04:13am 26 October 2026
NEWS
ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ഉപയോ​ഗം: റഫീനയ്ക്ക് എക്സൈസിന്റെ മറുപടി
07/04/2025  04:46 AM IST
nila
ലോഡ്ജിൽ മുറിയെടുത്ത് എംഡിഎംഎ ഉപയോ​ഗം: റഫീനയ്ക്ക് എക്സൈസിന്റെ മറുപടി

കണ്ണൂർ തളിപ്പറമ്പിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ വിവാദം. ഇരിക്കൂർ സ്വദേശി റഫീന (24), മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ (37) , കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടിയതായി എക്സൈസ് അറിയിച്ചിരുന്നു. എന്നാൽ, ഇതിന് പിന്നാലെ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നാരോപിച്ച് റഫീന സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നു എന്നും എംഡിഎംഎയുമായി പിടിച്ചെങ്കിൽ എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല എന്നും റഫീന വീഡിയോയിൽ ചോദിച്ചിരുന്നു. താൻ ഇപ്പോൾ ജയിലിലല്ല, വീട്ടിലാണുള്ളതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ എക്സൈസ് ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങിയ ശേഷം തന്നെ കുടുക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ ആരോപണം. എന്നാൽ, റഫീനയുടെ ആരോപണങ്ങളെല്ലാം എക്സൈസ് നിഷേധിച്ചു. 

റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നാണ് എക്സൈസ് വ്യക്തമാക്കുന്നത്. അതിന് യുവതി ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുത്തിട്ടുണ്ടെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കുന്നു. എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല എന്ന റഫീനയുടെ ചോദ്യത്തിനും എക്സൈസ് ഉദ്യോ​ഗസഥർ വ്യക്തമായ മറുപടി നൽകുന്നുണ്ട്. പിടികൂടിയ എംഡിഎംഎ കുറഞ്ഞ അളവിലായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നാമ് എക്‌സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. 

ദിവസങ്ങളോളം വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചാണ് രണ്ട് യുവതികളും രണ്ട് പുരുഷന്മാരും ലഹരി ഉപയോ​ഗിച്ചിരുന്നത് എന്നാണ് എക്സൈസ് കണ്ടെത്തിയത്. പെരുന്നാൾ ആഘോഷത്തിന് സുഹൃത്തിന്റെ വീട്ടിൽ പോകുന്നു എന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽ നിന്നിറങ്ങിയത്. സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികൾ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടർച്ചയായി ലഹരി ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞതെന്നാണ് വിവരം.

ഇന്നലെ റഫീന പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞത് ഇങ്ങനെ: 

‘‘എൻറെ പേരിൽ കേസെടുക്കാതെ ചാനലുകളിൽ വിഡിയോ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവർക്ക് സർക്കാർ എന്തിനാണ് ജോലി കൊടുക്കുന്നതെന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും എൻറെ പേരിൽ ഒരു കേസുമില്ല. കുറേ പേർ കമന്റ് ഇട്ടിട്ടുണ്ട് ഞാൻ ജയിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്സ് ചെയ്യാൻ മടിയില്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാൻ എൻറെ വീട്ടിൽ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. എന്നെ പൊലീസുകാര് പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത് അവര് കരുതിക്കൂട്ടി ഒറ്റിക്കൊടുത്തിട്ട് വന്നതാണ്. വിഡിയോയും ഫോട്ടോയും വന്നുവെന്ന് കരുതി എനിക്ക് ആരെയും അഭിമുഖികരിക്കാൻ ഒരു പേടിയുമില്ല. കാരണം ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാത്രം ഞാൻ പേടിക്കേണ്ട കാര്യമുള്ളു. ഞാൻ തെറ്റ് ചെയ്യാത്തിടത്തോളം ഒരാളെയും പേടിക്കേണ്ട കാര്യമില്ല.

എൻറെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വിഡിയോ കണ്ടു. എല്ലാവരും ഷെയർ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കിൽ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാൻഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാൻ. ഇതിൻറെ സത്യം അറിയും വരെ ഞാൻ ഇതിൻറെ പിറകിൽ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്സൈസുകാരല്ല ആരു തന്നെ ആണ് ഇതിൻറെ പിന്നിലെങ്കിലും ഞാൻ ഇതിൻറെ പിറകിൽ തന്നെ ഉണ്ടാകും.

ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധർമ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിൻറെ പേരു പോലും പറയാൻ ഇവർക്ക് പേടിയാണ്. ആ റൂമിൽ എക്സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവൻ ഓഫായി, എന്തിനാ അത് ഓഫാക്കിയത്. എക്സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലിൽ കൊണ്ടുപോയാൽ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവർ എന്നെ ഒന്നും ചെയ്യാത്തത്. ഇവർക്ക്  വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എൻറെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എൻറെ കമൻറിൽ വന്ന് ഇനി ആരും ജയിലിലാണോ അതോ വേറെ എവിടെയെങ്കിലുമാണോ എന്ന് ചോദിക്കേണ്ടതില്ല.’’

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img