
ബംഗളുരുവിലെ പ്രമുഖ മലയാളി സംഘടനയാണ് എച്ച് എ എൽ വിമാനപുര ആസ്ഥാനമായി പ്രവർത്തിക്കുന്ന കൈരളി കലാസമിതി. സംഘടന രൂപംകൊണ്ടത് 1954 ൽ ആണെങ്കിലും ചാരിറ്റി സൊസൈറ്റിയായി രജിസ്റ്റർ ചെയ്തതും വിദ്യാലയം ആരംഭിച്ചതും അറുപതുകളിലാണ്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലയളവിലാണ് സംഘടനയുടെ പ്രവർത്തനത്തിലും വിദ്യാലയങ്ങളുടെ നടത്തിപ്പിലും വൻ കുതിച്ചുചാട്ടമുണ്ടായത്. സംഘടനയുടെ കീഴിലിപ്പോൾ ഉയർന്ന നിലവാരത്തോടെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന പ്രൈമറി,ഹയർപ്രൈമറി സ്കൂളുകളും ഹൈസ്കൂളുകളുമുണ്ട്. സ്റ്റേറ്റ്, സെൻട്രൽ സിലബസ് പഠന സൗകര്യവും ആധുനിക സാങ്കേതിക സംവിധാനങ്ങളുമുള്ള കൈരളിനിലയം വിദ്യാലയങ്ങളിൽ മൂവ്വായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. അധ്യാപകർ ഉൾപ്പെടെ ഇരുനൂറോളം ജീവനക്കാരുണ്ട് ഈ സ്ഥാപനത്തിൽ. വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷകളിൽ നൂറുശതമാനം വിജയം നേടുന്ന, കർശനമെങ്കിലും സുതാര്യമായ അച്ചടക്കം നിലനിൽക്കുന്ന കൈരളിനിലയം നഗരത്തിലെ പ്രധാന വിദ്യാഭ്യാസ സമുച്ചയങ്ങളിലൊന്നാണ്. നിർധന കുടുംബങ്ങളിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് ഫീസിളവ് അനുവദിക്കുന്നുണ്ട്. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ പ്രശസ്ത സാമൂഹ്യപ്രവർത്തകനും എഴുത്തുകാരനുമായ സുധാകരൻ രാമന്തളി നേതൃത്വമേറ്റെടുത്തതോടെയാണ് കൈരളി കലാസമിതിയുടെ പ്രവർത്തനത്തിലും സ്കൂളുകളുടെ നടത്തിപ്പിലും മികവും വൻപുരോഗതിയും കൈവന്നത്. എച്ച്എഎൽ പാട്ടത്തിന് നൽകിയ ഒരേക്ര ഭൂമിയിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്. പിന്നീട് സി ജി കൃഷ്ണദാസ് നായർ എച്ച് എ എൽ ചെയർമാനായിരിക്കെ ഒരേക്ര ഭൂമി കൂടി അനുവദിച്ചു. എച്ച്എൽഎല്ലിൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനും യൂണിയൻ നേതാവുമായിരുന്ന സുധാകരൻ രാമന്തളിയുടെ നിരന്തരപരിശ്രമവും സമ്മർദ്ദവും അതിന്റെ പിന്നിലുണ്ട്.( 2001 ൽ രാജ്യം കൃഷ്ണദാസ് നായരെ പത്മശ്രീ നൽകി ആദരിച്ചു. 2022ൽ മികച്ച വിവർത്തകനുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ ദേശീയപുരസ്കാരം സുധാകരൻ രാമന്തളിയ്ക്ക് ലഭിച്ചു) ചെറുതും വലുതുമായ നാല് ഓഡിറ്റോറിയങ്ങൾ കൈരളിനിലയം ക്യാമ്പസിലുണ്ട്. പുതിയ നാലുനില കെട്ടിടത്തിന്റെ നിർമ്മാണജോലികൾ പുരോഗമിക്കുന്നു.അവിടെ പി യു കോളേജ് തുടങ്ങാനാണ് കലാസമിതി ആലോചിക്കുന്നത്. (സാഹിത്യോത്സവം) കലാസംസ്കാരിക രംഗത്തും കൈരളി കലാസമിതി ശ്രദ്ധേയമായ സേവനം കാഴ്ച വെക്കുന്നുണ്ട്. ഈ മാസം എട്ടിന് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന വിപുലമായ സാഹിത്യോത്സവം സംഘടിപ്പിക്കുകയാണ്. മലയാള സാഹിത്യരംഗത്തെ അതുല്യ പ്രതിഭകളെ ആദരിക്കാനും അനുമോദിക്കാനുമായി ഈ വർഷം മുതൽ ഏർപ്പെടുത്തുന്ന കൈരളി കലാസമിതി സാഹിത്യപുരസ്കാരദാനവും അന്ന് നടക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ് പുരസ്കാരം. എൻ എസ് മാധവനാണ് പ്രഥമ പുരസ്കാരത്തിന് അർഹനായത്. സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ പി രാജഗോപാലൻ എന്നിവരടങ്ങിയ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. വിഖ്യാത കന്നഡ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഡോ. ചന്ദ്രശേഖര കമ്പാർ പുരസ്കാരം സമ്മാനിക്കും. വിവിധ വിഷയത്തിൽ എൻ എസ് മാധവൻ, സുഭാഷ് ചന്ദ്രൻ, റഫീഖ് അഹമ്മദ്, ഇ പി രാജഗോപാലൻ എന്നിവർ നടത്തുന്ന പ്രഭാഷണങ്ങൾ, കവിയരങ്ങ് തുടങ്ങിയവ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. വൈകീട്ട് പുരസ്കാരദാനത്തിന് ശേഷം കനകദാസ് നയിക്കുന്ന മാതാ പേരാമ്പ്ര ( മലയാളം തിയ്യേട്രിക്കൽ ഹെറിറ്റേജ് ആൻഡ് ആർട്ട്സ്) ചിലപ്പതികാരം ( തമിഴ് മഹാകവി ഇളങ്കോവടികളുടെ ഇതിഹാസകാവ്യത്തിന്റെ രംഗാവിഷ്കരണം) അവതരിപ്പിക്കും. സുധാകരൻ രാമന്തളി (പ്രസിഡന്റ്), പി കെ സുധീഷ് (ജനറൽ സെക്രട്ടറി), വി എം രാജീവ് (ട്രഷറർ),രാധാകൃഷ്ണൻ ജെ നായർ ( വൈസ് പ്രസിഡണ്ട്), കെ രാധാകൃഷ്ണൻ ( ജോയിന്റ് സെക്രട്ടറി), സി വിജയകുമാർ (അസിസ്റ്റന്റ് സെക്രട്ടറി), ബി. രാജശേഖരൻ ( പ്രോഗ്രാം കൺവീനർ) എന്നിവരാണ് നിലവിൽ കൈരളി കലാസമിതിയുടെ ഭാരവാഹികൾ.











