
കൊച്ചി: ധനകാര്യ വിദഗ്‌ദ്ധനും കൊച്ചിയിലെ സെന്റർ ഫോർ സോഷ്യോ എക്കണോമിക് ആന്റ് എൻവയോൺമെന്റൽ സ്‌റ്റഡീസിന്റെ സ്ഥാപക-സെക്രട്ടറിയും സീനിയർ ഫെല്ലോയും ആയ പനിച്ചയം കോളശ്ശേരി വീട്ടിൽ കെ കെ കൃഷ്‌ണകുമാർ (56) അന്തരിച്ചു.
ഭാര്യ ജീജ മലയാറ്റൂർ മാണിയാലിൽ കുടുംബാംഗം(അദ്ധ്യാപിക, ഗവ: ഹയർ സെക്കന്ററി സ്കൂൾ, എടത്തല). മക്കൾ. മീനാക്ഷി( വിദ്യാർത്ഥി,സെൻട്രൽ യൂണീവേഴ്സിറ്റി, കാസർകോഡ്), കമൽ കൃഷ്ണ( വിദ്യാർത്ഥി,ആദിശങ്കര എൻജിനിയറിംഗ് കോളേജ്, കാലടി) സംസ്‌ക്കാരം വീട്ടുവളപ്പിൽ 5.30ന്.
പൊതുധനകാര്യം, അധികാര വികേന്ദ്രീകരണം, ഭരണനിർവ്വഹണം തുടങ്ങിയ മേഖലകളിൽ മുപ്പത് വർഷമായി പ്രവർത്തിക്കുന്ന കൃഷ്‌ണകുമാർ ഒട്ടേറെ ഗവേഷണപദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കൊച്ചി സർവ്വകലാശാല സിണ്ടിക്കേറ്റ് അംഗമായും, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് രൂപീകരിച്ച റിസോഴ്സസ് ആൻഡ് പ്ലാൻ ഇംപ്ലിമെന്റേഷൻ വിദഗ്ധ സമിതിയിലെ അംഗമായും പ്രവർത്തിച്ചു.
കേരളത്തിലും ലക്ഷദ്വീപിലും നടത്തിയ DLHS-RCH സർവേകൾ, ഗ്ലോബൽ അഡൾട്ട് ടൊബാക്കോ സർവേ, കേരളത്തിലെ ഇന്ത്യ ഹ്യൂമൻ ഡെവലപ്മെന്റ് സർവേ, ലക്ഷദ്വീപിലെ കവറത്തി ദ്വീപിൽ -കാലാവസ്ഥാ വ്യതിയാന അനുയോജ്യ പദ്ധതിയുടെ ഭാഗമായി നടന്ന സർവ്വേ, കേരള ലോക്കൽ ഗവണ്മെന്റ് സർവീസ് ഡെലിവറി പ്രോജക്റ്റ് തുടങ്ങി ഒട്ടേറെ സർവേകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിനായി നടത്തിയ സമഗ്ര ശിക്ഷ പദ്ധതിയിലെ ഫണ്ട് വിനിയോഗം, വിതരണം, ഉപയോഗം സംബന്ധിച്ച പഠനം, കേരളത്തിലെ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾ കുട്ടികൾക്കായി വിനിയോഗിക്കുന്ന പ്ലാൻ ഫണ്ടുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള പഠനം തടങ്ങിയവയിലും നേതൃത്വപരമായ പങ്ക് വഹിച്ചു.
സിഎസ്‌ഇഎസ് ചെയർമാനും പ്രശസ്‌ത ധനകാര്യവിദഗ്‌ദ്ധനുമായിരുന്ന അന്തരിച്ച ഡോ. കെ കെ ജോർജിനൊപ്പം ചേർന്ന് നിരവധി ലേഖനങ്ങളും ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.











