
അവിഹിതബന്ധം ആരോപിച്ച് നടിയെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ്. കന്നഡ സീരിയൽനടിയും അവതാരകയുമായ ശ്രുതി(സി. മഞ്ജുള-38)യെയാണ് ഭർത്താവ് അമരേഷ് കുത്തികൊലപ്പെടുത്താൻ ശ്രമിച്ചത്. നടിക്കുനേരേ മുളകുപൊടി വിതറിയതിനുശേഷം കത്തികൊണ്ട് പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഈ മാസം നാലിനാണ് ആക്രമണമുണ്ടായത്. അമരേഷിനെ ബെംഗളൂരു പൊലീസ് അറസ്റ്റുചെയ്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി അപകടനില തരണംചെയ്തതായി ഡോക്ടർമാർ പറഞ്ഞു.
‘അമൃതധാരെ’ എന്ന ജനപ്രിയ കന്നഡ സീരിയലിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി. ഇരുപത് വർഷം മുമ്പാണ് ശ്രുതി അമരേഷിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളാണുള്ളത്. ഹനുമന്ദനഗറിൽ വാടകവീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. ഇതിനിടെയാണ് മറ്റൊരാളുമായി ബന്ധമുണ്ടെന്നാരോപിച്ച് അമരേഷ് ഭാര്യയുമായി പിണങ്ങുന്നത്. അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ശ്രുതി കുട്ടികൾക്കൊപ്പം ഏതാനുംമാസമായി അമരേഷിൽനിന്നും അകന്ന് കഴിയുകയായിരുന്നു. അക്രമംനടന്നതിന്റെ മൂന്നുദിവസം മുൻപാണ് നടിയും കുട്ടികളും വീട്ടിലേക്ക് തിരികെ വന്നത്.











