
തൃശൂർ: പാട്ടും ഡാൻസുമായി ആഘോഷിച്ചെത്തിയ വിനോദയാത്ര ഒടുവിൽ കണ്ണീരിൽ കലാശിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തമിഴ്നാട് സ്വദേശികളായ യുവാക്കളുടെ കുടുംബാംഗങ്ങളുടെ വിലാപം നിറയുകയാണ്. ‘എൻ തങ്ക മകനേ...’ എന്ന അമ്മമാരുടെ നിലവിളി ആശുപത്രി പരിസരത്ത് നൊമ്പരക്കാഴ്ചയായി. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ എട്ടംഗ സംഘമാണ് ദേശീയപാത 66ൽ പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അപകടത്തിന് തൊട്ടുമുൻപ് യുവാക്കൾ കാറിനുള്ളിൽ പാട്ടുപാടിയും ഡാൻസ് ചെയ്തും യാത്ര ആസ്വദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പിന്നീട് പുറത്തുവന്ന ഈ ദൃശ്യങ്ങൾ ദുരന്തത്തിന്റെ വേദന ഇരട്ടിയാക്കുകയാണ്.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടം. ദേശീയപാത 66ൽ പനമ്പിക്കുന്നിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു. വിശ്വ (സേലം), സന്തോഷ്, പ്രസന്ന (മധുര), മുരളീകൃഷ്ണൻ, സൂര്യ, യുവസഞ്ജിത്, ജോഷ്വ (ദിണ്ടിഗൽ), ജീവ എന്നിവരാണ് മരിച്ചത്. അപകടവിവരം അറിഞ്ഞതോടെ കുടുംബാംഗങ്ങൾ രാവിലെ തന്നെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി.
വിനോദയാത്രയ്ക്കായാണ് സംഘം കേരളത്തിലെത്തിയത് എന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം സംബന്ധിച്ച് മോട്ടർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചിട്ടുണ്ട്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. എന്നാൽ കൃത്യമായ കാരണം കണ്ടെത്താൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അപകടമുണ്ടായ ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ലോറി നിർത്തിയിരുന്ന ട്രാക്ക് പൂർണമായും തുറന്നിട്ടില്ലായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റോഡിന്റെ നിലവിലെ സ്ഥിതിയും വാഹനത്തിന്റെ വേഗതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അപകടത്തിന്റെ യഥാർഥ കാരണം സ്ഥിരീകരിക്കുക.










