
ദോഹ:ജലസംരക്ഷണവും സുസ്ഥിര വികസനവും ലക്ഷ്യമാക്കി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ കഹ്റാമ പുതിയ ജിസിസി സാങ്കേതിക ചട്ടങ്ങൾ ഖത്തറിൽ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി (QGOSM) സഹകരണത്തോടെയാണ് നടപടി.
പുതിയ ചട്ടങ്ങൾ പ്രകാരം 2026 ഫെബ്രുവരി 24 മുതൽ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന എല്ലാ ജലസംരക്ഷണ ഉപകരണങ്ങൾക്കും മാനദണ്ഡങ്ങൾ പാലിക്കുന്നത് നിർബന്ധമായിരിക്കും. ഇതുവഴി ഖത്തറിന്റെ ദേശീയ സുസ്ഥിരത ലക്ഷ്യങ്ങളുമായി ഒത്തുചേരുന്നതോടൊപ്പം ജലക്ഷമത വർധിപ്പിക്കാനും സാധിക്കും.
ഷവർ ഹെഡുകൾ, ഷവർ ഫോസറ്റുകൾ, പൊതു–സ്വകാര്യ ശൗചാലയങ്ങളിലെ ടാപ്പുകളും മിക്സറുകളും, വുസൂ ഏരിയകളിലെ ടാപ്പുകൾ, അടുക്കള ടാപ്പുകൾ, ബിഡെ ടാപ്പുകൾ, ഫ്ലോ റെഗുലേറ്ററുകൾ, സ്ക്വാറ്റ് ടോയ്ലറ്റ് ഫ്ലഷിംഗ് ടാങ്കുകൾ, സിംഗിൾ/ഡ്യുവൽ ഫ്ലഷ് ടോയ്ലറ്റുകൾ എന്നിവയെല്ലാം പുതിയ ചട്ടങ്ങളുടെ പരിധിയിൽ വരും.
ഈ ഉപകരണങ്ങളിൽ ജിസിസി ഗ്രീൻ ലേബൽ നിർബന്ധമാക്കും. ലേബലിൽ ജല ഉപഭോഗ നിരക്ക് (ലിറ്റർ/മിനിറ്റ് അല്ലെങ്കിൽ ഫ്ലഷ്), ഇലക്ട്രോണിക് പരിശോധനയ്ക്ക് സഹായിക്കുന്ന ജിസിസി കോൺഫോർമിറ്റി മാർക്ക് (GCTS കോഡ്), കൂടാതെ ജലക്ഷമത സൂചിപ്പിക്കുന്ന 4 അല്ലെങ്കിൽ 5 സ്റ്റാർ റേറ്റിംഗ് എന്നിവ വ്യക്തമാക്കിയിരിക്കും. ഇതിലൂടെ ഉപഭോക്താക്കൾക്ക് കാര്യക്ഷമമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ സഹായം ലഭിക്കും.
ഉൽപ്പാദകർ ISO/IEC 17067 മാനദണ്ഡപ്രകാരം അംഗീകൃത മൂന്നാംകക്ഷിയിലൂടെ കോൺഫോർമിറ്റി അസസ്മെന്റ് നടപടികൾ പൂർത്തിയാക്കണം. മൂന്ന് വർഷത്തിലൊരിക്കൽ ഈ നടപടികൾ ആവർത്തിക്കണമെന്നും ചട്ടത്തിൽ വ്യക്തമാക്കുന്നു. ഉൽപ്പന്നങ്ങളുടെ അനുസരണ ബാധ്യത നിർമ്മാതാക്കൾക്കാണെന്നും ഇറക്കുമതിക്കാർക്ക് അല്ലെന്നും കഹ്റാമ അറിയിച്ചു.
കഹ്റാമയുടെ ‘തർഷീദ്’ (Tarsheed) ദേശീയ ജല–ഊർജ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണക്കാർക്കായി ബോധവത്കരണ ക്യാമ്പെയ്‌നുകളും സംഘടിപ്പിക്കും. പുതിയ ചട്ടങ്ങളുടെ വിശദീകരണത്തിനും സംശയനിവാരണത്തിനുമായി 2025 ഡിസംബർ 16-ന് സമഗ്ര വർക്ക്‌ഷോപ്പും നടത്തുമെന്ന് അധികൃതർ അറിയിച്ചു.
2012-ൽ ആരംഭിച്ച തർഷീദ് പദ്ധതി ഖത്തറിൽ ജലവും വൈദ്യുതിയും കാര്യക്ഷമമായി ഉപയോഗിക്കുന്നതിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും, ഭാവി തലമുറകൾക്കായി ദേശീയ വിഭവങ്ങൾ സംരക്ഷിക്കുന്നതിൽ കഹ്റാമയുടെ ശ്രമങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.










