07:43pm 06 October 2026
NEWS
ജോലിക്കായി സ്പായിലെത്തി; പിന്നീട് സംഭവിച്ചത് കൊടുംക്രൂരത! ലഹരി നൽകി പീഡനം; രക്ഷപ്പെട്ടത് ആത്മഹത്യാ ഭീഷണിയിൽ
06/10/2026  03:25 PM IST
nila
ജോലിക്കായി സ്പായിലെത്തി; പിന്നീട് സംഭവിച്ചത് കൊടുംക്രൂരത! ലഹരി നൽകി പീഡനം; രക്ഷപ്പെട്ടത് ആത്മഹത്യാ ഭീഷണിയിൽ

കൊച്ചി: കളമശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ പീഡനമെന്ന് ഭർത്താവ്. സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണ് തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്ന് യുവതി പറഞ്ഞതായി ഭർത്താവ് വെളിപ്പെടുത്തി. ഗുരുതരമായ മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സ്പായുടെ മറവിൽ യുവതികളെ കെണിയിൽപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്ന സംഘമാണ് പ്രവർത്തിച്ചിരുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയെ ലഹരി കലർത്തിയ ഐസ്ക്രീം നൽകി ബോധം കെടുത്തിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് മൊഴി.

സംഭവത്തിൽ സ്പാ നടത്തിപ്പുകാരനും ഒന്നാം പ്രതിയുമായ ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി ശ്രീരാജ്, നാലാം പ്രതി തൃക്കാക്കര തേവയ്ക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. വയനാട് സ്വദേശിനി അമ്മുവും സുഹൃത്ത് സഞ്ജുവുമാണ് ഇനി പിടിയിലാകാനുള്ളത്. ശ്രീരാജ്, ജിത്ത്, അമ്മു എന്നിവർ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പൊലീസ് കണ്ടെത്തൽ. ലോഡ്ജിൽ നിന്ന് രക്ഷപ്പെടാനുള്ള യുവതിയുടെ ശ്രമം തടഞ്ഞത് സഞ്ജുവാണെന്നും പൊലീസ് പറയുന്നു.

ഒഎൽഎക്സിലെ പരസ്യം കണ്ട് ജോലിക്കെത്തി

നേരത്തെ അധ്യാപികയായി ജോലി ചെയ്തിരുന്ന യുവതി ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് പുതിയ ജോലി അന്വേഷിക്കുന്നതിനിടെയാണ് ഒഎൽഎക്സിൽ സ്പായിലെ മാനേജർ ഒഴിവിന്റെ പരസ്യം കണ്ടത്. ഭർത്താവ് ടാക്സി ഡ്രൈവറാണ്.

സംഭവദിവസം രാവിലെ ഭർത്താവ് മൂന്നാറിലേക്ക് ടൂറിസ്റ്റുകളുമായി പോയിരുന്നു. ഇതിനിടെയാണ് ഇന്റർവ്യൂവിനായി വിളിച്ചിട്ടുണ്ടെന്ന് യുവതി അറിയിച്ചത്. രാവിലെ അഭിമുഖത്തിന് പോയ യുവതി പത്ത് മണിയോടെ തിരിച്ചെത്തി ജോലി ലഭിച്ചതായും ശമ്പളം, ജോലി ചെയ്യുന്ന സ്ഥലം തുടങ്ങിയ വിവരങ്ങളും ഭർത്താവിനോട് പറഞ്ഞു.

എന്നാൽ പതിനൊന്നോടെ വീണ്ടും പുറത്തേക്ക് പോകണമെന്ന് യുവതി പറഞ്ഞതോടെ ആരോഗ്യസ്ഥിതി പരിഗണിച്ച് ഭർത്താവ് വിലക്കി. തുടർന്ന് യുവതി ഫോൺ എടുക്കാതായതോടെ ഭർത്താവ് ആശങ്കപ്പെട്ടു. അയൽവാസികളെയും വീട്ടുടമയെയും വിവരമറിയിച്ച് വീട്ടിൽ പരിശോധിച്ചെങ്കിലും യുവതിയെ കണ്ടെത്താനായില്ല.

പിറ്റേന്ന് വീട്ടിലെത്തിയപ്പോൾ ഞെട്ടിക്കുന്ന അവസ്ഥ

അടുത്ത ദിവസം വൈകിട്ട് ആറോടെയാണ് യുവതി ഭർത്താവിന്റെ ഫോൺ എടുത്തത്. ഇടപ്പള്ളിയിലാണെന്നും കൂട്ടുകാരിയുടെ വീട്ടിൽ പോയതാണെന്നും ഫോണിന്റെ ഡിസ്പ്ലേ തകരാറിലായതിനാലാണ് ബന്ധപ്പെടാൻ കഴിയാതിരുന്നതെന്നും യുവതി പറഞ്ഞു.

എന്നാൽ രാത്രി ഭർത്താവ് വീട്ടിലെത്തിയപ്പോൾ യുവതി ഇരുട്ടിൽ മുഖം മറച്ച് കിടക്കുകയായിരുന്നു. കൊച്ചിയിൽനിന്ന് വരുമ്പോൾ മുഖത്ത് ചൂടേറ്റതിനാൽ വീക്കം ഉണ്ടായതാണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് പരിശോധിച്ചപ്പോഴാണ് മുഖത്തിന്റെ ഇരുവശങ്ങളിലും ഗുരുതരമായ വീക്കവും പരിക്കുകളും കണ്ടെത്തിയത്.

തുടർച്ചയായി ചോദിച്ചപ്പോഴാണ് യുവതി താൻ നേരിട്ട ക്രൂരമായ സംഭവങ്ങൾ ഭർത്താവിനോട് വെളിപ്പെടുത്തിയത്.

ഐസ്ക്രീമിൽ ലഹരി കലർത്തിയെന്ന് മൊഴി

ഇന്റർവ്യൂവിനായി എത്തിയ യുവതിയെ മാനേജർ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് വിളിച്ചതെന്നാണ് വിവരം. അവിടെ എത്തിയപ്പോൾ ബിയറും ഐസ്ക്രീമും നൽകി. ഐസ്ക്രീമിൽ ലഹരി കലർത്തി നൽകിയതോടെ ബോധം നഷ്ടപ്പെട്ടെന്നും പിന്നീട് ഉണർന്നപ്പോഴാണ് താൻ പീഡനത്തിനിരയായ വിവരം മനസ്സിലായതെന്നും യുവതി പറഞ്ഞതായി ഭർത്താവ് പറയുന്നു.

സംഘത്തിൽപ്പെട്ടവർ യുവതിയുടെ ഫോൺ കൈക്കലാക്കി ലോക്ക് അഴിച്ചുവെച്ചതായും പറയുന്നു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വീണ്ടും ഉപദ്രവിക്കുകയും യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടെന്നും പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയതായും മൊഴിയുണ്ട്.

ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി

വൈകുന്നേരത്തോടെ കൂടുതൽ ആളുകൾ മുറിയിലേക്ക് എത്തിയതോടെ രക്ഷപ്പെടാൻ മറ്റൊരു മാർഗമില്ലെന്ന് മനസ്സിലാക്കിയ യുവതി ബിയർ കുപ്പി തല്ലിപ്പൊട്ടിച്ചു. സ്വയം കുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് സംഘം യുവതിയെ വിട്ടയച്ചതെന്നാണ് ഭർത്താവ് പറയുന്നത്.

നിലവിൽ യുവതിയുടെ പ്രാഥമിക മൊഴി മാത്രമാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ കൂടുതൽ വിശദമായ മൊഴി രേഖപ്പെടുത്താനാകൂവെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള അമ്മുവിനെയും സഞ്ജുവിനെയും ഉടൻ പിടികൂടാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

സ്പായിൽ പൊലീസ് പരിശോധന; സ്ഥാപനം പൂട്ടിച്ചു

ശ്രീരാജ് പങ്കാളിത്തത്തോടെ നാല് സ്പാകൾ നടത്തുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അതിക്രമം നടന്നതായി ആരോപിക്കപ്പെടുന്ന ഇടപ്പള്ളി കൂനംതൈ ഉണിച്ചിറയിലെ ഡിലൈറ്റ് ആയുർവേദിക് സ്പാ പൊലീസ് പൂട്ടിച്ചു.

സ്ഥാപനത്തിന്റെ മറ്റ് പങ്കാളികളെയും ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിക്കും. സ്പായുടെ മറവിൽ കൂടുതൽ യുവതികൾ സമാനമായ ചൂഷണത്തിന് ഇരയായിട്ടുണ്ടോയെന്നതും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img