
കന്നഡ സാഹിത്യരംഗത്ത് നവോന്മേഷം പകരുന്നതാണ് ബാനു മുസ്താഖിന്റെ ഹാർട്ട് ലാമ്പ്(ഹൃദയദീപം) എന്ന പുസ്തകം ഇത്തവണത്തെ ബുക്കർ പ്രൈസിന് അർഹമായി എന്ന വാർത്ത. ഇന്നലെ ലണ്ടനിൽ നടന്ന ചടങ്ങിൽ ബാനു മുസ്താഖ് സാഭിമാനം ബുക്കർ പ്രൈസ് ഏറ്റുവാങ്ങി.ഈപുരസ്‌കാരം നേടുന്ന ആദ്യത്തെ കന്നഡ എഴുത്തുകാരിയാണ് ബാനു.
(2013ൽ യു ആർ അനന്തമൂർത്തിയുടെ പുസ്തകം മാൻ ബുക്കർ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു) മാക്സ് പോർട്ടർ തലവനായ ജഡ്ജിങ് കമ്മിറ്റി തെരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളുടെ ആദ്യപട്ടികയിൽ ഹാർട്ട് ലാമ്പ് ഉൾപ്പെട്ടിരുന്നു.പതിനൊന്ന് കഥകളുടെ സമാഹാരമായ ഈ പുസ്തകം ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഗ്രാമീണവും വൈവിദ്ധ്യമാർന്നതും യാഥാർഥ്യങ്ങൾ തുറന്നുകാട്ടുന്നതുമായ രചനാശൈലിയാണ് ബാനു മുസ്താഖിന്റേതെന്ന് വിധികർത്താക്കൾ വിലയിരുത്തുന്നു. അരികുവൽക്കരിക്കപ്പെട്ട സ്ത്രീ ജീവിതങ്ങളുടെ, വിശേഷിച്ചും മുസ്ലിംസ്ത്രീകളുടെ വേദനയും യാതനയും തനിമയോടെ തുറന്നുകാട്ടുന്നവയാണ് സമാഹാരത്തിലെ മിക്ക കഥകളും. ഏപ്രിൽ ആറിന് പുറത്തുവിട്ട ആറു പുസ്തകങ്ങളുടെ ചുരുക്കപ്പട്ടികയിലും ഈ പുസ്തകം ഇടം നേടിയിരുന്നു.
അൻപതിനായിരം പൗണ്ട്( 52,95,090 രൂപ)ആണ് ബുക്കർ സമ്മാനത്തുക. അത് മൂല ഗ്രന്ഥകർത്താവിനും വിവർത്തനം ചെയ്യുന്ന ആൾക്കും തുല്യമായി വീതിച്ചുനൽകും. ബാനു മുസ്താഖിന്റെ ഹസീനയും മറ്റു കഥകളും എന്ന സമാഹാരം കഴിഞ്ഞവർഷം ഇംഗ്ലീഷ് പെൻ ട്രാൻസ്‌ലേഷൻ പുരസ്‌കാരം നേടിയിരുന്നു. ഈ പുസ്തകവും ദീപ ബസ്തിയാണ് വിവർത്തനം ചെയ്തത്. ഹസീന പ്രശസ്ത സംവിധായകൻ ഗിരീഷ് കാസറവള്ളി സിനിമയാക്കിയിരുന്നു. തീക്ഷ്‌ണമായ ജീവിത യഥാർഥ്യങ്ങൾ സർഗ്ഗാത്മകമികവോടെ വായനക്കാരിലേക്ക് എത്തിക്കുന്ന ബാനു മുസ്താഖ് എഴുപതുകൾ മുതൽ പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി നിലയുറപ്പിച്ചിട്ടുള്ള എഴുത്തുകാരിയാണ്. ഹാസൻ സ്വദേശിനിയായ, എഴുപത്തേഴ് വയസ്സുള്ള ഈ എഴുത്തുകാരിയുടെ ആദ്യകാല രചനകൾ ലങ്കേഷ് പത്രികയിലാണ് പ്രത്യക്ഷപ്പെട്ടത്. ഏതാനും വർഷം ആ പ്രസിദ്ധീകരണത്തിന്റെ പ്രതിനിധിയായിരുന്ന അവർ അറിയപ്പെടുന്ന അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമാണ്. കന്നഡനാടിന്റെ പുകൾ ലോകതലത്തിലെത്തിച്ച ബാനു മുസ്താഖിനെ മുഖ്യമന്ത്രി സിദ്ധരാമയ്യയും മറ്റു നിരവധി പ്രമുഖരും അഭിനന്ദിച്ചു.
Photo Courtesy - Google











