
കണ്ണൂർ: തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ 17-കാരൻ മരിച്ച സംഭവത്തിൽ ഗുരുതര കണ്ടെത്തലുകളുമായി മനുഷ്യാവകാശ കമ്മീഷൻ. ചികിത്സയിലെ വീഴ്ചയാണ് സൂര്യജിത്തിന്റെ മരണത്തിന് കാരണമായതെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കും ചികിത്സ നടന്ന ക്ലിനിക്കിനും ആവശ്യമായ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും കമ്മീഷന്റെ അന്വേഷണത്തിൽ വ്യക്തമായി. നേരത്തെ പിഴവുകളില്ലെന്ന് റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിച്ച ആരോഗ്യവകുപ്പിനും പൊലീസിനുമെതിരെയും കമ്മീഷൻ രൂക്ഷവിമർശനം ഉന്നയിച്ചു. സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടു.
2024 ജൂലൈയിലാണ് കണ്ണൂർ സ്വദേശിയായ സൂര്യജിത്ത് (17) തൊണ്ടയിലെ ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചത്. കണ്ണൂരിലെ പ്രിയ ഇഎൻടി ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. രണ്ടാം ദിവസം രക്തം ഛർദിച്ച് ആരോഗ്യനില വഷളായതിനെ തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശസ്ത്രക്രിയയിലെ പിഴവും ആരോഗ്യനില ഗുരുതരമായിട്ടും മതിയായ ചികിത്സ ലഭിക്കാത്തതുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ ആദ്യം നടത്തിയ ഡിഎംഒയുടെ അന്വേഷണത്തിൽ അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് ഡിഎംഒ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് നടത്തിയ പരിശോധനയിൽ ഡോക്ടറുടെ ഭാഗത്തോ ചികിത്സയിലോ പിഴവില്ലെന്നായിരുന്നു റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസിലെ അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്നാണ് കുടുംബം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്റെ അന്വേഷണത്തിലാണ് ആരോഗ്യവകുപ്പിന്റെയും പൊലീസിന്റെയും ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകൾ പുറത്തുവന്നത്. സൂര്യജിത്തിന് ശസ്ത്രക്രിയ നടത്തിയ ഡോ. സന്ദേശ് പ്രിയദർശന് കേരള മെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ല. വിവരാവകാശ രേഖകളിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ശസ്ത്രക്രിയ നടന്ന പ്രിയ ഇഎൻടി ക്ലിനിക്കിനും അവിടെനിന്നുള്ള നിർദേശപ്രകാരം കുട്ടിയെ പ്രവേശിപ്പിച്ച ഫാത്തിമ ആശുപത്രിക്കും സംഭവസമയത്ത് ആവശ്യമായ രജിസ്ട്രേഷൻ ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. രക്തം ഛർദിച്ച് അവശനിലയിലായ കുട്ടിക്ക് സമയബന്ധിതമായി മതിയായ ചികിത്സ നൽകുന്നതിലും വീഴ്ചയുണ്ടായി. ഫാത്തിമ ആശുപത്രിയിലെ ചികിത്സാരേഖകളിൽ തിരുത്തലുകൾ വരുത്തിയതായും കമ്മീഷൻ കണ്ടെത്തി.
ഇത്രയും ഗുരുതരമായ വിഷയങ്ങൾ നിലനിൽക്കെ, ഡോക്ടർക്കും ആശുപത്രികൾക്കും നിയമപരമായ രജിസ്ട്രേഷൻ ഉണ്ടായിരുന്നോ എന്ന കാര്യം പോലും ഡിഎംഒയുടെ അന്വേഷണസംഘമോ പൊലീസോ പരിശോധിച്ചില്ലെന്നതാണ് കമ്മീഷന്റെ പ്രധാന വിമർശനം.
സംഭവത്തിൽ ക്രൈംബ്രാഞ്ചിലെ ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നാണ് കമ്മീഷന്റെ നിർദേശം. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്കും ക്ലിനിക്കൽ ജീവനക്കാർക്കും ആവശ്യമായ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. അന്വേഷണ പുരോഗതിയും സ്വീകരിച്ച നടപടികളും ഉൾപ്പെടുത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയോടും ആരോഗ്യവകുപ്പിനോടും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.










