12:38am 16 August 2026
NEWS
ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കണ്ഠര് രാജീവർ; മകൻ ബ്രഹ്മദത്തിനെ നിയമിക്കണമെന്ന് ദേവസ്വം ബോർഡിനോട് അപേക്ഷ
11/07/2026  12:47 PM IST
nila
ശബരിമല തന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് കണ്ഠര് രാജീവർ; മകൻ ബ്രഹ്മദത്തിനെ നിയമിക്കണമെന്ന് ദേവസ്വം ബോർഡിനോട് അപേക്ഷ

 

തിരുവനന്തപുരം: ഈ മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമലയിലെ തന്ത്രി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠര് രാജീവർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. ആരോഗ്യപ്രശ്നങ്ങൾ കാരണം താന്ത്രിക ചടങ്ങുകൾ നിർവഹിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും, പകരം മകൻ ബ്രഹ്മദത്തിനെ തന്ത്രിയായി നിയമിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളുവെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

ഊഴക്രമപ്രകാരം ഈ മണ്ഡല-മകരവിളക്ക് സീസണിൽ തന്ത്രിസ്ഥാനം വഹിക്കേണ്ടത് കണ്ഠര് രാജീവറായിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിന് പിന്നാലെയാണ് തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അദ്ദേഹം മുന്നോട്ടുവച്ചിരിക്കുന്നത്.

അതേസമയം, ശബരിമലയുടെയും മാളികപ്പുറത്തിന്റെയും മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്ന അഭിമുഖങ്ങളിൽ തന്ത്രിയുടെ നിലയിൽ കണ്ഠര് രാജീവർ പങ്കെടുക്കുമോയെന്ന കാര്യത്തിലും ദേവസ്വം ബോർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ശബരിമലയുടെ താന്ത്രികാവകാശമുള്ള താഴമൺ മഠത്തിലെ കണ്ഠര് മോഹനരും കണ്ഠര് രാജീവരുമായിരുന്നു ഇതുവരെ തന്ത്രി ചുമതലകൾ നിർവഹിച്ചിരുന്നത്. പിന്നീട് കണ്ഠര് മോഹനർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് മകൻ കണ്ഠര് മഹേഷ് മോഹനർ ചുമതലയേറ്റിരുന്നു. ഇതിന് പിന്നാലെയാണ് കണ്ഠര് രാജീവരും തന്റെ സ്ഥാനത്ത് മകൻ ബ്രഹ്മദത്തിനെ നിയമിക്കണമെന്ന് ഔദ്യോഗികമായി ദേവസ്വം ബോർഡിനോട് അഭ്യർഥിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img