
കണ്ണൂർ: തടവുകാർ തയ്യാറാക്കി വിപണിയിലെത്തിക്കുന്ന ‘ഫ്രീഡം ഫുഡ്’ ഉത്പന്നങ്ങളുടെ വിലയിൽ വർധനവ്. ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ചിക്കൻ ബിരിയാണിയുടെ വില 70 രൂപയിൽ നിന്ന് 80 രൂപയായും വെജിറ്റബിൾ ബിരിയാണിയുടെ വില 45 രൂപയിൽ നിന്ന് 50 രൂപയായും ഉയർത്തി. റൈസിന്റെ വിലയും 40 രൂപയിൽ നിന്ന് 45 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്കുകൾ ജൂൺ 5 മുതൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു.
അതേസമയം, മറ്റ് ജയിൽ ഉത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം മൂലമാണ് ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വില വർധിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജയിൽ സൂപ്രണ്ടുമാർ ഒരു വർഷം മുമ്പ് തന്നെ സർക്കാരിനെ സമീപിച്ചിരുന്നു.
കുറഞ്ഞ വിലയും മികച്ച ഗുണനിലവാരവും കാരണം ജയിൽ ഭക്ഷണങ്ങൾക്ക് വലിയ ജനപ്രീതിയാണ് ലഭിക്കുന്നത്. ചിക്കൻ ബിരിയാണിക്കും ചപ്പാത്തിക്കുമാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.
പ്രതിമാസം ശരാശരി 7.82 ലക്ഷം ചപ്പാത്തികളാണ് ജയിലിൽ തയ്യാറാക്കി വിപണിയിലെത്തിക്കുന്നത്. ചപ്പാത്തിക്കു പുറമെ ബിരിയാണി, പച്ചക്കറി കറികൾ, മുട്ടക്കറി, ചിക്കൻകറി, ചിക്കൻ കബാബ്, ചിക്കൻ ചില്ലി, കായ വറുത്തത്, ചോക്ലേറ്റ്, ലഡു തുടങ്ങിയവയും വിൽപ്പനയ്ക്കുണ്ട്.
സെൻട്രൽ ജയിലിന് സമീപത്തെ ജയിൽ കഫെയിലും ജയിലിന് മുന്നിലെ കൗണ്ടറുകളിലും തളിപ്പറമ്പ്, തലശ്ശേരി, കൂത്തുപറമ്പ് ബസ് സ്റ്റാൻഡുകളിലും കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലുമാണ് ഫ്രീഡം ഫുഡ് ഉത്പന്നങ്ങൾ ലഭ്യമാകുന്നത്.










