11:01pm 25 April 2026
NEWS
''എന്നെ ഇങ്ങനയാക്കിയത് വീട്ടുകാർ, അച്ഛനെയും കൊല്ലണം''; കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിന്റെ വെളിപ്പെടുത്തൽ
25/04/2026  05:04 PM IST
nila
എന്നെ ഇങ്ങനയാക്കിയത് വീട്ടുകാർ, അച്ഛനെയും കൊല്ലണം; കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവിന്റെ വെളിപ്പെടുത്തൽ

 


കണ്ണൂരിൽ അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. തന്നെ ഇങ്ങനെ ആക്കിയത് വീട്ടുകാരാണെന്നായിരുന്നു പ്രതിയായ ക്രിസ്റ്റി അയൽവാസിയോട് പറഞ്ഞത്. കേളകം കൊളക്കാടിലെ താന്നിക്കുന്നിൽ താമസിക്കുന്ന ഗീതമ്മ (50)യെ മകൻ ക്രിസ്റ്റി (25) ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നതിനിടെ അയൽവാസിയായ കെ.വി. നിപുനോടാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്. അച്ഛനെയും കൊല്ലണമെന്ന് ക്രിസ്റ്റി പറഞ്ഞതായും നിപുൻ വ്യക്തമാക്കി.

സംഭവസമയത്ത് വലിയ ശബ്ദം കേട്ടാണ് സമീപവാസികൾ വീട്ടിലെത്തിയത്. ഗീതമ്മയുടെ സഹോദരന്മാരും ക്രിസ്റ്റിയും തമ്മിൽ സംഘർഷം നടന്നിരുന്നു. വീട്ടിനുള്ളിൽ കയറി നോക്കിയപ്പോൾ ഗീതമ്മ രക്തത്തിൽ കിടക്കുന്ന നിലയിൽ കണ്ടതായി നിപുൻ പറഞ്ഞു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. ഇതിനിടെ ക്രിസ്റ്റി വീടുവിട്ട് പുറത്തേക്ക് പോയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ സമീപത്തെ കടയിൽ ഇയാളെ കണ്ടെത്തി. സംസാരിച്ച് സമാധാനിപ്പിച്ച ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ നിപുൻ തന്നെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി. സ്റ്റേഷനിൽ പോകുന്നതിനിടെയാണ് വീട്ടുകാരെ കുറിച്ച് കുറ്റപ്പെടുത്തി ക്രിസ്റ്റി പ്രതികരിച്ചത്.

ക്രിസ്റ്റി ലഹരി ഉപയോഗിക്കുന്നതായി നാട്ടുകാർ പറയുന്നു. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥി ആയിരുന്ന ക്രിസ്റ്റി പഠനം ഉപേക്ഷിച്ച് അടുത്തിടെ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. കഴിഞ്ഞ ഒരു മാസമായി വീട്ടിലായിരുന്നു താമസം. സംഭവസമയത്ത് ക്രിസ്റ്റിയുടെ പിതാവ് തങ്കച്ചൻ സ്ഥലത്തില്ലായിരുന്നു. കുടുംബത്തിന് പുതിയ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് അദ്ദേഹം പുറത്തായിരുന്നു. ഗീതമ്മ പ്രദേശത്ത് സജീവ സാമൂഹിക പ്രവർത്തകയായിരുന്നു; കൂടാതെ ബ്യൂട്ടി പാർലറും ടെയ്‌ലറിങ് സ്ഥാപനവും നടത്തി വരികയായിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്കരിക്കും. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img