03:41am 12 November 2026
NEWS
തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്


07/12/2025  07:40 AM IST
nila
തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് ഇന്ന്

തിരുവനന്തപുരം: ഡിസംബർ 9-ന് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ അവസാന ദിവസമാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ചൊവ്വാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിൽ ഇന്നു വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. കലാശക്കൊട്ട് കൊഴുപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് പാർട്ടികളും മുന്നണികളും. എല്ലാ മുന്നണികളും പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ്. 

പ്രചാരണത്തിന്റെ ആവേശം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുമ്പോൾ ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ ഇന്നലെ തന്നെ കൊട്ടിക്കലാശം നടന്നു. ഞായറാഴ്ച അവധി കാരണം ഒരു ദിവസം മുൻകൂർ ആഘോഷങ്ങൾ നടത്തിയ എൽഡിഎഫും എൻഡിഎയും ടൗൺ മേഖലയിൽ പ്രകടനങ്ങളോടെ പ്രചാരണത്തിനുതിരശ്ശീലവീഴ്ത്തി. യുഡിഎഫ് ഇന്ന് വൈകിട്ട് കൊട്ടിക്കലാശം നടത്താനിരിക്കുകയാണ്.

വോട്ടെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർണ്ണമായി പൂർത്തിയായതായി ബന്ധപ്പെട്ട ജില്ലാ കളക്ടർമാർ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ട്. അതേസമയം, സമാപന പരിപാടികളിലും വലിയ റാലികളിലും നിയമലംഘനങ്ങളില്ലെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നിർദേശങ്ങളുമായി രംഗത്തുവന്നു. ട്രാഫിക് തടസ്സമുണ്ടാക്കുന്ന പരിപാടികൾ ഒഴിവാക്കണമെന്നും, ശബ്ദനിയമലംഘനങ്ങളും പരസ്യപ്രചാരണ തർക്കങ്ങളും ശക്തമായി നിയന്ത്രിക്കണമെന്നും ജില്ലാ ഭരണകൂടത്തെയും പോലീസിനെയും കമ്മീഷൻ നിർദ്ദേശിച്ചു.

വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപുമുതൽ വോട്ടെണ്ണൽ തീരും വരെ പൂർണ മദ്യനിരോധനം ബാധകമായിരിക്കും. പോസ്റ്റൽ ബാലറ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി സംസ്ഥാനത്തെ പോസ്റ്റ് ഓഫീസുകൾ വൈകുന്നേരം ആറുവരെ പ്രവർത്തിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

സെമി ഫൈനൽ എന്ന നിലയിലാണ് രാഷ്ട്രീയ പാർട്ടികൾ ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ കാണുന്നത്. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന്റെ സൂചനയാകും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്നാണ് രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img