05:53pm 08 September 2026
NEWS
എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം: വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാ ഫലം
07/09/2026  08:11 AM IST
nila
എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടം: വിദ്യാർഥികൾ മദ്യപിച്ചിരുന്നതായി ഫൊറൻസിക് പരിശോധനാ ഫലം

തൃശൂർ: ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിൽ എട്ട് എൻജിനീയറിങ് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ലഹരി ഉപയോഗവും അപകടകാരണമായിരുന്നോയെന്ന് പരിശോധിക്കുന്നു. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പ്രാഥമിക ഫൊറൻസിക് പരിശോധനയിൽ മരിച്ച വിദ്യാർഥികളിൽ ഭൂരിഭാഗം പേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായാണ് വിവരം.

മരിച്ച വിദ്യാർഥികളിൽ ഒരാളാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത്. സംഭവത്തിന്റെ കൂടുതൽ വ്യക്തതയ്ക്കായി വിദ്യാർഥികളുടെ രക്തസാംപിളുകൾ എറണാകുളം കാക്കനാട്ടെ കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു. രക്തത്തിൽ മദ്യത്തിന്റെ അളവ് പരിശോധിക്കുന്നതിനൊപ്പം രാസലഹരി ഉപയോഗിച്ചിരുന്നോയെന്നും പരിശോധന നടത്തും.

അതേസമയം, രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് മാത്രമുപയോഗിച്ച് അതാണ് അപകടത്തിന്റെ പ്രധാന കാരണമെന്ന് അന്തിമമായി സ്ഥിരീകരിക്കാനാകില്ലെന്ന് മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കർ വ്യക്തമാക്കി. അപകടത്തിലേക്ക് നയിച്ച മറ്റ് സാഹചര്യങ്ങളും വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി കെമിക്കൽ പരിശോധനാ ഫലങ്ങൾ നിർണായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img