08:00pm 07 November 2026
NEWS
നിർമ്മാണ മേഖലയ്ക്കായി അഡ്വാൻസ്ഡ് വാട്ടർ കണക്ഷൻ സേവനവുമായി കഹ്റാമ
09/09/2026  02:05 PM IST
nila
നിർമ്മാണ മേഖലയ്ക്കായി അഡ്വാൻസ്ഡ് വാട്ടർ കണക്ഷൻ സേവനവുമായി കഹ്റാമ

ദോഹ: നിർമ്മാണ മേഖലയ്ക്ക് തടസ്സമില്ലാതെ ജലലഭ്യത ഉറപ്പാക്കുന്ന 'അഡ്വാൻസ്ഡ് വാട്ടർ കണക്ഷൻ' സേവനത്തെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ). നിർമ്മാണ ഘട്ടത്തിലുള്ള സൈറ്റുകൾ, തൊഴിലാളികളുടെ താൽക്കാലിക താമസകേന്ദ്രങ്ങൾ, പ്രീഫാബ്രിക്കേറ്റഡ് കെട്ടിടങ്ങൾ എന്നിവയിലേക്ക് വാട്ടർ ടാങ്കറുകളെ ആശ്രയിക്കാതെ നേരിട്ട് കുടിവെള്ളമെത്തിക്കുന്നതാണ് ഈ പദ്ധതി.
​ഉപഭോക്താക്കൾക്കും കോൺട്രാക്ടിംഗ് കമ്പനികൾക്കും ഉയർന്ന നിലവാരമുള്ള സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയാകുന്ന മുറയ്ക്ക് ഇതേ കണക്ഷൻ സ്ഥിരം വാട്ടർ കണക്ഷനായി മാറ്റാനും സൗകര്യമുണ്ട്.
നിർമ്മാണ സൈറ്റുകളിൽ 24 മണിക്കൂറും തടസ്സമില്ലാതെ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കും.വാട്ടർ ടാങ്കറുകളുടെ ഉപയോഗം കുറയുന്നതോടെ റസിഡൻഷ്യൽ മേഖലകളിലെയും നിർമ്മാണ സൈറ്റുകളിലെയും ഗതാഗതക്കുരുക്കും ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരവും കുറയും.ടാങ്കറുകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കുറയ്ക്കാനും ഖത്തർ നാഷണൽ വിഷൻ 2030-ന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും ഇത് സഹായിക്കും.ദിവസേന ടാങ്കറുകൾ വിളിച്ചുവരുത്തുന്നതിനുള്ള ബുദ്ധിമുട്ടും അധികച്ചെലവും ഒഴിവാക്കാം.
​കെട്ടിട നിർമ്മാണ പെർമിറ്റുള്ള പദ്ധതികൾ, മുനിസിപ്പാലിറ്റിയുടെ എൻ.ഒ.സി (NOC) ഉള്ള താത്കാലിക നിർമ്മിതികൾ, തൊഴിലാളികളുടെ കാബിനുകൾ, താൽക്കാലിക പള്ളികൾ തുടങ്ങിയവയ്ക്ക് ഈ സേവനം ലഭ്യമാണ്.
​അർഹരായ വ്യക്തികൾക്കും കമ്പനികൾക്കും കഹ്റാമയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ 'ഇ-സർവീസസ്' (e-services) വഴിയായി അപേക്ഷിക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ കരാറുകാർ ആവശ്യമായ രേഖകൾ സഹിതം മുൻകൂട്ടി അപേക്ഷ സമർപ്പിക്കണമെന്ന് കഹ്റാമ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img