
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നതോടെ ദേശീയതലത്തിൽ ചർച്ചയാകുന്നത് ഒരു വനിതയുടെ വിജയമാണ്. ഔസ്ഗ്രാം മണ്ഡലത്തിൽ നിന്ന് വിജയിച്ച കലിത മാഝിയാണ് ദേശീയതലത്തിൽ പോലും ചർച്ചയാകുന്നത്. വീട്ടുവേലക്കാരിയായിരുന്ന മാഝി ഇനിമുതൽ എംഎൽഎയാണ്.
ഔസ്ഗ്രാം മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു കലിത മാഝി. 1,07,692 വോട്ടുകൾ നേടിയാണ് അവർ വിജയിച്ചത്. എതിരാളിയായ ശ്യാമപ്രസന്ന ലോഹാറിനെ 12,535 വോട്ടുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കലിത മാഝി ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചിരുന്നുവെങ്കിലും അന്ന് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി അഭേനന്ദ തണ്ടറിനോട് തോൽക്കുകയായിരുന്നു. എന്നാൽ ഇത്തവണ പാർട്ടി വീണ്ടും അവസരം നൽകുകയും നല്ല ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കുകയും ചെയ്തു.
ഗുസ്കറ നഗരസഭ പ്രദേശവാസിയായ കലിത മാഝി രാഷ്ട്രീയത്തിലേക്കെത്തുന്നതിന് മുൻപ് നാലു വീടുകളിൽ വീട്ടുജോലി ചെയ്താണ് ഉപജീവനം നടത്തിയിരുന്നത്. പ്രതിമാസം ഏകദേശം 2,500 രൂപ മാത്രമായിരുന്നു ഇവരുടെ വരുമാനം. വളരെ ചെറിയ ജീവിതത്തിൽ നിന്ന് നിയമസഭാംഗത്വത്തിലേക്കുള്ള അവരുടെ യാത്ര ഇപ്പോൾ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
294 അംഗ പശ്ചിമബംഗാൾ നിയമസഭയിൽ 206 സീറ്റുകൾ നേടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി. അധികാരത്തിലേക്ക് എത്തുന്നത്. 15 വർഷമായി തുടരുന്ന തൃണമൂൽ കോൺഗ്രസ് ഭരണത്തിന് ഇതോടെ വിരാമമായി. മുഖ്യമന്ത്രി മമത ബാനർജിക്കുപോലും സ്വന്തം ശക്തികേന്ദ്രമായ ഭവാനിപുരിൽ തിരിച്ചടി നേരിട്ടത് തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്നായി.










