത് കിടത്തി ഉറക്കിയിരുന്നു. തുടർന്ന് എല്ലാവരും ഉറങ്ങിയശേഷം കുഞ്ഞിനെ എടുത്ത് വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയി കടൽഭിത്തിയിലേക്കാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
രണ്ടുതവണയാണ് ശരണ്യ കുഞ്ഞിനെ കടലിലേക്ക് എറിഞ്ഞത്. ആദ്യ ശ്രമത്തിൽ കുഞ്ഞ് മരിക്കാതെ കരഞ്ഞതോടെ, ശബ്ദം കേട്ട് വീണ്ടും സ്ഥലത്തെത്തി കുഞ്ഞിനെ എടുത്ത് കടൽഭിത്തിയിൽ നിന്ന് വീണ്ടും എറിഞ്ഞാണ് കൊലപാതകം നടത്തിയത്.
കേസിൽ രണ്ടാം പ്രതിയായ ശരണ്യയുടെ ആൺസുഹൃത്ത് നിധിനെ തെളിവുകളുടെ അഭാവം മൂലം കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടു. നിധിക്കെതിരെ ഗൂഢാലോചന അടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നെങ്കിലും, അവ കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.











