
വിവാഹം കഴിക്കാതെ ഗർഭിണിയായ അനുഭവം തുറന്നു പറഞ്ഞ് നടി കൽക്കി കൊച്‌ലിൻ. 'കല്യാണം കഴിക്കാതെ നീ എങ്ങനെ ഗർഭിണിയായി?'എന്ന ചോദ്യം താൻ നേരിട്ടെന്നാണ് താരം വെളിപ്പെടുത്തിയത്. വർഷങ്ങളായി താൻ പങ്കാളിക്കൊപ്പമായിരുന്നു താമസമെന്നും അതിനിടെയാണ് ഗർഭിണിയായതെന്നും താരം പറയുന്നു. എന്നാൽ, വിവാഹം കഴിക്കാതെ ഗർഭിണിയായത് ഉൾക്കൊള്ളാൻ സമൂഹം തയ്യാറായിരുന്നില്ല എന്നാണ് കൽക്കി പറയുന്നത്. എന്റർടെയിൻമെന്റ് പ്ലാറ്റ്‌ഫോമായ സൂമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
നടിയുടെ വാക്കുകൾ ഇങ്ങനെ:
''അതൊരു വലിയ കാര്യമായി എനിക്ക് തോന്നിയില്ല. എന്നാൽ അങ്ങനെ കരുതുന്ന ഒട്ടേറെ പേരുണ്ട്. ഞാൻ വിവാഹിതയാകാതെ ഗർഭിണിയായപ്പോൾ അതൊരു വലിയ പ്രശ്‌നമായിരുന്നു. 'കല്യാണം കഴിക്കാതെ നീ എങ്ങനെ ഗർഭിണിയായി?' എന്നെല്ലാമാണ് ആളുകൾ ചോദിച്ചത്. അതൊക്കെ 18-ാം നൂറ്റാണ്ടിലെ പ്രയോഗങ്ങളാണ്. നിങ്ങളെന്താ ഷേക്ക്‌സ്പിയറിന്റെ നാടകത്തിലാണോ ഉള്ളത്? എനിക്ക് മനസിലാകുന്നില്ല.''
''അതെ, ഞാൻ എന്റെ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. വർഷങ്ങളായി ഞങ്ങൾ ഒന്നിച്ചായിരുന്നു. ഞങ്ങൾക്കൊരു കുഞ്ഞുണ്ടായി. ഇതെല്ലാം സാധാരണ കാര്യമാണ്. ഞങ്ങൾ ലിവിങ് ടുഗെദറാണ്. ഞങ്ങൾ ഒന്നിച്ചാണ് ഉറങ്ങാറ്. അപ്പൊ ഇതെല്ലാം സംഭവിക്കും. ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് കരുതുന്നൊരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്.''











