04:45pm 13 November 2025
NEWS
കാണാത്തീരങ്ങളിലെ കാണാക്കാഴ്ചകളിലൂടെ..
28/05/2025  12:17 PM IST
ജി. കെ
കാണാത്തീരങ്ങളിലെ  കാണാക്കാഴ്ചകളിലൂടെ..
HIGHLIGHTS

റേഡിയോ..

കാഴ്ചകളില്ല..., ശബ്ദം കൊണ്ടുമാത്രം കാതുകൾക്ക് ഇമ്പമായി വന്ന മാധ്യമം. പാട്ടും കവിതയും നാടകവും സിനിമയും തുടങ്ങി വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ച് കേൾക്കുമ്പോൾ ശ്രോതാക്കൾക്ക് കിട്ടുന്ന ആനന്ദവും സംതൃപ്തിയും അനുഭവിക്കാത്ത മലയാളികൾ കുറവായിരിക്കും.

മിക്ക വീട്ടമ്മമാരുടേയും ഒരു കൂട്ടുകാരിയാണ് റേഡിയോ. ഇന്ന് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമായി, പുതുമയും വ്യത്യസ്തമായ പല പരിപാടികളും റേഡിയോനിലയം ശ്രോതാക്കൾക്കുവേണ്ടി സമ്മാനിക്കുന്നുണ്ട്.

ഇങ്ങനെ പതിവായി റേഡിയോ കേൾക്കുന്ന ഒരാളായിരുന്നു ശ്രീമതി ലത. ലതയുടെ അമ്മ പണ്ടുമുതലെ റേഡിയോയുടെ ഒരു വലിയ ആരാധികയായിരുന്നുവെന്ന് അങ്കമാലി സ്വദേശിയായ ലത പറയുന്നു. അതുകൊണ്ടുതന്നെ ലതയും ചെറുപ്പകാലം മുതൽ ആകാശവാണി കേൾക്കുന്ന ശീലമായി.

വിവാഹം വന്നുചേർന്നപ്പോൾ വരൻ റേഡിയോയിലെ ഉദ്യോഗസ്ഥൻ. റേഡിയോയിൽ ജോലിയുള്ള ഒരാൾ ജീവിതത്തിൽ കൂടെ വന്നപ്പോൾ ആ ഇഷ്ടം കൂടുകയായിരുന്നുവെന്ന് ലത പറയുന്നു.

എം.വി. ശശികുമാർ.

അതെ,

ഈ പേര് റേഡിയോ ശ്രോതാക്കൾക്ക് സുപരിചിതമായിരിക്കും. പൂന്തേനരുവി, സ്വപ്നജാലകം, ഓർമ്മച്ചെപ്പ്, ഗാനസല്ലാപം, ഞാൻ- എന്റെ പ്രിയഗാനങ്ങൾ, ഹലോ സന്ദേശഗാനം, ഇതാ ഒരു ചോദ്യം, റേഡിയോ സ്മരണകൾ... തുടങ്ങി വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുള്ള വ്യക്തിയാണ് എം.വി. ശശികുമാർ.

മറ്റ് ശ്രോതാക്കളെപ്പോലെ തന്നെ ലതയും ഈ പേര് ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. ഞായറാഴ്ചകളിൽ ശശി അവതരിപ്പിക്കുന്ന 'പൂന്തേനരുവി' എന്ന പരിപാടിയൊക്കെ സ്ഥിരമായി കേട്ടിരുന്നുവെന്ന് ലത പറയുന്നുണ്ട്. കൂടാതെ ശ്രോതാക്കൾക്ക് സ്വന്തം ശബ്ദത്തിൽ പാട്ടുപാടി ഇഷ്ടഗാനം ആവശ്യപ്പെടാവുന്ന 'യുവർ വോയ്‌സ്' പരിപാടിയിൽ ഞാനും പാട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഒരു ചിരിയോടെ ലത പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരത്തെ ബ്രാഞ്ച് ഓഫീസിലായിരുന്നു ലതയ്ക്ക് ജോലി. ഈയടുത്ത് കൊച്ചിയിലേക്ക് ട്രാൻസ്ഫർ വന്നതോടെ തലസ്ഥാനം വിട്ടു.

തിരുവനന്തപുരത്തായിരിക്കുമ്പോൾ ശശി അവതരിപ്പിച്ചിരുന്ന ഞാൻ എന്റെ  പ്രിയഗാനങ്ങൾ, ഹലോ സന്ദേശഗാനം തുടങ്ങിയ പരിപാടികൾ കേട്ടുകൊണ്ടായിരുന്നു ബാങ്കിലേയ്ക്ക് പൊയ്‌ക്കൊണ്ടിരുന്നതെന്ന് ലത ഓർമ്മിക്കുന്നു.

ഞാൻ കൊച്ചിയിലേക്ക് ട്രാൻസ്ഫറായപ്പോൾ കഴിഞ്ഞ ഒക്‌ടോബർ മുതൽ ശശിയും തിരുവനന്തപുരത്തുനിന്നും ആകാശവാണി കൊച്ചി എഫ്.എം.ലേയ്ക്ക് സ്ഥാനം മാറി. ഇപ്പോഴും തിരുവനന്തപുരത്തുള്ള ശ്രോതാക്കൾ ശശിയെ അന്വേഷിക്കാറുണ്ടെന്ന് അറിയുമ്പോൾ അഭിമാനവും സന്തോഷവും ഉണ്ടെന്ന് ലത കൂട്ടിച്ചേർത്തു.

ശശികുമാർ- ലത ദമ്പതികൾക്ക് ഏകമകൾ. പേര് അനഘ എസ്. മേനോൻ. അനഘ ഇപ്പോൾ ഖരക്പൂർ ഐ.ടി.ടിയിൽ എം.ബി.എയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നു.

അനഘയുടെ റേഡിയോ ആസ്വാദനത്തെക്കുറിച്ച് ചോദിക്കുമ്പോൾ ലത ഇങ്ങനെ പറഞ്ഞു.

'മോളും റേഡിയോ കേട്ടുതന്നെയാണ് വളർന്നത്. സ്‌ക്കൂളിൽ അന്താക്ഷരിമത്സരം നടക്കുമ്പോൾ ടീച്ചർമാർ പോലും മറന്നുപോയ പഴയ പാട്ടുകളെക്കുറിച്ച് മോൾ പറയുമ്പോൾ ഇതൊക്കെ അനഘയ്ക്ക് എങ്ങനെയറിയാമെന്ന് ചോദിക്കുമ്പോൾ മോൾ പറയുമായിരുന്നു, എന്റെ അച്ഛൻ ആൾ ഇന്ത്യാ റേഡിയോയിലാണ് ജോലി ചെയ്യുന്നതെന്ന്. ഇപ്പോൾ കൽക്കട്ടയിൽ പഠിക്കുന്നതിനാൽ മോൾ റേഡിയോ കേൾക്കാറില്ല. എങ്കിലും അച്ഛന്റെ എഫ്.ബി പോസ്റ്റ് കണ്ട് 'ന്യൂസ് ഓൺ എയർ' എന്ന മൊബൈൽ ആപ്പിലൂടെ ചില പരിപാടികൾ കേട്ടതായി പറയാറുണ്ട്. ഇപ്പോൾ ഞാനും കൊച്ചി എഫ്.എം പരിപാടികളാണ് കേൾക്കുന്നത്.

- ലതയുടെ വാക്കുകൾ.

എം.വി. ശശികുമാറിനോടായി ചോദിച്ചു.

താങ്കൾ ആകാശവാണിയിൽ ജോലിയിൽ പ്രവേശിക്കുന്നത് എന്നായിരുന്നു? അനുഭവങ്ങൾ?

1994 ൽ തിരുവനന്തപുരത്ത് ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്‌സിക്യുട്ടീവായി ഉദ്യോഗത്തിൽ കയറി. 25 വർഷത്തോളം തുടർച്ചയായി അവിടെ ജോലി ചെയ്തു. അതിനുശേഷം തൃശൂരിലേയ്ക്ക് ട്രാൻസ്ഫറായി. തൃശൂരിൽ രണ്ടുവർഷം ജോലി ചെയ്തതിനുശേഷം വീണ്ടും തിരുവനന്തപുരത്ത് വന്നു. അനന്തപുരി എഫ്.എം-ൽ ആയിരുന്നു ആദ്യം. പിന്നീട് റീജിയണൽ സ്റ്റേഷനിലേക്ക് വന്നു. അവിടുന്ന് ഇക്കഴിഞ്ഞ ഒക്‌ടോബറിലാണ് കൊച്ചിയിലേക്ക് വന്നത്.

അതെ. 2005 മെയ് ഒന്നിനായിരുന്നു 'പൂന്തേനരുവി' പ്രോഗ്രാം ആരംഭിക്കുന്നത്. അത് തത്സമയം അവതരിപ്പിക്കുന്ന പരിപാടിയായിരുന്നു. ശ്രോതാക്കളുമായുള്ള തത്സമയം ഉള്ള ആദ്യത്തെ പരിപാടി ഇതായിരുന്നു. മെയ് 1 ഒരു ഞായറാഴ്ചയായിരുന്നു. ഞാനാണ് അന്ന് ആദ്യമായി അത് അവതരിപ്പിച്ചത്. അപ്പോഴേക്കും പാട്ടുകളെല്ലാം കമ്പ്യൂട്ടറിൽ സ്റ്റോർ ചെയ്തിരുന്നു.

ഈയടുത്ത് പ്രത്യേകതയായി തോന്നിയ ഒരു പരിപാടിയാണ് ഇതാ ഒരു ചോദ്യം?

ശ്രോതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള തത്സമയ പരിപാടികൾ വേണമെന്നൊരു നിർദ്ദേശം വന്നിരുന്നു. ഗാനസല്ലാപം എന്നൊരു ഫോൺ ഇൻ പരിപാടിയുണ്ട്. അതുകൂടാതെ സോഷ്യൽ മീഡിയയും കൂടി ഉൾപ്പെടുത്തിക്കൊണ്ട് പുതുമയുള്ള ഒരു പ്രോഗ്രാം ചെയ്യാൻ കഴിയുമോയെന്ന് ചോദിച്ചിരുന്നു. വാട്ട്‌സ് ആപ്പ് ഉപയോഗിച്ചുകൊണ്ട് ഒരു ഗാനപരിപാടി. അപ്പോൾ ഒരുപാട് ശ്രോതാക്കൾക്ക് പങ്കെടുക്കാനും കഴിയും. സിനിമയും ചരിത്രവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള കുറെ ചോദ്യങ്ങൾ. അതിനുത്തരം നൽകുന്ന ആദ്യത്തെ അഞ്ചുപേർക്ക് സമ്മാനം. ഇതാ ഒരു ചോദ്യം എന്ന പ്രോഗ്രാം അങ്ങനെയാണ് തുടങ്ങുന്നത്. ഈ പേരിട്ടതും ആദ്യം ഇത് അവതരിപ്പിച്ചുതുടങ്ങിയതും ഞാൻ തന്നെയായിരുന്നു. അത് തുടങ്ങിയിട്ട് എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമുണ്ട്. അമേരിക്കയിൽ നിന്നുപോലും രാത്രി രണ്ടുമണിക്ക് അലാറം വച്ച് എഴുന്നേറ്റിട്ടാണ് ഞങ്ങൾ ഈ പ്രോഗ്രാം കേൾക്കുന്നതെന്ന് ചിലർ മെസേജ് അയച്ചിട്ടുണ്ട്.

തൽസമയ പരിപാടി ആയിരുന്നിട്ടും വളരെ വേഗത്തിലാണല്ലോ അവരുടെ ഇഷ്ടഗാനങ്ങൾ കൊടുക്കുന്നത്?

മലയാള സിനിമയിലെ ഒരുവിധമുള്ള എല്ലാ പാട്ടുകളും ഹാർഡ് ഡിസ്‌ക്കിൽ സ്റ്റോർ ചെയ്തിട്ടുണ്ട്. സിനിമയുടെ പേരോ പാട്ടോ പറഞ്ഞാൽ അത് സെർച്ച് ചെയ്യാൻ കഴിയും. ശ്രോതാവ് വിളിക്കുമ്പോൾ ആ കാൾ എടുക്കാനും പാട്ട് ചോദിച്ചിട്ട് പാട്ട് തിരയാനും അനൗൺസർക്കൊപ്പം ഒരാൾ കൂടെയുണ്ടാകും. കാൾ എടുക്കുമ്പോൾ തന്നെ പാട്ടും സിനിമയും ചോദിക്കുമല്ലോ. അത് പറഞ്ഞുകഴിയുമ്പോൾ കാൾ അനൗൺസർക്ക് ട്രാൻസ്ഫർ ചെയ്യും. അവരുമായി സംസാരിക്കുന്ന സമയം കൊണ്ട് പാട്ട് കൃത്യമായി തെരഞ്ഞെടുക്കും. ആങ്കറുമായി സംസാരിക്കുന്നതുമാത്രമേ തത്സമയം കേൾക്കാൻ കഴിയൂ.

സ്വപ്നജാലകം ശ്രദ്ധേയമായിരുന്നുവല്ലോ?

അതെ. മലയാളത്തിൽ സർഗ്ഗപ്രതിഭകൾ ഹൃദയവാതായനങ്ങൾ തുറക്കുന്നു എന്നുപറഞ്ഞുകൊണ്ടുള്ള പ്രോഗ്രാമായിരുന്നു അത്. യേശുദാസ്, എം.ജി. ശ്രീകുമാർ, ചിത്ര, സുജാത... തുടങ്ങിയ ഗായകരും പ്രമുഖ മ്യൂസിക് ഡയറക്‌ടേഴ്‌സ്, എഴുത്തുകാർ, ഉന്നത ഉദ്യോഗസ്ഥർ ഒക്കെ സ്വപ്നജാലകത്തിൽ പങ്കെടുത്തിട്ടുണ്ട്.

റേഡിയോ സ്റ്റേഷനിലെ വിശേഷപ്പെട്ട അനുഭവങ്ങൾ?

ആകാശവാണിയിൽ ജോലിയിൽ പ്രവേശിച്ചതിന് ശേഷം ഞാൻ കുറച്ചുകാലം ന്യൂസ് യൂണിറ്റിൽ പ്രവർത്തിച്ചിട്ടുണ്ട്. അന്നൊരിക്കൽ മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിനെ ഇന്റർവ്യൂ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനന്ന് ചെവി തീരെ കേൾക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ചോദ്യം എഴുതിക്കൊടുക്കും, അദ്ദേഹം മറുപടി പറയും. ആ അഭിമുഖം അവിസ്മരണീയമായി തോന്നിയിട്ടുണ്ട്.

95 ൽ എം.ടിക്ക് ജ്ഞാനപീഠം കിട്ടുന്നു. ആ വാർത്ത വന്നപ്പോൾ മുതൽ എം.ടിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. വൈകിട്ട് 6.15 നുള്ള പ്രാദേശിക വാർത്തയ്ക്ക് തൊട്ടുമുൻപ് എം.ടിയെ കിട്ടി. വാർത്തയ്‌ക്കൊപ്പം എം.ടിയുടെ ശബ്ദവും അന്ന് കേൾപ്പിക്കാൻ കഴിഞ്ഞു. അന്ന് അത് മന്ത്രി ജി. കാർത്തികേയൻ കേട്ടിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു.

റേഡിയോനിലയത്തിൽ ജോലി നേടിയതിനെക്കുറിച്ച്?

പാലക്കാട് ഗവൺമെന്റ് വിക്‌ടോറിയ കോളേജിലായിരുന്നു എന്റെ രണ്ടുവർഷം സീനിയറായി പഠിച്ച ഒരു എം. ബാലകൃഷ്ണൻ. ഞാൻ ബി.എസ്.സി പഠനത്തിനുശേഷം പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദവും എം.എഫിലും നേടിയിട്ടുണ്ട്. അതിനുശേഷം ഒരു ജോലിക്കുവേണ്ടി ശ്രമിക്കുമ്പോൾ മൂന്നിടത്തുനിന്നും എനിക്ക് ജോലിക്ക് ഓഫർ വന്നു. അതിലൊന്ന് ആകാശവാണിയായിരുന്നു. ഏത് തെരഞ്ഞടുക്കണമെന്ന് ആശങ്കയുണ്ടായപ്പോൾ ഞാൻ ഈ ബാലകൃഷ്ണനോടാണ് അഭിപ്രായം ചോദിച്ചത്. അദ്ദേഹം അന്ന് ആകാശവാണിയിൽ ജോലി ചെയ്യുന്നുമുണ്ട്. കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ കോളേജ് മാഗസിനിൽ കഥകളൊക്കെ എഴുതുമായിരുന്നു. അതെല്ലാം അദ്ദേഹത്തിനറിയാമായിരുന്നതുകൊണ്ട് എഴുത്തും വായനയും ഒക്കെയുള്ള ആളെന്ന നിലയിൽ ആകാശവാണി തന്നെയാണ് എനിക്ക് അനുയോജ്യമായ ജോലിയെന്ന് അദ്ദേഹം പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അദ്ദേഹമായിരുന്നു എന്റെ മാർഗ്ഗദർശി. കഴിഞ്ഞ ഡിസംബറിൽ 53-ാമത്തെ വയസ്സിൽ അദ്ദേഹം ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചു. മരിക്കുമ്പോൾ അദ്ദേഹം ആകാശവാണിയുടെ തൃശൂർ നിലയം മേധാവിയായിരുന്നു.

ശ്രോതാക്കളുടെ വർത്തമാനങ്ങൾ കേട്ടിട്ട് ഗദ്ഗദപ്പെടുകയോ, എന്ത് മറുപടി പറയണം എന്നറിയാത്ത ഒരവസ്ഥ വന്നുചേരുകയോ ചെയ്തിട്ടുള്ള ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഉണ്ട്. ഈയടുത്തുതന്നെ കൊച്ചി സ്റ്റേഷനിൽ ഞാൻ 'വെള്ളിത്തിര' എന്ന പ്രോഗ്രാം ചെയ്യുമ്പോൾ ഒരാൾ വിളിച്ചു. സംസാരത്തിനൊടുവിൽ എനിക്ക് ബ്ലഡ് കാൻസറാണെന്ന് പറഞ്ഞതുകേട്ടപ്പോൾ എന്ത് മറുപടി പറയണമെന്നറിയാതെ ഒരുനിമിഷം ആലോചനയിലാണ്ടുപോയി. എന്തായാലും ഇപ്പോൾ സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുണ്ടല്ലോ. അടുത്തതവണ വിളിക്കുമ്പോൾ താങ്കളുടെ അസുഖം ഭേദമാകട്ടെയെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. അതുപോലെ തന്നെ മറ്റൊരാൾ തിരുവനന്തപുരത്തുണ്ടായിരിക്കുമ്പോൾ ഫോണിൽ വിളിച്ച് എന്റെ അച്ഛൻ മരിച്ചുവെന്ന് പറഞ്ഞ് കരഞ്ഞിട്ടുണ്ട്. അച്ഛൻ മരിച്ച വിവരം പറഞ്ഞ് കരയരുതെന്നും നിങ്ങൾ എപ്പോഴും സന്തോഷത്തോടെ ഇരിക്കുന്നത് കാണാനുമാണ് നിങ്ങളുടെ അച്ഛന്റെ ആത്മാവ് ആഗ്രഹിക്കുന്നതെന്നും ഞാൻ പറഞ്ഞു. അതുകേട്ടപ്പോൾ അയാൾക്ക് സമാധാനമായി എന്നു തോന്നുന്നു. ഇങ്ങനെയുള്ള ചില സന്ദർഭങ്ങളിൽ എന്താ പറയേണ്ടതെന്ന് ആലോചിച്ചുപോകും.

ശബ്ദപരിചയത്തിലൂടെ ആളുകൾ തിരിച്ചറിഞ്ഞിട്ടുള്ള അനുഭവങ്ങൾ?

എന്റെ ശബ്ദം ആളുകൾ തിരിച്ചറിഞ്ഞിട്ടുള്ള ധാരാളം അനുഭവങ്ങളുണ്ട്. ഒരു സന്ദർഭം പറയാം. തമിഴിലും മലയാളത്തിലും എഴുതുന്ന നീലപത്മനാഭൻ എന്നൊരു പ്രതിഭ തിരുവനന്തപുരത്തുണ്ട്. ഒരിക്കൽ ഒരഭിമുഖത്തിനുവേണ്ടി തിരുവനന്തപുരത്ത് സ്റ്റുഡിയോയിൽ വന്നിരുന്നു. അദ്ദേഹത്തിനോട് ഇരിക്കാൻ പറഞ്ഞിട്ട് ഞാൻ തിരിഞ്ഞു. അപ്പോൾ അദ്ദേഹം എന്നെ അറിയാമോന്ന് എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു എനിക്ക് സാറിനെ അറിയാമെന്നും സാറിന്റെ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ടെന്നും പറഞ്ഞപ്പോൾ പെട്ടെന്ന് എന്നോട് അടുത്ത ചോദ്യം, ശശികുമാർ അല്ലേയെന്ന്. എന്നെ എങ്ങനെയാണ് സാറിനറിയാവുന്നതെന്ന് തിരിച്ചുചോദിച്ചപ്പോൾ ഞാൻ റേഡിയോ സ്ഥിരമായി കേൾക്കുന്നുണ്ടെന്നും ഞാൻ ചെയ്യുന്ന സ്വപ്നജാലകം എന്ന പരിപാടി രാവിലെ എട്ടരയ്ക്ക് കേട്ടിട്ടാണ് ബ്രേക്ക് ഫാസ്റ്റ് കഴിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.

പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ?

ഒത്തുതീർപ്പുകൾ, പ്രണയസമസ്യകൾ, അഴിയാക്കുരുക്കുകൾ എന്നീ കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിന്റെ പാട്ടുകാർ, സ്വപ്നജാലകം തുറക്കുമ്പോൾ എന്നീ അഭിമുഖസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാധ്യമ അനുഭവക്കുറിപ്പ് താരാപഥങ്ങൾക്കൊപ്പം എന്ന പേരിൽ പുസ്തകമായിട്ടുണ്ട്.

അംഗീകാരങ്ങളെക്കുറിച്ച്?

മികച്ച റേഡിയോ പരിപാടിക്കുള്ള ദേശീയ അവാർഡ് നാലുതവണ നേടിയിട്ടുണ്ട്. ഒരു അവാർഡ് മുൻ പ്രധാനമന്ത്രി വാജ്‌പേയിൽ നിന്നുമാണ് വാങ്ങിയത്.

പൊതുവേ റേഡിയോ പ്രക്ഷേപണത്തെക്കുറിച്ച് എന്താണ് താങ്കൾക്ക് പറയാനുള്ളത്?

റേഡിയോ പ്രക്ഷേപണം എന്നുപറഞ്ഞാൽ പലരും പല സ്ഥലങ്ങളിൽ ഇരിക്കുന്നു. പലതരത്തിലുള്ളവർ ആയിരിക്കാം. ഇവരെയെല്ലാം കാണാത്ത ഒരു ചരടുകൊണ്ട് ബന്ധിക്കുകയാണ് പ്രക്ഷേപണം. അങ്ങനെ പ്രക്ഷേപണം കൊണ്ടുപോകാൻ കഴിയുന്നതാണ് നമ്മുടെ വിജയം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.