09:09pm 11 November 2026
NEWS
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഫോൺ റീസെറ്റ് ചെയ്തതായി ഫൊറൻസിക് പരിശോധനാ ഫലം; ജിതിൻ ഭാസ്കറുടെ മൊഴിയും നിർണായകം
20/06/2026  07:59 AM IST
nila
കാഫിർ സ്ക്രീൻഷോട്ട് കേസ്: ഫോൺ റീസെറ്റ് ചെയ്തതായി ഫൊറൻസിക് പരിശോധനാ ഫലം; ജിതിൻ ഭാസ്കറുടെ മൊഴിയും നിർണായകം

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ ഉപയോഗിച്ച മൊബൈൽ ഫോണിലെ വിവരങ്ങൾ മനഃപൂർവം മായ്ച്ചതായുള്ള സൂചനകൾ ശക്തമാകുന്നു. ജില്ലാ ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്തതായി വ്യക്തമായത്.

ചോദ്യം ചെയ്യലിനിടെ ഫോൺ റീസെറ്റ് ചെയ്ത് അതിലെ വിവരങ്ങൾ നീക്കം ചെയ്തതായി ജിതിൻ ഭാസ്കർ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായാണ് വിവരം. ഇതോടെ കേസിലെ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങൾ വീണ്ടെടുക്കാനാകുമോയെന്ന് പരിശോധിക്കുന്നതിനായി ഉപകരണം തിരുവനന്തപുരം ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും. ഇതിന് ആവശ്യമായ അനുമതി തേടി പ്രത്യേക അന്വേഷണസംഘം ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും.

കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. ഫോൺ പരിശോധിച്ചതിന് ശേഷമേ വിവരങ്ങൾ മായ്ച്ചതിന്റെ സാഹചര്യങ്ങളും ലക്ഷ്യവും സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ.

അതേസമയം, ജിതിൻ ഭാസ്കറുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഫോൺ റീസെറ്റ് ചെയ്തെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img