
കാളികാവ്: ഓൺലൈൻ നിക്ഷേപ തട്ടിപ്പു കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ചേളന്നൂർ പറമ്പിൽ തൊടിയിൽ കെ. സോന (23), കോവൂർ സ്വദേശി പടിഞ്ഞാറം കണ്ടി റമീഷ് (41) എന്നിവരാണ് പിടിയിലായത്.ഓൺലൈൻ പരസ്യത്തിലൂടെ വാഗ്ദാനം ചെയ്ത അമിത ലാഭവിഹിതത്തിൽ വിശ്വസിച്ച് നിക്ഷേപം നടത്തി 47 ലക്ഷം രൂപ നഷ്ടമായെന്ന പരാതിയിലാണ് അറസ്റ്റ്. മലപ്പുറം കാളികാവ് പൂങ്ങോട് സ്വദേശിയുടെ പരാതിയിലാണ് കാളികാവ് പോലീസിന്റെ നടപടി.
വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ വ്യാപാര നിക്ഷേപമെന്ന പേരിൽ ആകർഷകമായ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പണം സ്വീകരിക്കുകയായിരുന്നു തട്ടിപ്പുസംഘം. തുടക്കത്തിൽ ചെറിയ തുകകൾ ലാഭമായി നൽകിയത് നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കാനായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വലിയ തുകകൾ നിക്ഷേപിച്ചവർക്കാണ് പണം പിൻവലിക്കാൻ കഴിയാതെ നഷ്ടം സംഭവിച്ചത്.
പല ബാങ്ക് അക്കൗണ്ടുകളിലായി പണം സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. അക്കൗണ്ട് പരിശോധനയിലൂടെ പ്രതികളിലേക്കെത്തിയ പോലീസ്, സോനയും റമീഷും ചേർന്നുള്ള ജോയിന്റ് അക്കൗണ്ടിൽ കണ്ടെത്തിയ ഒൻപത് ലക്ഷം രൂപ മരവിപ്പിച്ചു. അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായും വ്യക്തമായി.
പിടിയിലായവർ തങ്ങൾ ഏജന്റുമാരാണെന്നാണ് പൊലീസിനോട് പറഞ്ഞത്. മുഖ്യകണ്ണികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. സോനയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.











