
തിരുവനന്തപുരം: റെയിൽവേ ട്രാക്കുകളിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയപ്പോൾ മറ്റ് ചില സർവീസുകൾ നിശ്ചിത സമയത്തേക്കാൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
തിരുവനന്തപുരം ഡിവിഷനിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കണ്ണൂർ–എറണാകുളം ജങ്ഷൻ ഇന്റർസിറ്റി എക്സ്പ്രസ് (16306) സെപ്റ്റംബർ 25, 26, 27, ഒക്ടോബർ 2, 4, 6, 9, 11, 13 തീയതികളിൽ തൃശ്ശൂർ–എറണാകുളം ഭാഗത്ത് സർവീസ് നടത്തില്ല. ഈ ദിവസങ്ങളിൽ ട്രെയിൻ തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.
സേലം ഡിവിഷനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കോയമ്പത്തൂർ–ഷൊർണൂർ പാസഞ്ചർ (56603) സെപ്റ്റംബർ 18, 26 തീയതികളിൽ കോയമ്പത്തൂർ–പോത്തന്നൂർ ഭാഗത്ത് ഭാഗികമായി റദ്ദാക്കും. ഈ ദിവസങ്ങളിൽ പോത്തന്നൂർ ജങ്ഷനിൽ നിന്നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.
അതേസമയം ഷൊർണൂർ–കോയമ്പത്തൂർ പാസഞ്ചർ (56604) സർവീസും ഇതേ ദിവസങ്ങളിൽ പോത്തന്നൂർ–കോയമ്പത്തൂർ ഭാഗത്ത് റദ്ദാക്കും. ട്രെയിൻ പോത്തന്നൂരിൽ യാത്ര അവസാനിപ്പിക്കും.
കോയമ്പത്തൂർ–ജബൽപൂർ വീക്ക്ലി സ്പെഷ്യൽ എക്സ്പ്രസ് (02197) സെപ്റ്റംബർ 21ന് കോയമ്പത്തൂർ–പോത്തന്നൂർ ഭാഗത്ത് സർവീസ് നടത്തില്ല. അന്ന് പോത്തന്നൂരിൽ നിന്നാകും ട്രെയിൻ പുറപ്പെടുക.
വൈകിയോടുന്ന ട്രെയിനുകൾ
പാലക്കാട് ഡിവിഷനിലെ അറ്റകുറ്റപ്പണികളുടെ പശ്ചാത്തലത്തിൽ ചില ട്രെയിനുകളുടെ സമയക്രമത്തിലും മാറ്റമുണ്ടാകും.
മംഗളൂരു സെൻട്രൽ–ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638): സെപ്റ്റംബർ 6, 8, 10, 13 തീയതികളിൽ പരമാവധി 45 മിനിറ്റ് വൈകും.
ഹസ്രത് നിസാമുദ്ദീൻ–എറണാകുളം മംഗള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12618): സെപ്റ്റംബർ 5, 12 തീയതികളിൽ 45 മിനിറ്റ് വൈകും.
ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307): ഒക്ടോബർ 3ന് 30 മിനിറ്റ് വൈകിയോടും.
എറണാകുളം–പാലക്കാട് മെമു (66610): സെപ്റ്റംബർ 25നും ഒക്ടോബർ 3നും 35 മിനിറ്റ് വൈകും.
അറ്റകുറ്റപ്പണി നടക്കുന്ന ദിവസങ്ങളിൽ യാത്രക്കാർ ട്രെയിൻ പുറപ്പെടുന്ന സമയവും സർവീസ് നടത്തുന്ന റൂട്ടും മുൻകൂട്ടി പരിശോധിച്ച് യാത്ര ക്രമീകരിക്കണമെന്ന് റെയിൽവേ അറിയിച്ചു.










