09:00pm 10 November 2026
NEWS
ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതി മിന്നൽ ഫൈസൽ കത്തിക്കരിഞ്ഞ നിലയിൽ
01/07/2026  02:41 PM IST
nila
ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതി മിന്നൽ ഫൈസൽ കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: ചിറയിൻകീഴിൽ കാപ്പാ കേസ് പ്രതിയായ യുവാവിന്റെ കത്തിക്കരിഞ്ഞ മൃതദേഹം ആളൊഴിഞ്ഞ സ്ഥലത്തെ കെട്ടിടത്തിനുള്ളിൽ കണ്ടെത്തി. മുട്ടപ്പലം പെരിങ്ങുമ്മൽ സ്വദേശിയായ പ്ലാവിള പുത്തൻവീട്ടിൽ മിന്നൽ ഫൈസൽ (25) ആണ് മരിച്ചത്. മൃതദേഹത്തിന് നാല് ദിവസത്തോളം പഴക്കമുണ്ടാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

പ്രദേശത്ത് അസഹ്യമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആളൊഴിഞ്ഞ പുരയിടത്തിലെ ചെറിയ കെട്ടിടത്തിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.

അടുത്തിടെയാണ് ഫൈസൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നത്. കാപ്പാ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലെ പ്രതിയായതിനാൽ കൊലപാതക സാധ്യത ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനകൾ പൂർത്തിയായ ശേഷമേ മരണകാരണം സംബന്ധിച്ച കൂടുതൽ വ്യക്തത ലഭിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

മംഗലപുരം ശാസ്തവട്ടത്തെ ഒരു വില്ലയിൽ അതിക്രമിച്ച് കയറി സ്വർണവും ലാപ്ടോപ്പും കവർന്ന കേസിൽ ഫൈസൽ ഈ വർഷം മാർച്ചിൽ അറസ്റ്റിലായിരുന്നു. മാർച്ച് ഒന്നിന് നടന്ന മോഷണത്തിൽ രണ്ട് ഗ്രാം സ്വർണനാണയവും ഒരു ലാപ്ടോപ്പുമാണ് നഷ്ടമായത്. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച വിരലടയാളങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇരുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഫൈസൽ, 2023-ൽ ചിറയിൻകീഴിൽ നടന്ന മറ്റൊരു മോഷണക്കേസിലും ഉൾപ്പെട്ടിരുന്നുവെന്ന് പോലീസ് അറിയിച്ചു. നിലവിലെ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img