
കളമശ്ശേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് രണ്ടുകോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തെന്ന യുവതിയുടെ പരാതിയിൽ നാൽപ്പത്തിമൂന്നുകാരൻ അറസ്റ്റിൽ. കാക്കനാട്ട് വാടകയ്ക്ക് താമസിക്കുന്ന കാസർകോട് കൊളഹൂർ വരികുളം വീട്ടിൽ പ്രദീപ്കുമാറാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പലതവണ പീഡിപ്പിച്ചെന്നും രണ്ടുകോടിയിലേറെ രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് കളമശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളിയിൽ ഭുവൻശ്രീ ഇൻഫോടെക് ആൻഡ് മാൻപവർ സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ സ്ഥാപനം നടത്തിവരികയായിരുന്നു പ്രദീപ് കുമാർ. തന്റെ സ്ഥാപനത്തിന് വിദേശത്തേക്ക് ജോലിക്ക് ആളെ കൊണ്ടുപോകാനുള്ള ലൈസൻസുണ്ടെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. യുവതി നടത്തിയിരുന്ന സ്ഥാപനത്തിലെ ഉദ്യോഗാർഥികൾക്ക് വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇയാൾ 2022 ഓഗസ്റ്റ് മുതൽ 2025 ജൂലായ് വരെ 78 ഉദ്യോഗാർഥികളിൽനിന്നായി 1,98,00,000 രൂപയും പ്രതിയുടെ ആവശ്യങ്ങൾക്കായി 4,50,000 രൂപയും തട്ടിയെടുത്തു. 2023 സെപ്റ്റംബറിൽ 15 പവൻ സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയായിരുന്നു.
ഇതിനിടെ ഇയാൾ യുവതിയെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് നിരവധി തവണ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് യുവതിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ടി. ദിലീഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷൈജ, എസ്സിപിഒമാരായ മാഹിൻ അബൂബക്കർ, ലിബിൻ കുമാർ എന്നിവരാണ് പുതുക്കാട്ടുനിന്ന് പ്രതിയെ പിടികൂടിയത്.








