12:02am 08 November 2026
NEWS
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ
15/03/2025  08:38 AM IST
nila
കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ട് പൂർവ വിദ്യാർത്ഥികൾ പിടിയിൽ

കൊച്ചി: കളമശ്ശേരി സർക്കാർ പോളിടെക്നിക് കോളേജ് ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പോളിടെക്നിക് കോളേജിലെ പൂർവവിദ്യാർത്ഥികളായ ആഷിക്കിനെയും ഷാലിനെയുമാണ് പൊലീസ് പിടികൂടിയത്. ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചത് ആഷിക്കാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ രണ്ടാമന് കഞ്ചാവ് കേസുമായുള്ള ബന്ധം പരിശോധിച്ച് വരികയാണ്. കഴിഞ്ഞ വർഷം കോളജിൽ നിന്നും പഠിച്ചിറങ്ങിയവരാണ് ഇപ്പോൾ പിടിയിലായ രണ്ടുപേരും. 

ഇന്നലെ കഞ്ചാവുമായി അറസ്റ്റിലായ വിദ്യാർത്ഥികളുടെ മൊഴിയിൽ നിന്നാണ് പൊലീസ് പൂർവ വിദ്യാർത്ഥികളിലേക്ക് എത്തിയത്. ഹോസ്റ്റലിൽ പുറത്തുനിന്നുള്ളവരും സ്ഥിരമായി എത്തുന്നുണ്ടെന്ന് പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. കോളേജ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോയിലേറെ കഞ്ചാവ് ശേഖരമാണ് പൊലീസ് ഇന്നലെ പിടിച്ചെടുത്തത്. 

സംഭവത്തിൽ രണ്ട് എഫ് ഐ ആറുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ആദ്യത്തെ എഫ് ഐ ആറിൽ കൊല്ലം കുളത്തുപ്പുഴ സ്വദേശി ആകാശ് (21) പ്രതിയാണ്. 1.909 കിലോ ഗ്രാം കഞ്ചാവാണ് ആകാശിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തത്. പ്രതി വില്പനയ്ക്കും ഉപയോഗത്തിനും വേണ്ടിയാണ് കഞ്ചാവ് സൂക്ഷിച്ചത്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ട് പ്രതികളാണുള്ളത്. ഹരിപ്പാട് സ്വദേശി ആദിത്യൻ (21), കരുനാഗപള്ളി സ്വദേശി അഭിരാജ്(21) എന്നിവരാണ് ഈ കേസിൽ പ്രതികൾ. ചെറിയ അളവാണ് പിടിച്ചെടുത്തത് എന്ന കാരണം പറഞ്ഞാണ് അഭിരാജിനെയും ആദിത്യനെയും പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. എന്നാൽ എസ്എഫ്ഐ നേതാവിനെ രക്ഷിക്കാനുള്ള ശ്രമത്തിൻറെ ഭാഗമായാണ് ഈ പൊലീസ് നടപടിയെന്ന വിമർശനമാണ് ഉയരുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img