
മസ്കറ്റ്/ദോഹ: ഒമാനിൽ നടന്ന ജിസിസി പവർ 2026 (GCC POWER 2026) കോൺഫറൻസിൽ ഖത്തർ ജനറൽ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷന് (കഹ്‌റമ) ഇരട്ട അംഗീകാരം. വൈദ്യുത ഗവേഷണം, പുനരുപയോഗ ഊർജ്ജ വിനിയോഗം, പവർ സിസ്റ്റം വികസനം എന്നീ മേഖലകളിലെ മികവിനാണ് കഹ്‌റമ ആദരിക്കപ്പെട്ടത്.
സമ്മേളനത്തിലെ 'മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം' (Best Paper Award) കരസ്ഥമാക്കിയതിനൊപ്പം ഏറ്റവും കൂടുതൽ സാങ്കേതിക പ്രബന്ധങ്ങൾ സമർപ്പിച്ച സ്ഥാപനത്തിനുള്ള അംഗീകാരവും കഹ്‌റമ നേടി. നവംബർ 2 മുതൽ 4 വരെ മസ്കറ്റിലെ ജെ.ഡബ്ല്യു മെരിയറ്റ് ഹോട്ടലിലാണ് 22-ാമത് സിഗ്രെ (CIGRE) ജിസിസി അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും നടന്നത്.
പവർ ക്വാളിറ്റി ഇൻ ദി പ്രസൻസ് ഓഫ് ഹൈ റിന്യൂവബിൾ ജനറേഷൻ: എ കേസ് സ്റ്റഡി ഓഫ് ദി ഖത്തർ പവർ സിസ്റ്റം" എന്ന തലക്കെട്ടിൽ കഹ്‌റമ അവതരിപ്പിച്ച പഠനത്തിനാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം ലഭിച്ചത്. പുനരുപയോഗ ഊർജ്ജ ഉൽപ്പാദനം വർദ്ധിക്കുന്നത് ഖത്തറിന്റെ ഇലക്ട്രിക് ശൃംഖലയുടെ സ്ഥിരതയെയും വിശ്വസനീയതയെയും എങ്ങനെ ബാധിക്കുന്നുവെന്നും, ഇവ കാര്യക്ഷമമായി പരിഹരിക്കാനുള്ള സാങ്കേതിക മാർഗ്ഗങ്ങളും പഠനം വിശദീകരിക്കുന്നു.പവർ സിസ്റ്റം ഓപ്പറേഷൻ, ശൃംഖലകളുടെ കാര്യക്ഷമത, പുനരുപയോഗ ഊർജ്ജ സംയോജനം, വിതരണ ശൃംഖലകളുടെ തത്സമയ നിരീക്ഷണം തുടങ്ങി വിവിധ വിഷയങ്ങളിൽ അധിഷ്ഠിതമായ ഗവേഷണ പ്രബന്ധങ്ങൾ കഹ്‌റമ കോൺഫറൻസിൽ അവതരിപ്പിച്ചു.
ദേശീയ വിദഗ്ധരുടെ കഴിവുകൾ വളർത്തുന്നതിലും ഗവേഷണ-നവീകരണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലുമുള്ള കഹ്‌റമയുടെ പ്രതിബദ്ധതയാണ് ഈ പുരസ്കാരങ്ങൾ വ്യക്തമാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങളിൽ ഖത്തറിന്റെ പങ്കാളിത്തം ഉറപ്പുവരുത്താൻ ഇത്തരം നേട്ടങ്ങൾ കരുത്തേകും.










